Advertisement
Entertainment
എങ്ങനെയെങ്കിലും കമല്‍ സാറിന്റെ ആ സിനിമയുടെ ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍ പുറത്തുവിടണമെന്നാണ് എന്റെ ആഗ്രഹം, എല്ലാവരും ഞെട്ടും: ലോകേഷ് കനകരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 17, 04:39 pm
Thursday, 17th April 2025, 10:09 pm

തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് ലോകേഷ് കനകരാജ്. തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകള്‍ ഒരുക്കിയതിലൂടെ തമിഴിലെ മുന്‍നിരയിലേക്കുയരാന്‍ ലോകേഷിന് സാധിച്ചു. മികച്ച സംവിധായകന്‍ എന്നതുപോലെ പലരും ചര്‍ച്ച ചെയ്യുന്ന മറ്റൊരു കാര്യമാണ് കമല്‍ ഹാസനോട് ലോകേഷിനുള്ള ആരാധന. ആദ്യ ചിത്രമായ മാനഗരം മുതല്‍ തന്റെ എല്ലാ ചിത്രത്തിലും കമല്‍ ഹാസന്‍ റഫറന്‍സ് കാണാന്‍ സാധിക്കും.

കമല്‍ ഹാസനെക്കുറിച്ച് സംസാരിക്കുകയാണ് ലോകേഷ് കനകരാജ്. വിക്രം സിനിമയുടെ ഡിസ്‌കഷന്റെ ഭാഗമായി രാജ്കമല്‍ ഫിലിംസിന്റെ ഓഫീസില്‍ ഒരുപാട് തവണ പോയിട്ടുണ്ടെന്ന് ലോകേഷ് പറഞ്ഞു. കമല്‍ ഹാസന്‍ നിര്‍മിച്ച എല്ലാ സിനിമകളുടെയും പ്രോപ്പര്‍ട്ടികളും ഫോട്ടോസും ആ ഓഫീസില്‍ ഉണ്ടായിരുന്നെന്നും പലതും പുറം ലോകം ഇതുവരെ കണ്ടിട്ടില്ലെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.

കമല്‍ ഹാസന്റേതായി പുറത്തിറങ്ങാത്ത സിനിമകളുടെ ഫോട്ടോഷൂട്ടിന് എടുത്ത ഫോട്ടോകളും അതില്‍ ഉള്‍പ്പെടുമെന്നും ലോകേഷ് കനകരാജ് പറയുന്നു. മരുതനായകത്തിന്റെ സ്റ്റില്ലുകള്‍ എല്ലാവരും കണ്ടിട്ടുണ്ടെന്നും എന്നാല്‍ അധികം ആളുകള്‍ കണ്ടിട്ടില്ലാത്ത മര്‍മയോഗി എന്ന സിനിമയുടെ ഫോട്ടോഷൂട്ടിനെടുത്ത ചിത്രങ്ങള്‍ പുറത്തുവിടണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.

ആ സിനിമക്ക് വേണ്ടി കമല്‍ ഹാസന്‍ ബോഡി ബില്‍ഡിങ് നടത്തിയിട്ടുണ്ടെന്നും ഇതുവരെ കാണാത്ത മേക്ക് ഓവറാണ് ആ സിനിമക്കായി എടുത്തതെന്നും ലോകേഷ് പറയുന്നു. ആളവന്താനില്‍ അദ്ദേഹത്തിന്റെ ബോഡി കണ്ട് അത്ഭുതപ്പെട്ടവര്‍ അതിലും കൂടുതല്‍ ഞെട്ടാന്‍ സാധ്യതയുണ്ടെന്നും ലോകേഷ് കനകരാജ് പറഞ്ഞു.

‘വിക്രം സിനിമയുടെ ഡിസ്‌കഷന് വേണ്ടി ഒരുപാട് തവണ രാജ്കമല്‍ ഫിലിംസിന്റെ ഓഫീസില്‍ പോയിട്ടുണ്ട്. ഒരു സിനിമാപ്രേമിയെ സംബന്ധിച്ച് നിധിയുടെ കൂമ്പാരമാണ് ആ ഓഫീസ്. രാജ്കമല്‍ നിര്‍മിച്ച എല്ലാ സിനിമകളുടെയും പ്രോപ്പര്‍ട്ടികളും ഫോട്ടോസും അവിടെയുണ്ട്. പുറംലോകം കാണാത്ത പലതും അതില്‍പ്പെടും.

അത്തരത്തില്‍ ആളുകള്‍ കാണണമെന്ന് ഞാന്‍ ഒരുപാട് ആഗ്രഹിക്കുന്ന ഒന്നാണ് മര്‍മയോഗിയുടെ ഫോട്ടോഷൂട്ടിനെടുത്ത സ്റ്റില്ലുകള്‍. കമല്‍ സാറിന്റെ ഇതുവരെ കാണാത്ത മേക്കോവറാണ് ആ ഫോട്ടോസില്‍. ബോഡി ബില്‍ഡിങ് ചെയ്ത ഗെറ്റപ്പ് കണ്ടാല്‍ എല്ലാവരും ഞെട്ടും. ആളവന്താനിലെക്കാള്‍ ഗംഭീര ഐറ്റമാണത്,’ ലോകേഷ് കനകരാജ് പറഞ്ഞു.

Content Highlight: Lokesh Kanagaraj about Kamal Haasan’s unfinished movie Marmayogi