ചെന്നൈ: തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍ നിന്ന് ജാതിപ്രയോഗങ്ങള്‍ ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. നാല് ആഴ്ചക്കുള്ളില്‍ ജാതിപ്പേരുകള്‍ നീക്കം ചെയ്യണമെന്നാണ് ഉത്തരവ്. കോടതി ഉത്തരവ് പാലിക്കാത്ത സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
‘സ്‌കൂളുകള്‍ക്ക് ജാതിപ്പേരുകള്‍ നല്‍കുന്നത് വിദ്യാഭ്യാസത്തിന്റെയും നയപരിപാടികളുടെയും ലക്ഷ്യത്തിന് വിരുദ്ധമാണ്. ജാതിപ്പേരുകളുടെ ഉപയോഗം പൊതുനയത്തിനും വിരുദ്ധമാണ്. കാലതാമസമില്ലാതെ നടപടി പൂര്‍ത്തിയാക്കണം,’ ഹൈക്കോടതി പറഞ്ഞു.
2025-26 അധ്യയന വര്‍ഷത്തിന്റെ ആരംഭത്തോടെ ഉത്തരവ് പൂര്‍ണമായി നടപ്പിലാകുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഡി. ഭരത ചക്രവര്‍ത്തി അടക്കമുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്. ഒരുപക്ഷെ അംഗീകാരം റദ്ദാക്കപ്പെടുകയാണെങ്കില്‍ ആ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറ്റാനുള്ള നടപടിയുണ്ടാകണമെന്നും ഉത്തരവുണ്ട്.
നേരത്തെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നല്‍കിയിരിക്കുന്ന കല്ലര്‍ റിക്ലമേഷന്‍, ആദി ദ്രാവിഡര്‍ വെല്‍ഫെയര്‍ തുടങ്ങിയ പേരുകള്‍ നീക്കം ചെയ്യണമെന്ന് മുന്‍ ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. നിലവില്‍ ഈ നിര്‍ദേശവും നടപ്പിലാക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഇതിനുപുറമെ പ്രത്യേക ജാതികളുടെ പേരിലുള്ള സൊസൈറ്റികളുടെ പട്ടിക തയ്യാറാക്കാനും കോടതി ഉത്തരവിട്ടു. സൊസൈറ്റികളുടെ രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറലിനാണ് കോടതി നിര്‍ദേശം നല്‍കിയത്. ഒരു പ്രത്യേക ജാതിയിലെ അംഗങ്ങളെ അടിസ്ഥാനമാക്കിയുള്ള സൊസൈറ്റികളുടെ പട്ടിക തയ്യാറാക്കാനാണ് ഉത്തരവ്.
ഈ സൊസൈറ്റികളുടെ പേരുകളില്‍ നിന്നും ജാതി പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്നതിനും ജാതി പരിഗണിക്കാതെ എല്ലാ വ്യക്തികള്‍ക്കും അംഗത്വം നല്‍കുന്നതിനും നോട്ടീസ് നല്‍കണമെന്നും കോടതി ഉത്തരവിട്ടതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.
ദക്ഷിണേന്ത്യന്‍ സെന്‍ഗുന്ത മഹാജന സംഘം, തിരുച്ചെങ്കോട് വട്ട കൊങ്കു വേലാര്‍ സംഘം, പുവര്‍ എഡ്യൂക്കേഷന്‍ ഫണ്ട് എന്നീ സംഘടനകള്‍ നല്‍കിയ റിട്ട് ഹരജിയിലാണ് കോടതി ഉത്തരവ്.
ഇതിനുമുമ്പ് ഗ്രാമങ്ങളുടെ പേരുകളില്‍ നിന്ന് ജാതി പ്രയോഗങ്ങള്‍ ഒഴിവാക്കിയതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിലും മാറ്റം വരുത്തിക്കൂടേയെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചിരുന്നു. സെന്‍ഗുന്ത മഹാജന സംഘത്തിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം.
Content Highlight: Caste-based terms should be removed from the names of educational institutions in Tamilnadu: Madras High Court