World News
ട്രംപിന്റെ ഭീഷണിക്ക് വഴങ്ങാതെ ചൈന; അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് നാളെ മുതല്‍ 125% താരിഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 11, 10:28 am
Friday, 11th April 2025, 3:58 pm

ബെയ്ജിങ്: അമേരിക്കയിലെ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് വൈറ്റ് ഹൗസ് 145% തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുള്ള തീരുവയും വര്‍ധിപ്പിച്ച് ചൈനീസ് ഭരണകൂടം.

റോയിട്ടേഴ്‌സ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം 84%ല്‍ നിന്ന് 125% ആയാണ് അമേരിക്കന്‍ ഉത്പന്നങ്ങളുടെ തീരുവ ചൈന വര്‍ധിപ്പിച്ചത്. പുതിയ താരിഫ് നാളെ മുതല്‍ നിലവില്‍ വരും.

‘ചൈനയ്ക്ക് മേല്‍ അസാധാരണമായ ഉയര്‍ന്ന തീരുവ ചുമത്തുന്ന യു.എസ്, അന്താരാഷ്ട്ര വ്യാപാര നിയമങ്ങള്‍, സാമ്പത്തിക നിയമങ്ങള്‍ എന്നിവ ലംഘിക്കുകയാണ്,’ ചൈനീസ് ധനകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

ചൈനയുടെ അവകാശങ്ങളിലും താത്പര്യങ്ങളിലുമുള്ള യു.എസ് കടന്നുകയറ്റം തുടര്‍ന്നാല്‍ ചൈന ദൃഢനിശ്ചയത്തോടെ പ്രത്യാക്രമണം നടത്തുമെന്നും അവസാനം വരെ പോരാടുമെന്നും ചൈനീസ് വാണിജ്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.

അതേസമയം യു.എസ് ഉത്പന്നങ്ങള്‍ക്ക് ചൈന അധിക തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കയിലെ സ്‌റ്റോക്ക് എക്‌സചേഞ്ച് സൂചികകള്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി.

ട്രംപിന്റെ വ്യാപാരയുദ്ധത്തിന്റെ ഭാഗമായി യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 145% തീരുവ ചുമത്തിയതായി ഇന്നലെയാണ് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചത്. അതിന് മുമ്പ് 125% താരിഫ് ആയിരുന്നു ഉണ്ടായിരുന്നത്. ചൈനയില്‍ നിന്ന് മയക്കുമരുന്നായ ഫെന്റാനിലിന്‍ കടത്തുന്നതായി ആരോപിച്ചാണ് 20% അധിക താരിഫ് വൈറ്റ് ഹൗസ് ചുമത്തിയത്.

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനസമയത്ത് 34 % താരിഫ് ആയിരുന്നു ട്രംപ് ചൈനയ്ക്ക് ചുമത്തിയിരുന്നത്. എന്നാല്‍ അതിന്റെ കൂടെ മുമ്പ് രണ്ട് തവണയായി പ്രഖ്യാപിച്ച 10% കൂടി കൂട്ടി 54% ആയി. തുടര്‍ന്ന് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുള്ള താരിഫ് ചൈന വര്‍ധിപ്പിച്ചതോടെ പ്രകോപിതനായ ട്രംപ് വീണ്ടും 50% താരിഫ് കൂട്ടി അത് 104% ആക്കി ഉയര്‍ത്തി.

തുടര്‍ന്ന് ചൈനയും അവരുടെ താരിഫ് വര്‍ധിപ്പിച്ച് 84% ആക്കി. ഇതില്‍ പ്രകോപിതനായ ട്രംപ് ചൈനയ്ക്കുള്ള താരിഫ് 125 ആക്കിയെങ്കിലും വൈറ്റ് ഹൗസ് അത് 145% ആക്കി ഉയര്‍ത്തി. ഇതിന് മറുപടി ആയാണ് ഇന്ന് (വെള്ളിയാഴ്ച്ച) ചൈന യു.എസ് ഉത്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം 125% ആയി വര്‍ധിപ്പിച്ചത്.

മറ്റ് ലോകരാജ്യങ്ങള്‍ക്കുള്ള പകരച്ചുങ്കം നടപ്പിലാക്കുന്നതിന് മൂന്ന് മാസം സാവകാശം അനുവദിച്ച ട്രംപ് ചൈനയെ മാത്രമാണ് ഇളവില്‍ നിന്ന് ഒഴിവാക്കിയത്. എന്നാല്‍ ട്രംപിന് മുന്നില്‍ അടിയറവ് പറയില്ലെന്ന് തീരുമാനത്തോടെ വ്യാപാരയുദ്ധത്തില്‍ ട്രംപിനോട് പോരാടാന്‍ മറ്റ് രാജ്യങ്ങളെക്കൂടി കൂടെ കൂട്ടാനുള്ള ശ്രമത്തിലാണ് ചൈന.

ഇതിന്റെ ഭാഗമായി യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നുമായും ചൈന ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ ട്രംപിന്റെ ഈ അസമത്വത്തിനെതിരെ ലോക വ്യാപാര സംഘടനയേയും ചൈന സമീപിച്ചിരുന്നു.

Content Highlight: China refuses to yield to Trump’s threat; 125% tariff on imports of American products from tomorrow