തിയേറ്ററുകളില്‍ അതിഗംഭീര പ്രതികരണങ്ങളുമായി മുന്നേറുന്ന ചിത്രമാണ് തുടരും. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. ചിത്രത്തില്‍ എല്ലാവരും ഒരുപോലെ പ്രശംസിച്ച കഥാപാത്രമായിരുന്നു സി.ഐ. ജോര്‍ജ് മാത്തന്‍. നിരവധി പരസ്യ ചിത്രങ്ങളൊരുക്കിയ പ്രകാശ് വര്‍മയാണ് ജോര്‍ജ് മാത്തനായി വേഷമിട്ടത്.
ആദ്യമായി അഭിനയിക്കുന്നതിന്റെ യാതൊരു പതര്‍ച്ചയുമില്ലാതെയാണ് പ്രകാശ് തുടരും സിനിമയില്‍ അഭിനയിച്ചത്. മോഹന്‍ലാലിനൊപ്പം സ്‌കോര്‍ ചെയ്യാനും പ്രകാശിന് സാധിച്ചു. വോഡഫോണ്‍ സൂസൂ, ഹച്ച് ഡോഗ് എന്നീ ആശയങ്ങള്‍ കൊണ്ടുവന്നയാളാണ് പ്രകാശ് വര്‍മ. സിനിമയിലെത്തിയതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് പ്രകാശ് വര്‍മ.
ഡിഗ്രിക്ക് ശേഷം സിനിമാമോഹം കൂടിയെന്നും അഭിനയിക്കാന്‍ അവസരം ചോദിച്ച് പല സംവിധായകരെയും സമീപിച്ചിട്ടുണ്ടെന്നും പ്രകാശ് വര്‍മ പറഞ്ഞു. എന്നാല്‍ സിനിമയിലേക്ക് വിടാന്‍ വീട്ടുകാര്‍ക്ക് താത്പര്യമില്ലായിരുന്നെന്നും അതുകൊണ്ട് ഫാര്‍മസിസ്റ്റായി ജോലിക്ക് കയറിയെന്നും പ്രകാശ് വര്‍മ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സിനിമാമോഹം ഉപേക്ഷിച്ചില്ലെന്നും ലീവെടുത്ത് പല സംവിധായകരുടെയും അടുത്ത് പോയിട്ടുണ്ടെന്നും പ്രകാശ് പറഞ്ഞു.
സത്യന്‍ അന്തിക്കാട്, ഭരതന്‍, ലോഹിതദാസ് എന്നിവരുടെയടുത്ത് അവസരം ചോദിച്ചിട്ടുണ്ടെന്നും എന്നാല്‍ അതൊന്നും നടന്നില്ലായിരുന്നെന്നും പ്രകാശ് വര്‍മ കൂട്ടിച്ചേര്‍ത്തു. വിജി തമ്പിയുടെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സിനിമയില്‍ ഒരു സീന്‍ സംവിധാനം ചെയ്യാന്‍ അവസരം ലഭിച്ചിരുന്നെന്നും പ്രകാശ് വര്‍മ പറഞ്ഞു.
പിന്നീട് ജോലി രാജി വെച്ച് സിനിമക്ക് വേണ്ടി പൂര്‍ണമായി ഇറങ്ങിയെന്നും സിനിമയില്ലാത്ത ഗ്യാപ്പില്‍ പരസ്യങ്ങള്‍ സംവിധാനം ചെയ്യാന്‍ പലരുടെയും കൂടെ കൂടിയിരുന്നെന്നും പ്രകാശ് കൂട്ടിച്ചേര്‍ത്തു. പിന്നീട് പരസ്യമേഖലയില്‍ തന്നെ സ്ഥിരമായി നില്‍ക്കേണ്ടി വന്നെന്നും 25 വര്‍ഷമായി ഈ മേഖലയില്‍ തുടരുന്നുണ്ടെന്നും പ്രകാശ് പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു പ്രകാശ് വര്‍മ.
‘ഡിഗ്രി കഴിഞ്ഞപ്പോള്‍ സിനിമാ പ്രാന്ത് മൂത്ത് ഒരുപാട് അവസരങ്ങള്‍ അന്വേഷിച്ചു. പക്ഷേ, അതിനുള്ള വഴിയൊരുക്കാന്‍ വീട്ടുകാര്‍ക്ക് താത്പര്യമില്ലായിരുന്നു. വെറുതെയിരിക്കാന്‍ പറ്റാത്തതുകൊണ്ട് ഫാര്‍മസിസ്റ്റായി ജോലിക്ക് കയറി. അപ്പോഴും സിനിമാമോഹം വിട്ടിരുന്നില്ല. പല സംവിധായകരുടെയും അടുത്ത് ചാന്‍സ് ചോദിച്ച് ചെന്നിട്ടുണ്ട്. സത്യന്‍ അന്തിക്കാട്, ഭരതന്‍ ലോഹിതദാസ് എന്നിവരുടെയടുത്തൊക്കെ ചാന്‍സ് ചോദിച്ച് പോയിട്ടുണ്ട്. ലോഹിതദാസിന്റെയടുത്തൊക്കെ ഇടക്കിടക്ക് പോകാറുണ്ട്.
വിജി തമ്പിയുടെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്തപ്പോള്‍ ഒരു സീന്‍ സംവിധാനം ചെയ്യാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ആ സമയത്ത് ഞാന്‍ ജോലി രാജി വെച്ചു. പക്ഷേ, സിനിമകള്‍ കിട്ടാത്ത സമയത്ത് പരസ്യചിത്രങ്ങള്‍ക്ക് അസിസ്റ്റന്റ് ഡയറക്ടറായി പോകാറുണ്ടായിരുന്നു. അങ്ങനെ പരസ്യമേഖലയില്‍ സ്ഥിരമായി. 25 വര്‍ഷമായിട്ട് പരസ്യത്തിന്റെ ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്നു,’ പ്രകാശ് വര്‍മ പറയുന്നു.
Content Highlight: Prakash Varma saying he asked chance for act to directors Bharathan and Sathyan Anthikkad etc