17 വര്‍ഷത്തിന് ശേഷം ആര്‍.സി.ബി, 15 വര്‍ഷത്തിന് ശേഷം ദല്‍ഹി ക്യാപ്പിറ്റല്‍സ്, ചരിത്രത്തിലാദ്യം സണ്‍റൈസേഴ്‌സ്; ധോണി ഈ ഐ.പി.എല്‍ മറക്കില്ല
IPL
17 വര്‍ഷത്തിന് ശേഷം ആര്‍.സി.ബി, 15 വര്‍ഷത്തിന് ശേഷം ദല്‍ഹി ക്യാപ്പിറ്റല്‍സ്, ചരിത്രത്തിലാദ്യം സണ്‍റൈസേഴ്‌സ്; ധോണി ഈ ഐ.പി.എല്‍ മറക്കില്ല
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 26, 01:37 pm
Saturday, 26th April 2025, 7:07 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ പരാജയപ്പെടുത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയിരുന്നു.

ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഓറഞ്ച് ആര്‍മിയുടെ വിജയം. സൂപ്പര്‍ കിങ്സ് ഉയര്‍ത്തിയ 154 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.

ചരിത്രത്തിലാദ്യമായാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ചെന്നൈയിലെത്തി പരാജയപ്പെടുത്തുന്നത്. ഇതിന് മുമ്പ് ചെപ്പോക്കില്‍ ഏറ്റുമുട്ടിയ അഞ്ച് മത്സരത്തിലും സൂപ്പര്‍ കിങ്‌സാണ് വിജയം സ്വന്തമാക്കിയത്.

ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് നൂറ് ശതമാനം വിജയമുള്ള രണ്ട് എതിരാളില്‍ ഒരാളായിരുന്നു സണ്‍റൈസേഴ്‌സ്. ഈ റെക്കോഡും ഇതോടെ തകര്‍ന്നു. ചെപ്പോക്കില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മാത്രമാണ് നിലവില്‍ സൂപ്പര്‍ കിങ്‌സിന് നൂറ് ശതമാനം വിജയമുള്ളത്. ചെപ്പോക്കിലെത്തി കളിച്ച രണ്ട് മത്സരത്തില്‍ രണ്ടിലും ടൈറ്റന്‍സിനെ സൂപ്പര്‍ കിങ്‌സ് പരാജയപ്പെടുത്തിയിരുന്നു.

തങ്ങളുടെ കോട്ടയായ ചെപ്പോക് സ്‌റ്റേഡിയത്തിലെ ഓരോ ആണിക്കല്ലുകളും ഇളകിപ്പോകുന്നത് കണ്ടുനില്‍ക്കാന്‍ മാത്രമാണ് സൂപ്പര്‍ കിങ്‌സിന് സാധിക്കുന്നത്. ചെപ്പോക്കില്‍ തോല്‍വിയുടെ ഗംഭീര നേട്ടങ്ങളുണ്ടായിരുന്ന രണ്ട് ടീമുകള്‍ ഇത്തവണ ആ അപമാന ഭാരം കഴുകിക്കളഞ്ഞിരുന്നു. വര്‍ഷങ്ങളേറെയായി നീണ്ട ലൂസിങ് സ്ട്രീക്കിന് കൂടിയാണ് ഇരുവരും അന്ത്യമിട്ടത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ചെപ്പോക്കില്‍ തങ്ങള്‍ക്കെതിരെയുള്ള സൂപ്പര്‍ കിങ്‌സിന്റെ തേര്‍വാഴ്ച അവസാനിപ്പിച്ച് ആദ്യ പ്രഹരം സമ്മാനിച്ചത്. മാര്‍ച്ച് 28ന് നടന്ന മത്സരത്തില്‍ 50 റണ്‍സിന്റെ വിജയമാണ് ആര്‍.സി.ബി സ്വന്തമാക്കിയത്.

 

നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബെംഗളൂരു ചെപ്പോക്കിലെത്തി സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തുന്നത്. ഐ.പി.എല്ലിന്റെ ആദ്യ സീസണായ 2008ലാണ് ബെംഗളൂരു ഇതിന് മുമ്പ് സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയത്. ശേഷം കളിച്ച ഏഴ് മത്സരത്തിലും ഹോം ടീം തന്നെയാണ് ജയം സ്വന്തമാക്കിയത്.

ദല്‍ഹി ക്യാപ്പിറ്റല്‍സും ചെപ്പോക്കില്‍ പരാജയപ്പെടുന്ന തങ്ങളുടെ പതിവ് തിരുത്തിക്കുറിച്ചു. 2010ന് ശേഷം ആദ്യമായി അക്‌സര്‍ പട്ടേലും സംഘവും ചെപ്പോക് കീഴടക്കി. 5,468 ദിവസങ്ങള്‍ക്ക് ശേഷമാണ് ക്യാപ്പിറ്റല്‍സ് ചെപ്പോക്കില്‍ മറ്റൊരു ജയം സ്വന്തമാക്കിയത്.

 

അതേസമയം, നിലവില്‍ കളിച്ച ഒമ്പത് മത്സരത്തില്‍ ഏഴിലും പരാജയപ്പെട്ട് നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് സി.എസ്.കെ. ഏപ്രില്‍ 30നാണ് സൂപ്പര്‍ കിങ്സിന്റെ അടുത്ത മത്സരം. സ്വന്തം തട്ടകത്തില്‍ പഞ്ചാബ് കിങ്സിനെയാണ് സൂപ്പര്‍ കിങ്സിന് നേരിടാനുള്ളത്.

 

 

Content Highlight: IPL 2025: Royal Challengers Bangalore, Delhi Capitals, Sunrisers Hyderabad win in Chennai for the first time in years