Entertainment
എന്നെ അവര്‍ക്ക് മനസിലായില്ല; ഇത്രയും സീനിയറായ ആളോട് ഇങ്ങനെയാണോ പെരുമാറേണ്ടത് എന്ന് പറഞ്ഞ് മോഹന്‍ലാല്‍ ചൂടായി: പി. ചന്ദ്രകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 30, 07:50 am
Wednesday, 30th April 2025, 1:20 pm

ഒരുപിടി മികച്ച പുതിയ അഭിനേതാക്കളെയും ഒപ്പം പലരും മറന്നുപോയ ചില മുഖങ്ങളയും മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ചിത്രം കൂടിയാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും.

മലയാളത്തിലെ മുതിര്‍ന്ന സംവിധായകനായിരുന്ന പി. ചന്ദ്രകുമാര്‍ വളരെ ശക്തമായൊരു വേഷത്തില്‍ ചിത്രത്തില്‍ എത്തിയിട്ടുണ്ട്. മധു, പ്രേം നസീര്‍ തുടങ്ങി മലയാളത്തിലെ പഴയകാല നായകന്‍മാരെ വെച്ച് മികച്ച സിനിമകള്‍ സംവിധാനം ചെയ്ത ചന്ദ്രകുമാറിന്റെ ആക്ടറായുള്ള മലയാള സിനിമയിലേക്കുള്ള എന്‍ട്രി കൂടിയാണ് തുടരും.

സിനിമയില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ സെറ്റില് പല ആളുകള്‍ക്കും തന്നെ മനസിലാകാതെ വന്ന അനുഭവം പങ്കുവെക്കുകയാണ് ഇപ്പോള്‍ ചന്ദ്രകുമാര്‍.

സിനിമയില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ പല അസിസ്റ്റന്റ് ഡയറക്ടേഴ്‌സിനും തന്നെ കണ്ടിട്ട് മനസിലായില്ലെന്നും അവരെല്ലാം പുതിയ കുട്ടികളാണെന്നും ചന്ദ്രകുമാര്‍ പറയുന്നു. മഴയത്ത് കുട പിടിച്ച് നില്‍ക്കുന്ന സീനാണ് തനിക്ക് ആദ്യം കിട്ടിയതെന്നും സഹ സംവിധായകരും മറ്റും ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് പെരുമാറുന്നത് പോലെയാണ് തന്നോട് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. മണിയന്‍ പിള്ള രാജു  ഇത് അറിഞ്ഞ് മോഹന്‍ലാലിനോട് പറഞ്ഞുവെന്നും അദ്ദേഹം ചൂടായെന്നും ചന്ദ്ര കുമാര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്ക് തന്നെ അറിയാഞ്ഞിട്ടാണ് അതില്‍ പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു പി. ചന്ദ്രകുമാര്‍

‘എനിക്ക് ആദ്യം ചെന്നപ്പോള്‍ കിട്ടിയ സീന്‍ മഴയത്ത് കുടയും പിടിച്ചു നില്‍ക്കുന്നതായിരുന്നു. മണിയന്‍ പിള്ള രാജുവൊക്കെ വന്നിട്ടുണ്ട്. ഞാന്‍ ഓപ്പോസിറ്റില്‍ നില്‍ക്കുന്നു. ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ എനിക്ക് കുട കൊണ്ട് വന്നു തന്നു. ഒരു പെണ്‍ കുട്ടിയാണ് ‘ഈ കുട പിടിച്ച് നിന്നോള്ളൂ ട്ടോ ഷോട്ട് കഴിഞ്ഞാല്‍ കുട താഴെ ഒന്നും വെക്കരുത് കയ്യില്‍ തന്നെ വെക്കണം’ എന്ന് പറഞ്ഞു. ഞാന്‍ മിണ്ടാതെ നിന്നു. രണ്ട് മിനിറ്റായില്ല ആര്‍ട് അസിസ്റ്റന്റ് ഓടി വന്നു. ‘ ആരാ നിങ്ങള്‍ക്ക് ഈ കുടയൊക്കെ തന്നത് ഇത് ആര്‍ട്ടിസ്റ്റിനുള്ള കുടയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റിനുള്ളത് വേറെയുണ്ട് നിങ്ങള്‍ക്ക് ഞാന്‍ വേറെ തരാം’ എന്നുപറഞ്ഞ് ഒരു കീറിയ കുട കൊണ്ടുവന്ന് തന്നു.

മണിയന്‍ പിള്ള രാജു എന്താ പ്രശ്‌നമെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ‘ഒന്നും ഇല്ല കുട്ടികള്‍ക്ക് എന്നെ അറിയില്ല. ഒരാള്‍ വന്ന് കുട താഴെ വെക്കരുതെന്ന് പറയുന്നു. മറ്റേ ആള്‍ വന്നിട്ട് ഇത് ജൂനിയര്‍ ആര്‍ട്ടിസ്റ്റിനുള്ള കുടയല്ല എന്ന് പറഞ്ഞ് വലിച്ച് പറിച്ച് വാങ്ങിക്കുന്നു. അടുത്ത ആളോട് കുടയില്ല എന്ന് പറയുമ്പോള്‍ അത് ഡീല്‍ ആക്കാം’എന്ന് പറഞ്ഞു.

അവര്‍ തരുണിന്റെ കൂടെ പഠിക്കാന്‍ വന്ന പുതിയ കുട്ടികളാണ്. അവര്‍ക്ക് സിനിമ അറിയില്ല എന്നെയും അറിയില്ല. ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ ട്രീറ്റ് ചെയ്യുന്നത് പോലെ എന്നെ ട്രീറ്റ് ചെയ്തു. ഇതെങ്ങനെയോ മണിയന്‍ പിള്ള രാജു പറഞ്ഞ് മോഹന്‍ലാല്‍ അറിഞ്ഞു. മോഹന്‍ലാല്‍ ചൂടായി ഇത്രയും വലിയ സീനിയറായ ആളോട് ഇങ്ങനെയാണോ പെരുമാറുക, അവനെയൊക്കെ കാലേ വാരി അടിക്കണം എന്നൊക്കെ പറഞ്ഞു,’ ചന്ദ്രകുമാര്‍ പറഞ്ഞു.

Content Highlight: Chandrakumar  says  that many people on the set did not understand when he came to act in the film.