IPL
വാംഖഡെയില്‍ സിക്‌സറടിച്ച് സെഞ്ച്വറി, ഒപ്പം എണ്ണം പറഞ്ഞ 250 സിക്‌സറും; സ്വന്തം തട്ടകത്തില്‍ തലയുയര്‍ത്തി രോഹിത്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 17, 05:08 pm
Thursday, 17th April 2025, 10:38 pm

ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ പരാജയങ്ങളേറ്റുവാങ്ങി ഐ.പി.എല്‍ 2025ന്റെ പോയിന്റ് പട്ടികയിലെ അവസ്ഥാന സ്ഥാനങ്ങളില്‍ ഇടം നേടിയ രണ്ട് ടീമുകളുടെ പോരാട്ടത്തിനാണ് മുംബൈയിലെ വാംഖഡെ സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്.

പോയിന്റ് പട്ടികയില്‍ ഏഴാമതുള്ള ഹോം ടീം മുംബൈ ഇന്ത്യന്‍സും ഒമ്പതാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് വാംഖഡെയില്‍ കൊമ്പുകോര്‍ക്കുന്നത്.

മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 163 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് മുന്‍ നായകന്‍ രോഹിത് ശര്‍മയെ നഷ്ടപ്പെട്ടിരിക്കുകയാണ്. 16 പന്തില്‍ 26 റണ്‍സ് നേിടയാണ് രോഹിത് മടങ്ങിയത്.

സീസണില്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മൂന്ന് സിക്‌സറടക്കം 162.50 സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത് സ്‌കോര്‍ ചെയ്തത്.

ഈ പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും രോഹിത് സ്വന്തമാക്കി. വാംഖഡെ സ്‌റ്റേഡിയത്തില്‍ നൂറ് സിക്‌സറുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് രോഹിത് നേടിയത്.

ഇതിനൊപ്പം ഐ.പി.എല്ലില്‍ ഒരു സ്റ്റേഡിയത്തില്‍ നൂറ് സിക്‌സറുകള്‍ നേടുന്ന താരങ്ങളുടെ ലിസ്റ്റിലും രോഹിത് തന്റെ പേരെഴുതിച്ചേര്‍ത്തിരിക്കുകയാണ്.

ഐ.പി.എല്ലില്‍ ഒരു സ്റ്റേഡിയത്തില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടുന്ന താരങ്ങള്‍

(താരം – സിക്‌സര്‍ – വേദി എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – 130 – ചിന്നസ്വാമി സ്‌റ്റേഡിയം, ബെംഗളൂരു

ക്രിസ് ഗെയ്ല്‍ – 127 – ചിന്നസ്വാമി സ്‌റ്റേഡിയം, ബെംഗളൂരു

എ.ബി. ഡി വില്ലിയേഴ്‌സ് – 118 – ചിന്നസ്വാമി സ്‌റ്റേഡിയം, ബെംഗളൂരു

രോഹിത് ശര്‍മ – 102 – വാംഖഡെ സ്‌റ്റേഡിയം, മുംബൈ

കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 85 – വാംഖഡെ സ്റ്റേഡിയം, മുംബൈ

ആന്ദ്രേ റസല്‍ – 84 – ഈഡന്‍ ഗാര്‍ഡന്‍സ്, കൊല്‍ക്കത്ത

എന്നാല്‍ ഇവിടംകൊണ്ടും രോഹിത്തിന്റെ സിക്‌സര്‍ ഗാഥ അവസാനിക്കുന്നില്ല. ഐ.പി.എല്ലില്‍ ഒരു ടീമിനായി 250 സിക്‌സര്‍ നേടുന്ന താരങ്ങളുടെ പട്ടികയിലും ഈ ഇന്നിങ്‌സിന് പിന്നാലെ രോഹിത് ഇടം പിടിച്ചു.

ഐ.പി.എല്ലില്‍ ഒരു ടീമിനായി 250+ സിക്‌സറുകള്‍ നേടുന്ന താരങ്ങള്‍

(താരം – ടീം എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

ക്രിസ് ഗെയ്ല്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

കെയ്‌റോണ്‍ പൊള്ളാര്‍ഡ് – മുംബൈ ഇന്ത്യന്‍സ്

രോഹിത് ശര്‍മ – മുംബൈ ഇന്ത്യന്‍സ്.

അതേസമയം, ഓറഞ്ച് ആര്‍മി ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 എന്ന നിലയിലാണ്. നാല് പന്തില്‍ എട്ട് റണ്‍സുമായി സൂര്യകുമാര്‍ യാദവും 12 പന്തില്‍ 14 റണ്‍സുമായി വില്‍ ജാക്‌സുമാണ് ക്രീസില്‍.

 

Content Highlight: IPL 2025: MI vs SRH: Rohit Sharma completes 250 sixes for Mumbai Indians