Entertainment
പുതിയ തലമുറയിലെ സ്ത്രീകളെ അടയാളപ്പെടുത്തുന്ന ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 05, 11:50 am
Wednesday, 5th March 2025, 5:20 pm

മികച്ച അഭിപ്രായം നേടി സ്ട്രീമിങ് തുടരുകയാണ് വിഷ്ണു ജി. രാഘവന്റെ സംവിധാനത്തിലെത്തിയ ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന വെബ് സീരീസ്.

കുടുംബം, ജോലി, പ്രണയം ഇവയൊക്കെ ചര്‍ച്ച ചെയ്യുന്ന വെബ് സീരീസ് മികച്ച ചില സ്ത്രീ കഥാപാത്രങ്ങളാലും സമ്പന്നമാണ്. സ്വന്തമായി നിലപാടുകളുള്ള, തീരുമാനങ്ങളുള്ള ശക്തരായ ചില സ്ത്രീ കഥാപാത്രങ്ങള്‍ ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷനില്‍ ഉണ്ട്.

അതില്‍ രണ്ട് പേരാണ് ലിസിയും ഗൗരിയും. പുതിയ തലമുറയിലെ സ്ത്രീകള്‍ എങ്ങനെയാണെന്ന് ലിസിയിലൂടേയും ഗൗരിയിലൂടേയും സംവിധായകന്‍ പ്രേക്ഷകനോട് പറയുന്നുണ്ട്.

വിനോദിന്റെ അമ്മയില്‍ നിന്നും ഗൗരിയുടെ അമ്മയില്‍ നിന്നും ഏറെ വ്യത്യസ്തരാണ് ഗൗരിയും ലിസിയും. സ്വാതന്ത്ര്യവും നീതിയും ഉയര്‍ത്തിപ്പിടിക്കുന്ന സ്ത്രീകളാണ് ഇരുവരും.

ഗള്‍ഫില്‍ വന്നിട്ട് രണ്ട് വര്‍ഷമായെന്നും ഇതുവരെ നാട്ടിലേക്ക് പോയിട്ടില്ലെന്നും ഗൗരിയുടെ കഥാപാത്രം സീരിസില്‍ ഒരിടത്ത് പറയുന്നുണ്ട്. നാട്ടില്‍ പോകാത്തത്തിന് വീട്ടുകാരില്‍ നിന്നും പ്രശ്‌നം ഉണ്ടെന്നും പക്ഷേ പോയാല്‍ അതിനേക്കാള്‍ വലിയ പ്രശ്‌നമാണെന്നുമാണ് ഗൗരി പറയുന്നത്.

അതിന് അവര്‍ കാരണമായി പറയുന്നത് വിവാഹം ചെയ്യാനുള്ള വീട്ടുകാരുടെ സമ്മര്‍ദ്ദത്തെ കുറിച്ചാണ്. ഒരു ബന്ധു 22 വയസില്‍ കല്യാണം കഴിച്ചതോടെ തന്റെ മനസമാധാനം പോയിക്കിട്ടിയെന്ന് ഗൗരി പറയുന്നുണ്ട്.

വീട്ടുകാര്‍ സ്ട്രിക്ട് ആണോ എന്ന് വിനോദ് ചോദിക്കുമ്പോള്‍ സ്ട്രിക്ട് എന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകുമെന്നും ലൈഫില്‍ തന്റേതായ ഒരു സ്‌പേസ് കിട്ടിയത് ഇവിടെ എത്തിയതിന് ശേഷമാണെന്നുമാണ് ഗൗരി പറയുന്നത്.

റിലേഷന്‍ഷിപ്പോ കല്യാണമോ പോയിട്ട് ഒരു പാര്‍ട്ണര്‍ പോലും വേണമെന്ന് തനിക്കില്ലെന്ന് ആദ്യ കൂടിക്കാഴ്ചയില്‍ ഗൗരി വിനോദിനോട് പറയുന്നുണ്ട്.

മുന്‍പ് ഒരു റിലേഷന്‍ഷിപ്പുണ്ടായിരുന്നെന്നും ആദ്യമൊക്കെ രസമായിരുന്നെങ്കിലും പിന്നീട് അവന്‍ കണ്‍ട്രോളിങ് ആകാന്‍ തുടങ്ങിയെന്നും കലിപ്പന്‍ മോഡായിരുന്നെന്നും ഗൗരി പറയുന്നു.

