സീസണിലെ ഏഴാം മത്സരത്തിലും പരാജയപ്പെട്ട ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കിരീട മോഹങ്ങള്‍ ഏതാണ്ട് അവസാനിച്ച മട്ടാണ്. എന്നാല്‍ ലീഗ് ഘട്ടത്തില്‍ ഇനിയും അഞ്ച് മത്സരങ്ങള്‍ ബാക്കിയുണ്ട് എന്നതിനാല്‍ തന്നെ ഒന്നും മുന്‍കൂട്ടി പ്രവചിക്കാനും സാധിക്കില്ല.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈാദരാബാദിനെതിരെ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ പരാജയമാണ് സൂപ്പര്‍ കിങ്‌സ് ഏറ്റുവാങ്ങിയത്. ചരിത്രത്തിലാദ്യമായാണ് സണ്‍റൈസേഴ്‌സ് ചെപ്പോക്കില്‍ വിജയം സ്വന്തമാക്കുന്നത്.
A message to the superfans : You mean everything to us! 🙏💛#AllYouNeedIsYellove 💛 pic.twitter.com/0k4DzAzMfF
— Chennai Super Kings (@ChennaiIPL) April 26, 2025
ഈ തോല്‍വിക്ക് പിന്നാലെ സൂപ്പര്‍ കിങ്‌സിനെ വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സ് ലെജന്‍ഡുമായ സുരേഷ് റെയ്‌ന. മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കളിച്ചിരുന്ന താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുമായിരുന്നു എന്നും എന്നാല്‍ നിലവില്‍ ടീമിലെ താരങ്ങള്‍ക്ക് ദേശീയ ടീമിലെത്താനുള്ള ക്വാളിറ്റിയില്ലെന്നും റെയ്‌ന വിമര്‍ശിച്ചു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങള്‍ നിലവില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നില്ല, ക്വാളിറ്റി ഇല്ലാത്തതുതന്നെയാണ് ഇതിന് കാരണം. നേരത്തെ, ഏതെങ്കിലും താരം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്നെങ്കില്‍ അവന്‍ നാഷണല്‍ ജേഴ്‌സി ധരിക്കും എന്ന കാര്യം ഉറപ്പായിരുന്നു. കാരണം ഓരോ താരങ്ങളും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയും ടീം പ്ലേ ഓഫ് കളിക്കുകയും ചെയ്തിരുന്നു,’ റെയ്‌ന പറഞ്ഞു.
മെഗാ താരലേലത്തില്‍ ടീം സ്വീകരിച്ച മോശം തീരുമാനങ്ങളെ കുറിച്ചും റെയ്‌ന സംസാരിച്ചു.
‘ഇഷാന്‍ കിഷനെയും റിഷബ് പന്തിനെയും ടീമിലെത്തിക്കാന്‍ ശ്രമിക്കാതിരുന്നതിനാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റേത് മോശം സ്ട്രാറ്റജിയായിരുന്നു. എം.എസ്. ധോണിക്ക് ശേഷം ആരായിരിക്കും സൂപ്പര്‍ കിങ്‌സിന്റെ വിക്കറ്റ് കീപ്പര്‍? ധോണിയുടെ സ്ഥാനമേറ്റെടുക്കാന്‍ പോന്ന ആരും നിലവില്‍ ടീമിനൊപ്പമില്ല.
ബാറ്റര്‍മാര്‍ ഒരുപാട് ഡോട്ട് ബോളുകള്‍ കളിക്കുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഈ സീസണില്‍ ഏറ്റവുമധികം ഡോട്ട് ബോളുകള്‍ കളിച്ച ടീം. ടോപ്പ് ഓര്‍ഡറില്‍ നിന്നും ഒരുതരത്തിലുള്ള സഹായവും ലഭിക്കാത്തതിനാല്‍ മിഡില്‍ ഓര്‍ഡറില്‍ ബാറ്റര്‍മാര്‍ക്ക് ഗെയിം കെട്ടിപ്പടുക്കാന്‍ സാധിക്കുന്നില്ല.
ഡെവോണ്‍ കോണ്‍വേ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. എന്നാല്‍ തന്റെ പിതാവിന്റെ വിയോഗത്താല്‍ അദ്ദേഹത്തിന് അദ്ദേഹത്തിന് ടീം വിടേണ്ടതായി വന്നു. രവീന്ദ്ര ജഡേജയും സാം കറനും മാറി മാറി നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങേണ്ടി വരുന്നത് ടീമിന്റെ പോരായ്മയെ കാണിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഒമ്പത് മത്സരത്തില്‍ നിന്നും രണ്ട് ജയവും ഏഴ് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് സൂപ്പര്‍ കിങ്‌സ്.
ഏപ്രില്‍ 30നാണ് സൂപ്പര്‍ കിങ്‌സിന്റെ അടുത്ത മത്സരം. സ്വന്തം തട്ടകത്തില്‍ പഞ്ചാബ് കിങ്‌സിനെയാണ് സൂപ്പര്‍ കിങ്‌സിന് നേരിടാനുള്ളത്.
Content Highlight: IPL 2025: After their continues failures Suresh Raina slams Chennai Super Kings