Advertisement
IPL
ബൗളര്‍ മര്യാദയ്ക്ക് പന്തെറിഞ്ഞിട്ടും വിക്കറ്റ് കീപ്പര്‍ കാരണം നോ ബോള്‍! ഔട്ടായ താരത്തെ തിരിച്ചുവിളിച്ച് ഫോര്‍ത്ത് അമ്പയര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 17, 05:35 pm
Thursday, 17th April 2025, 11:05 pm

ഐ.പി.എല്‍ 2025ലെ മുംബൈ ഇന്ത്യന്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ തുടരുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മയെ 26 റണ്‍സിനും റിയാന്‍ റിക്കല്‍ടണെ 31 റണ്‍സിനും നഷ്ടപ്പെട്ടിരുന്നു. രോഹിത് ശര്‍മ പാറ്റ് കമ്മിന്‍സിനും റിക്കല്‍ടണ്‍ ഹര്‍ഷല്‍ പട്ടേലിനുമാണ് വിക്കറ്റ് നല്‍കിയത്. ട്രാവിസ് ഹെഡിന്റെ കൈകളിലൊതുങ്ങിയാണ് ഇരുവരും മടങ്ങിയത്.

എന്നാല്‍ ഇതിന് മുമ്പ് തന്നെ റിക്കല്‍ടണ്‍ പുറത്തായിരുന്നു. സീഷന്‍ അന്‍സാരിയെറിഞ്ഞ ഏഴാം ഓവറില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് ക്യാച്ച് നല്‍കിയാണ് റിക്കല്‍ടണ്‍ ഔട്ടായത്.

പുറത്തായ താരം തിരികെ ഡ്രസ്സിങ് റൂമിലേക്ക് നടക്കുകയും ചെയ്തു. എന്നാല്‍ ഫോര്‍ത്ത് അമ്പയര്‍ താരത്തെ തിരിച്ചുവിളിക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ഹെന്‌റിക് ക്ലാസന്റെ അബദ്ധമാണ് ഔട്ട് നോട്ട് ഔട്ടും പിന്നാലെ നോ ബോളുമാക്കി മാറ്റിയത്.

ക്രിക്കറ്റ് നിയമത്തിന്റെ 27.3.1 സെക്ഷന്‍ പ്രകാരമാണ് റിക്കല്‍ടണിനെ ഫോര്‍ത്ത് അമ്പയര്‍ തിരിച്ചുവിളിച്ചത്.

‘ബൗളര്‍ എറിഞ്ഞ പന്ത് സ്‌ട്രൈക്കറുടെ ബാറ്റിലോ ദേഹത്തോ സ്പര്‍ശിക്കുന്നതുവരെയോ, സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ വിക്കറ്റ് കടന്നുപോകുന്നതുവരെയോ, സ്‌ട്രൈക്കര്‍ നേടാന്‍ റണ്‍ ചെയ്യാന്‍ ശ്രമിക്കുന്നതുവരെയോ വിക്കറ്റ് കീപ്പര്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ വിക്കറ്റിന് പിന്നില്‍ പൂര്‍ണമായും തുടരണമെന്നാണ് ഈ നിയനം അനുശാസിക്കുന്നത്. റിക്കല്‍ടണ്‍ ഷോട്ട് കളിക്കുന്നതിന് മുമ്പ് തന്നെ ക്ലാസന്റെ ഗ്ലൗസ് വിക്കറ്റിന് മുമ്പിലെത്തിയിരുന്നു.

ഇതിനൊപ്പം തന്നെ, വിക്കറ്റ് കീപ്പര്‍ ഈ നിയമം ലംഘിക്കുന്ന സാഹചര്യത്തില്‍, പന്തെറിഞ്ഞ ഉടന്‍ തന്നെ അമ്പയര്‍ നോ ബോള്‍ വിളിക്കണമെന്ന് 27.3.2 സെക്ഷന്‍ കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം, മത്സരത്തില്‍ ലൈഫ് ലഭിച്ചെങ്കിലും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെയാണ് റിക്കല്‍ടണ്‍ ഷര്‍ഷല്‍ പട്ടേലിന് വിക്കറ്റ് നല്‍കി പുറത്തായത്.

 

Content Highlight: IPL 2025: MI vs SRH: Why was Ryan Rickelton given not out even though he was caught?