പ്രേമം അസ്ഥിക്ക് പിടിച്ചതുകൊണ്ട് റെഡ് ഫ്‌ളാഗ്‌സൊന്നും തനിക്ക് മനസിലായില്ലെന്നും പിന്നീട് അതൊരു ടോക്‌സിക് ലൂപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ അത് വേണ്ടെന്ന് വെക്കുകയായിരുന്നെന്ന് ഗൗരി പറയുന്നുണ്ട്.

അതേസമയം ഗൗരിയും വിനോദും ഒരു റിലേഷന്‍ഷിപ്പില്‍ ആകുന്നത് പോലും ഡേറ്റിങ്ങിന് ശേഷമാണ്.

വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് വിനോദ് ഗൗരിയോട് പറയുമ്പോള്‍, തന്റെ മനസില്‍ ഇക്കാര്യം നേരത്തെ തന്നെ തോന്നിയിരുന്നെന്നും റിലേഷന്‍ഷിപ്പ് എന്ന് കേട്ടാല്‍ താന്‍ ഓടി രക്ഷപ്പെടുമെന്ന് കരുതിയിട്ടാണ് പറയാതിരുന്നതെന്നുമാണ് ഗൗരി അവിടെ പറയുന്നത്.

സെക്ഷ്വല്‍ ലൈഫിന് ശേഷം ഒരു റിലേഷന്‍ഷിപ്പിലേക്ക് പോകുന്നവരാണ് ഗൗരിയും വിനോദും. ഇതിലൂടെ മാറുന്ന ഒരു തലമുറയെ കുറിച്ച് കൂടിയാണ് സംവിധായകന്‍ പറയുന്നത്.

സീരീസിന്റെ അവസാന ഭാഗത്തും ഇരുവരും തമ്മിലുള്ള റിലേഷന്‍ഷിപ്പ് അവസാനിച്ചെന്ന് കരുതുന്ന ഘട്ടത്തില്‍ പോലും സൗഹൃദം മതിയെന്നും ഡേറ്റിങ് പോലും വേണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ഗൗരിയോട് വിനോദ് പറയുന്നത്.

ലൈംഗികത എന്ന് പറയുന്നത് എന്തിന്റേയെങ്കിലും തുടക്കമായിട്ടല്ല സീരീസില്‍ കാണിക്കുന്നത്.

ലിസിയിലേക്ക് വന്നാല്‍ ഗൗരിയെപ്പോലെ തന്നെ വ്യക്തിത്വവും നിലപാടുമുള്ള മറ്റൊരു പെണ്‍കുട്ടിയാണ്. തന്റെ സുഹൃത്തായ തുഷാരയെ പെണ്ണ് കാണാന്‍ വന്ന പപ്പനെ ലിസിക്കറിയാം. തുഷാരയെ കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് കല്യാണം മുടക്കിയ പപ്പനോട് ലിസിയ്ക്ക് ദേഷ്യമുണ്ട്.

എന്നാല്‍ പപ്പനല്ല കല്യാണം മുടക്കിയതെന്നും റേസിസ്റ്റായ പപ്പന്റെ അമ്മയാണെന്നും വിനോദ് പറയുന്നുണ്ടെങ്കിലും അത് വിശ്വാസത്തിലെടുക്കാന്‍ ലിസി ഒരുക്കമല്ല.

പിന്നീട് പപ്പന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത് ലിസിയാണ്. പിന്തിരിപ്പനായ, കപട സദാചാര വാദിയായ പപ്പനെ മാറ്റിയെടുക്കാന്‍ ലിസിക്കാവുന്നുണ്ട്.

സ്ത്രീകള്‍ക്ക് ലഭിക്കേണ്ട സ്വാതന്ത്ര്യത്തെ കുറിച്ചും അവരും മറ്റുള്ളവരെപ്പോലെ ബഹുമാനമര്‍ഹിക്കുന്നവരാണെന്നും ലിസിയാണ് പപ്പനെ പഠിപ്പിക്കുന്നത്.

ഗൗരി സിഗരറ്റുവലിക്കുമെന്ന കാര്യം ഒരു മഹാ സംഭവമായി ലിസിയോട് പപ്പന്‍ പറയുന്ന ഒരു രംഗത്ത് ‘വലിക്കട്ടെ അതിന് നിങ്ങള്‍ക്ക് എന്താണെന്ന’ മറുചോദ്യമാണ് ലിസി ഉയര്‍ത്തുന്നത്.

