സാവോ പോളോ: ലോകത്തിലെ ഏറ്റവും ഏകാകിയായ മനുഷ്യന്‍ എന്ന വിശേഷണം ലഭിച്ച ആമസോണ്‍ കാട്ടിലെ ഗോത്രവര്‍ഗക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പുറംലോകവുമായി യാതൊരു ബന്ധമില്ലാതെ 26 വര്‍ഷമാണ് ഇയാള്‍ വനാന്തരങ്ങള്‍ക്കുള്ളില്‍ ജീവിച്ചത്.
ടനാരു നദിയോരത്ത് കെട്ടിയുണ്ടാക്കിയ പുല്‍വീടിന് സമീപത്തെ തൊട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബ്രസീലിലെ ഗോത്രവര്‍ഗ സംരക്ഷണ ഏജന്‍സിയായ ഫുനായിയുടെ പ്രവര്‍ത്തകരാണ് മൃതദേഹം കണ്ടെത്തിയത്.
ഇദ്ദേഹത്തിന് ഏകദേശം 60 വയസ്സെന്നാണ് കരുതുന്നത്.അസ്വാഭാവിക സൂചനകളൊന്നും ലഭിക്കാത്തതിനാല്‍ സ്വാഭാവിക കാരണങ്ങളാലാണ് മരണമെന്നാണ് വിവരം. മൃതദേഹം ബ്രസീല്‍ ഫെഡറല്‍ പൊലീസ് പോസ്റ്റുമോര്‍ട്ടം നടത്തും.
തന്റെ ഗോത്ര അംഗങ്ങള്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതോടെ 26 വര്‍ഷമാണ് ഇദ്ദേഹം ഏകാന്തതയില്‍, പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞത്. റൊണ്ടോണിയ എന്ന ബൊളീവിയന്‍ അതിര്‍ത്തി സംസ്ഥാനത്തെ ടനാരു പ്രദേശത്തായിരുന്നു താമസം.
2018ല്‍ അധികൃതര്‍ക്ക് ഇദ്ദേഹത്തിന്റെ ചിത്രം പകര്‍ത്താന്‍ സാധിച്ചിരുന്നു. കൃത്യമായ ഇടവേളകളില്‍ കുഴി മനുഷ്യനെ നിരീക്ഷിക്കാനെത്തിയ ഫുനായി ഏജന്റുമാരുടെ ക്യാമറയില്‍ അപ്രതീക്ഷിതമായി കുഴി മനുഷ്യന്റെ ചിത്രം പതിയുകയായിരുന്നു.
നിരവധി കുഴികള്‍ നിര്‍മിച്ചിരുന്ന ഇദ്ദേഹം ‘മാന്‍ ഓഫ് ദി ഹോള്‍’ (കുഴി മനുഷ്യന്‍) എന്നും വിളിക്കപ്പെട്ടു. പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞ ഗോത്രവര്‍ഗത്തിലെ അവസാന കണ്ണിയാണ് വിടപറഞ്ഞിരിക്കുന്നത്.
കുഴി മനുഷ്യന്റെ പേരോ ഭാഷയോ ഗോത്രത്തെ കുറിച്ചോ പാരമ്പര്യത്തെക്കുറിച്ചോ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. ബൊളീവിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന ബ്രസീലിയന്‍ സംസ്ഥാനം റോഡ്നിയയിലെ ടനാരു പ്രദേശത്താണ് കുഴി മനുഷ്യനേയും കൂട്ടരേയും ആദ്യമായി കണ്ടെത്തുന്നത്.
മൃഗങ്ങളോട് പോരാടിയും വനവിഭവങ്ങള്‍ ശേഖരിച്ചും ജീവിച്ചിരുന്ന ഇവര്‍ ഒരുതരത്തിലും പുറംലോകത്തുള്ള മനുഷ്യരുമായി സംവദിക്കാനോ വനത്തിന് പുറത്തേക്കിറങ്ങാനോ കൂട്ടാക്കിയില്ല. ഇത്തരം വിഭാഗങ്ങളുമായി സംവദിക്കുകയോ അവരുടെ ആവാസ വ്യവസ്ഥയിലേക്ക് കടന്നുകയറുകയോ ചെയ്യുന്നത് ഗോത്രവര്‍ഗ സംരക്ഷണ ഏജന്‍സിയായ ഫുനായിയുടെ നയമല്ല. അതേസമയം ഈ മേഖല ഫുനായി സംരക്ഷിക്കുകയും നിരന്തരം നിരീക്ഷിക്കുകയും ചെയ്തിരുന്നു.
മൃഗങ്ങളെ പിടികൂടാനായി വലിയ കുഴികള്‍ ഇവര്‍ സ്ഥാപിച്ചിരുന്നു. കുഴി മനുഷ്യന്‍ എന്ന പേര് വന്നത് ഇങ്ങനെയാണ്. പേരോ മറ്റ് വിവരങ്ങളോ ഒന്നും അറിയാത്തതിനാല്‍ പിന്നീട് ലോകം ഇയാളെ കുഴി മനുഷ്യന്‍ എന്ന് വിളിച്ചുതുടങ്ങി.
1995ലാണ് വനത്തില്‍ അതിക്രമിച്ചുകയറിയ ചിലര്‍ ഇവരുടെ കൂട്ടാളികളെ വെടിവെച്ചുകൊലപ്പെടുത്തിയത്. ഇവരുടെ ഗോത്രത്തില്‍ തന്നെ അവശേഷിച്ചിരുന്ന ആറ് പേര്‍ അന്ന് വെടിയേറ്റ് മരിച്ചതോടെയാണ് കുഴി മനുഷ്യന്‍ ഏകാന്തവാസം തുടങ്ങിയത്.
Content Highlight: worlds loneliest tribal man dies in brazilian forest