Film News
ആചാരത്തിനും അധികാരത്തിനും വേണ്ടി ഏതറ്റം വരെയും പോകുന്ന കാരണവര്‍; സ്ഫടികം ജോര്‍ജിന്റെ വേറിട്ട ഭാവം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 02, 10:52 am
Wednesday, 2nd November 2022, 4:22 pm

Spoiler Alert

മന്ത്രവാദത്തിന്റെയും അമാനുഷിക ശക്തികളുടെയും ലോകത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന കുമാരി ഒക്ടോബര്‍ 28നാണ് റിലീസ് ചെയ്തത്. ഐശ്വര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ, സ്വാസിക, തന്‍വി റാം, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

ഇതിന് പുറമേ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രമായി സ്ഫടികം ജോര്‍ജ് എത്തിയിരുന്നു. ഇല്ലിമലക്കപ്പുറമുള്ള കാഞ്ഞിരങ്ങാട്ടെ പഴയ തറവാട്ടിലെ കാരണവരാണ് സ്ഫടികം ജോര്‍ജ് അവതരിപ്പിക്കുന്ന വല്യച്ചന്‍. അടിമുടി ദുരൂഹത നിറഞ്ഞ കഥാപാത്രമാണിത്. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ ഏതറ്റം വരെയും അദ്ദേഹം പോകും.

കൃഷിയും തറവാടും നോക്കുന്നതിനൊപ്പം വിഷവൈദ്യവും മന്ത്രവാദവും വല്യച്ചന്‍ ചെയ്യുന്നുണ്ട്. ജന്മിത്തവും ജാതി വ്യവസ്ഥയും നിലനില്‍ക്കുന്ന കാലത്താണ് കഥ നടക്കുന്നത്. അതിനാല്‍ തന്നെ ഏക്കറ് കണക്കിന് കൃഷി സ്വന്തമായിട്ടുള്ള ജന്മി കൂടിയാണ് അയാള്‍. നാട്ടുകാരെ തന്റെ മന്ത്രവാദം കൊണ്ട് ആപത്തില്‍ നിന്ന് രക്ഷിക്കുന്ന, അതിനായി ജീവന്‍ പോലുമെടുക്കുന്ന ആചാര സംരക്ഷകന്‍.

ഒരു കാലത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു സ്ഫടികം ജോര്‍ജ്. കുടുംബത്തിലെ കാരണവരായും വില്ലനായും അദ്ദേഹം സിനിമയില്‍ സജീവമായിരുന്നു. പിന്നീട് കോമഡി ട്രാക്കിലേക്കും സ്ഫടികം ജോര്‍ജ് ഒരു കൈ നോക്കിയിരുന്നു. ഹലോ, മായാവി എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ റോളുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സമീപകാലകാലത്ത് സ്ഫടികം ജോര്‍ജിന് ലഭിച്ച വ്യത്യസ്തമായ കഥാപാത്രം തന്നെയാണ് കുമാരിയിലെ വല്യച്ചന്‍. ഷോബി തിലകനാണ് സ്ഫടികം ജോര്‍ജിന് ചിത്രത്തില്‍ ശബ്ദം നല്‍കിയിരിക്കുന്നത്.

ചിത്രത്തിലെ മറ്റ് പ്രകടനങ്ങളില്‍ ശ്രദ്ധേയമായത് ഐശ്വര്യ ലക്ഷ്മിയുടേതും സുരഭി ലക്ഷ്മിയുടേതുമാണ്. അതേ സമയം ഷൈന്‍ ടോം ചാക്കോയുടെ കാസ്റ്റിങ്ങിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. ഷൈനിന്റെ അഭിനയത്തിലും ഡയലേഗ് ഡെലിവറിയിലും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

Content Highlight: write up about spadikam geroge’s vallyachan in kumari movie