വലിക്കുമോ എന്ന ചോദ്യത്തിന് ‘ഇല്ല ക്വിറ്റ് ചെയ്തു, ഇപ്പോള്‍ ആറ് മാസമായി നിര്‍ത്തിയിട്ട് ‘എന്നാണ് ലിസി മറുപടി നല്‍കുന്നത്. വെരി ഗുഡ് എന്ന് പറഞ്ഞ് ആ സംഭാഷണം അവിടെ അവസാനിപ്പിക്കുകയാണ് പപ്പന്‍.

സീരിസിന്റെ ക്ലൈമാക്‌സ് രംഗങ്ങളിലൊന്നില്‍ രജിസ്റ്റര്‍ വിവാഹ ദിവസം പോലും സമയത്തിന് എത്താതിരുന്ന വിനോദിനെ ഗൗരി ചോദ്യം ചെയ്യുന്ന രംഗമുണ്ട്.

രജിസ്ട്രാര്‍ ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ പോകുമെന്ന ഘട്ടത്തില്‍ പോലും വിനോദിന്റെ ലൈഫില്‍ തനിക്കുള്ള സ്ഥാനമെന്താണെന്ന് അറിയണമെന്ന നിലപാട് ഗൗരി സ്വീകരിക്കുന്നുണ്ട്.

ഈ അവസാന നിമിഷത്തില്‍ ഇങ്ങനെ സംസാരിക്കേണ്ടതുണ്ടോ എന്ന് പപ്പന്റെ കഥാപാത്രം ചോദിക്കുമ്പോള്‍ ഈ സമയത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഗൗരിക്കും അറിയാമല്ലോ എന്നും എന്നിട്ടും സംസാരിക്കണം എന്നാണ് അവള്‍ക്ക് തോന്നുന്നതെങ്കില്‍ സംസാരിക്കുക തന്നെയാണ് വേണ്ടതെന്ന് ലിസിയുടെ കഥാപാത്രം പറയുന്നുണ്ട്. അത്തരത്തില്‍ ചിന്തിക്കുന്ന സ്ത്രീകളും സമൂഹത്തില്‍ ഉണ്ടെന്ന് പ്രേക്ഷകരോട് പറയുകയാണ് സംവിധായകന്‍.

വിനോദിന് ഒരു അത്യാവശ്യം വരുമ്പോള്‍ അമ്മയുടെ സ്വര്‍ണം പോലും അവരറിയാതെ എടുത്ത് കൊടുക്കാന്‍ ഗൗരി തയ്യാറാകുന്നുണ്ട്. അതേസമയം വീണുപോകാതിരിക്കാനും സ്വയം നഷ്ടപ്പെടാതിരിക്കാനും അവര്‍ ശ്രദ്ധിക്കുന്നുണ്ട്.

അതേസമയം ഫ്‌ളാറ്റിന് മുന്‍പിലിരുന്ന് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്ന ഒരു പറ്റം സ്ത്രീകളേയും സീരീസ് കാണിക്കുന്നുണ്ട്. രാവിലെ ജോഗിങ്ങിന് ഇറങ്ങുന്ന സ്ത്രീയെ കാണുമ്പോള്‍ ഇവര്‍ക്ക് സഹിക്കുന്നില്ല. അവരെ കുറ്റം പറഞ്ഞ് കളിയാക്കാനും ഇവര്‍ മറക്കുന്നില്ല.

ഇക്കാലത്ത് ആണ്‍മക്കളെ എങ്ങനെ വിശ്വസിച്ച് ഈ പെണ്‍കുട്ടികള്‍ക്ക് കെട്ടിച്ചുകൊടുക്കുമെന്നാണ് കൂട്ടത്തില്‍ ഒരു സ്ത്രീ ചോദിക്കുന്നത്. ഇപ്പോഴത്തെ പെണ്‍പിള്ളാരൊക്കെ ഭയങ്കര ചൂസിയാണെന്നും അവര്‍ക്ക് അങ്ങനേയും ഇങ്ങനേയുമൊന്നും ആരേയും പിടിക്കില്ലെന്നും കുറ്റമായി ഇവര്‍ പറയുന്നുണ്ട്.

അത്തരത്തില്‍ മുന്‍തലമുറയിലെ സ്ത്രീകളേയും ഇന്നത്തെ തലമുറയിലെ പെണ്‍കുട്ടികളുടേയും അവരുടെ നിലപാടുകളേയും നീതി ബോധത്തേയുമെല്ലാം ചര്‍ച്ച ചെയ്യുകയാണ് ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍.

Content Highlight: Women in Love Under Construction Web Series