1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് ജഗദീഷ്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവനടനായും മികച്ച സിനിമകളുടെ ഭാഗമാകുന്ന ജഗദീഷിനെയാണ് കഴിഞ്ഞ കുറച്ചുകാലമായി കാണാന്‍ സാധിക്കുന്നത്.
മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ ജഗതി ശ്രീകുമാറിനെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. ഒരുപാട് സിനിമകളില്‍ താനും ജഗതിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെന്ന് ജഗദീഷ് പറഞ്ഞു. ഓരോ സീന്‍ എടുക്കുന്നതിന് മുമ്പും ഡയലോഗ് പഠിച്ചിട്ടുണ്ടോ എന്ന് തന്നോട് ചോദിക്കാറുണ്ടായിരുന്നെന്നും അക്കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
ഡയലോഗ് തെറ്റിയാല്‍ അദ്ദേഹം ദേഷ്യപ്പെടുമായിരുന്നെന്നും ആദ്യം ചെയ്തതുപോലെ വീണ്ടും ചെയ്യാന്‍ അദ്ദേഹത്തിന് പ്രയാസമായിരുന്നെന്നും ജഗദീഷ് പറഞ്ഞു. ജഗതിയുടെ കൂടെ അഭിനയിക്കുന്നത് തനിക്ക് സന്തോഷം തരുന്ന കാര്യമാണെന്നും പുതിയ പല കാര്യങ്ങളും അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ സാധിക്കുമായിരുന്നെന്നും ജഗദീഷ് പറയുന്നു.
സിനിമയുടെ എന്‍സൈക്ലോപീഡിയയാണ് ജഗതിയെന്നും ജഗദീഷ് പറഞ്ഞു. ഓരോ കഥാപാത്രങ്ങളെയും ജഗതി സമീപിക്കുന്ന രീതി അഭിനന്ദനാര്‍ഹമാണെന്നും അതില്‍ നിന്നെല്ലാം ഒരുപാട് കാര്യങ്ങള്‍ താന്‍ മനസിലാക്കിയിട്ടുണ്ടെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ആഭ്യന്തര കുറ്റവാളിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.
‘ജഗതിച്ചേട്ടന്റെ കൂടെ അഭിനയിക്കുന്നത് എപ്പോഴും സന്തോഷം തരുന്ന കാര്യമാണ്. ഓരോ തവണ സീന്‍ എടുക്കുന്നതിന് മുമ്പും പുള്ളി എന്നോട് ചോദിക്കും ‘അനിയാ, ഡയലോഗ് പഠിച്ചോ’ എന്ന്. അക്കാര്യത്തില്‍ പുള്ളിക്ക് നിര്‍ബന്ധമുണ്ട്. ഡയലോഗ് തെറ്റിച്ചാല്‍ ജഗതി ചേട്ടന് ദേഷ്യം വരും. ‘എന്താ അനിയാ, ഇനി ഇത് ആദ്യം ചെയ്തതുപോലെ വീണ്ടും ചെയ്യേണ്ടി വരില്ലേ’ എന്ന് പറയും.
എന്നെ സംബന്ധിച്ച് സിനിമയുടെ എന്‍സൈക്ലോപീഡിയയാണ് ജഗതി ചേട്ടന്‍. എല്ലാ കാര്യത്തിനെക്കുറിച്ചും നല്ല അറിവാണ്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ നമുക്കും പഠിക്കാന്‍ പറ്റും. ഓരോ കഥാപാത്രത്തെയും ജഗതി ചേട്ടന്‍ സമീപിക്കുന്ന രീതി ഗംഭീരമാണ്. അതൊക്കെ അദ്ദേഹത്തിന്റെ കൂടെനിന്ന് കണ്ട് പഠിക്കാനുള്ള അവസരം കിട്ടിയിട്ടുണ്ട്,’ ജഗദീഷ് പറയുന്നു.
Content Highlight: Jagadeesh shares the memories of acting with Jagathy Sreekumar