Kerala News
കേരളത്തില്‍ ജനിച്ച പാകിസ്ഥാന്‍ പൗരത്വമുള്ള കൊയിലാണ്ടി സ്വദേശി ഹംസക്ക് രാജ്യം വിടാന്‍ നോട്ടീസ്; നിയമപരമായി മുന്നോട്ട് പോവുമെന്നും മുഖ്യമന്ത്രിയെ സമീപിക്കുമെന്നും കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 26, 12:24 pm
Saturday, 26th April 2025, 5:54 pm

കോഴിക്കോട്: പാക് പൗരന്മാര്‍ രാജ്യം വിടണമെന്ന് ഔദ്യോഗിക മുന്നറിയിപ്പിന് പിന്നാലെ കോഴിക്കോട് താമസിക്കുന്ന മൂന്ന് പേര്‍ക്ക് രാജ്യം വിടാന്‍ നോട്ടീസ്. രാജ്യം വിടാനുള്ള കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് കോഴിക്കോട് സ്വദേശികള്‍ക്ക് നോട്ടീസ് ലഭിച്ചത്.

കൊയിലാണ്ടി സ്വദേശി ഹംസ, വടകര സ്വദേശികളായ മറ്റ് രണ്ട് പേര്‍ക്കുമാണ് 27നകം രാജ്യം വിടണമെന്ന നോട്ടീസ് ലഭിച്ചിരിക്കുന്നത്. മതിയായ രേഖകളില്ലാതെയാണ് ഇന്ത്യയില്‍ താമസിക്കുന്നതെന്ന് ബോധ്യപ്പെട്ടതിനാല്‍ ഇന്ത്യ വിട്ടുപോകണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. പോയില്ലെങ്കില്‍ ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പുണ്ട്.

കാലാവധി നാളെ കഴിയാനിരിക്കെ നിയമപരമായി മുന്നോട്ട് പോവാനാണ് തീരുമാനമെന്ന് നോട്ടീസ് ലഭിച്ച കൊയിലാണ്ടി സ്വദേശി ഹംസയുടെ കുടുംബം ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ഹൈക്കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രിക്ക് രേഖകള്‍വെച്ച് നിവേദനമയക്കുമെന്നും കുടുംബം പറഞ്ഞു.

നിലവില്‍ ഹംസയുടെ കൈയില്‍ ഒരു രാജ്യത്തിന്റെയും പാസ്‌പോര്‍ട്ടില്ലെന്നും ഉണ്ടായിരുന്ന പാകിസ്ഥാന്‍ പാസ്‌പോര്‍ട്ട് പൊലീസ് കൊണ്ടുപോയെന്നും കുടുംബം വ്യക്തമാക്കി. നിലവില്‍ പാകിസ്ഥാനിലേക്ക് പോവാന്‍ പാസ്‌പോര്‍ട്ടോ അവിടെ ബന്ധപ്പെട്ടവരോ ഇല്ലെന്നും കുടുംബം പറയുന്നു.

കേരളത്തില്‍ ജനിച്ച വ്യക്തിയാണ് താനെന്നും എന്നാല്‍ ജോലി ആവശ്യത്തിന് പാകിസ്ഥാനിലേക്ക് പോവുകയായിരുന്നുവെന്നും പിന്നീട് ബംഗ്ലാദേശ് വിഭജനത്തിന് ശേഷമാണ് പാക് പാസ്‌പോര്‍ട്ടെടുത്തെന്നും ഹംസ പറയുന്നു.

പിന്നീട് അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യയിലേക്ക് വന്നിരുന്നുവെന്നും ഔദ്യോഗികമായി കാലങ്ങളായി ഇന്ത്യന്‍ പൗരത്വത്തിന് വേണ്ടി അപേക്ഷിച്ചിരുന്നുവെന്നും എന്നാല്‍ താത്ക്കാലിക വിസയിലാണ് നിലവില്‍ കഴിയുന്നതെന്നും കുടുംബം പറഞ്ഞു.

2007ല്‍ വന്നത് മുതല്‍ തന്നെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് വേണ്ടി നിരവധി തവണ അപേക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ നിലവില്‍ രേഖകളൊന്നും കിട്ടിയിട്ടില്ലെന്നും കുടുംബം പറഞ്ഞു.

77 വയസ് പ്രായമുള്ള ഹംസ നിലവില്‍ കൊയിലാണ്ടിയില്‍ തന്നെയാണ് താമസിക്കുന്നത്. ഹാര്‍ട്ട് പേഷ്യന്റും വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളും നേരിടുന്നുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

Content Highlight: Notice to leave the country issued to Hamza, a native of Koyilandy who is a Pakistani citizen born in Kerala