ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയിരുന്നു. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഓറഞ്ച് ആര്‍മിയുടെ വിജയം. സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 154 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.
ഇതാദ്യമായാണ് സണ്‍റൈസേഴ്‌സ് ചെപ്പോക്കിലെത്തി സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തുന്നത്. ഇതിന് മുമ്പ് കളിച്ച അഞ്ച് മത്സരത്തിലും സൂപ്പര്‍ കിങ്‌സ് ഓറഞ്ച് ആര്‍മിയെ പരാജയപ്പെടുത്തിയിരുന്നു.
Not stopping here 💪#PlayWithFire | #CSKvSRH | #TATAIPL2025 pic.twitter.com/YRYHmEB9hw
— SunRisers Hyderabad (@SunRisers) April 25, 2025
സൂപ്പര്‍ കിങ്‌സിനെതിരെ വിജയിച്ചെങ്കിലും ടീമിലെ പോരായ്മകളെ ചൂണ്ടിക്കാണിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. ബാറ്റിങ് യൂണിറ്റിന്റെ മോശം പ്രകടനമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
‘ഇഷാന്‍ കിഷനും അനികേത് വര്‍മയും ടീമിലെത്തിയതോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കഴിഞ്ഞ സീസണിനേക്കാള്‍ മെച്ചപ്പെട്ട ടീമായി മാറിയിട്ടുണ്ട്. അഭിഷേക് ശര്‍മയ്ക്കും ട്രാവിസ് ഹെഡിനും സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നില്ല. സൂപ്പര്‍ കിങ്‌സിനെതിരെ ഹെന്‌റിക് ക്ലാസനും തിളങ്ങാന്‍ സാധിച്ചില്ല,’ ചോപ്ര പറഞ്ഞു.
നിതീഷ് കുമാര്‍ റെഡ്ഡിയുടെ മോശം പ്രകടനത്തെ കുറിച്ചും ചോപ്ര സംസാരിച്ചു. റെഡ്ഡിയെ ബാറ്റിങ് ഓര്‍ഡറില്‍ ഡീമോട്ട് ചെയ്തത് താരത്തിന്റെ ആത്മവിശ്വാസം കുറച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘നിതീഷ് കുമാര്‍ റെഡ്ഡി ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ തകര്‍ത്തടിച്ചവനാണ്. എന്നാല്‍ ഈ സീസണില്‍ അവന് തിളങ്ങാന്‍ സാധിച്ചിട്ടില്ല. അവന്‍ ബാറ്റിങ് ഓര്‍ഡറില്‍ ഡീമോട്ട് ചെയ്യപ്പെട്ടു, അത് അവന്റെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു.
ഏഴാം നമ്പര്‍ അവന്റെ നാച്ചുറല്‍ ബാറ്റിങ് പൊസിഷനല്ല. ‘ഈ സീസണില്‍ ഞാന്‍ പന്തെറിയുന്നില്ല, ഇതിനൊപ്പം അവര്‍ എന്റെ ബാറ്റിങ് പൊസിഷനും എടുത്ത് കളഞ്ഞു’ എന്ന് അവന്‍ ചിന്തിക്കുന്നുണ്ടാകും. ചെന്നൈയ്‌ക്കെതിരെ വിജയിച്ചെങ്കിലും അവരുടെ പഴയ പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുകയാണ്,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചെന്നൈയ്‌ക്കെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ടീം എട്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. മെയ് രണ്ടിനാണ് ടീമിന്റെ അടുത്ത മത്സരം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സ് ആണ് എതിരാളികള്‍.
Content Highlight: IPL 2025: Akasha Chopra about Nitish Kumar Reddy and Sunrisers Hyderabad