മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ ഓപ്പറേഷന്‍ താമര തടയാന്‍ കോണ്‍ഗ്രസ് ജാഗ്രത പുലര്‍ത്തുമെന്ന് മുതിര്‍ന്ന നേതാവ് പൃഥ്വിരാജ് ചവാന്‍. കോണ്‍ഗ്രസും എന്‍.സി.പിയുമായും സഖ്യം ചേരുന്നതില്‍ നിന്നും ശിവസേനയെ ബി.ജെ.പി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പൃഥ്വിരാജ് ചവാന്‍ ആരോപിച്ചു. ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് നാരായണ്‍ റാണെ പറഞ്ഞതിന് പിന്നാലെയാണ് പൃഥ്വിരാജ് ചവാന്റെ പ്രതികരണം.
മഹാരാഷ്ട്രയില്‍ ഇന്നലെയാണ് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഗവര്‍ണര്‍ ബി.ജെ.പിയേയും ശിവസേനയേയും എന്‍.സി.പിയേയും ക്ഷണിച്ചിരുന്നു. ബി.ജെ.പിയെയായിരുന്നു ആദ്യം ക്ഷണിച്ചത്. എന്നാല്‍ ബി.ജെ.പി ക്ഷണം നിരസിച്ചതിനു പിന്നാലെ ശിവസേനയെ ക്ഷണിക്കുകയും കൂടുതല്‍ സമയം അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ ശിവസേനയുടെ ആവശ്യം ഗവര്‍ണര്‍ തള്ളി. മൂന്നാമതായി ഗവര്‍ണര്‍ എന്‍.സി.പിയെ ക്ഷണിക്കുകയായിരുന്നു. എന്‍.സി.പിക്ക് രാത്രി 8.30 വരെയാണ് സമയം നല്‍കിയിരുന്നത്. എന്നാല്‍ അതിന് മുന്നേ തന്നെ ഉച്ചയോടെ ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു.