തിയേറ്ററില്‍ അധികം പോകാത്ത വൃദ്ധര്‍ ആദിപുരുഷ് കാണാന്‍ വരണമെന്നാണ് ആഗ്രഹം, കാരണം ഇത് രാമായണമാണല്ലോ: ഓം റൗട്ട്
Entertainment news
തിയേറ്ററില്‍ അധികം പോകാത്ത വൃദ്ധര്‍ ആദിപുരുഷ് കാണാന്‍ വരണമെന്നാണ് ആഗ്രഹം, കാരണം ഇത് രാമായണമാണല്ലോ: ഓം റൗട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th October 2022, 5:29 pm

റിലീസാവാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെ ട്രോളുകളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് ആദിപുരുഷ്. രാമായണത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ടീസറിനെതിരെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.

വമ്പന്‍ പ്രൊമോഷന്‍ പരിപാടികളുടെ അകമ്പടിയോടെയായിരുന്നു ടീസര്‍ ലോഞ്ച് നടന്നത്. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന വി.എഫ്.എക്‌സിനെതിരേയും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ചിത്രം പ്രേക്ഷകര്‍ കാണാന്‍ വരേണ്ടത് രാമായണമായതുകൊണ്ടാണെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ഓം റൗട്ട്.

‘ഈ സിനിമക്ക് വളരെ അപൂര്‍വമായി മാത്രം തിയേറ്ററില്‍ എത്തുന്ന പ്രേക്ഷകരെയായിരുന്നു ഞങ്ങള്‍ക്ക് ആവശ്യം. അധികം തിയേറ്ററില്‍ വരാത്ത പ്രായമായവര്‍, അതല്ലെങ്കില്‍ തിയേറ്ററുമായി ആക്‌സസ് ഇല്ലാത്ത സാധാരണക്കാരായ ജനങ്ങള്‍. ഞങ്ങള്‍ക്ക് ഇത്തരം വിഭാഗക്കാര്‍ തിയേറ്ററില്‍ വരണമെന്നാണ് ആഗ്രഹം. കാരണം ഇത് രാമായണമാണ്,’ ഓം റൗട്ട് പറയുന്നു.

ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയതോടെ ആദിപുരുഷിനെതിരെ ട്രോളുകളും നിറഞ്ഞിരുന്നു. ചിത്രത്തിന്റെ മോശം വി.എഫ്.എക്‌സിനെതിരെയായിരുന്നു ട്രോളുകള്‍. കോടികള്‍സ മുടക്കി കാര്‍ട്ടൂണ്‍ ചിത്രം നിര്‍മിച്ചു എന്നായിരുന്നു മിക്കവരുടെയും അഭിപ്രായം.

കഴിഞ്ഞ ദിവസം ചിത്രത്തിനെതിരെ ബോയ് കോട്ട് ക്യാമ്പെയ്നും തുടങ്ങിയിരുന്നു. ചിത്രത്തിന്റെ വി.എഫ്.എക്‌സിലെ പോരായ്മകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

പ്ലാനെറ്റ് ഓഫ് ദി ഏപ്‌സ്, അവഞ്ചേഴ്‌സ്, ഗെയിം ഓഫ് ത്രോണ്‍സ് വെബ് സീരിസ് എന്നിവയില്‍ നിന്നെല്ലാം കോപ്പിയടിച്ച രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. 1987ല്‍ പുറത്ത് വന്ന രാമാനന്ദ് സാഗറിന്റെ രാമയണത്തോട് പോലും കിടപിടിക്കാന്‍ ആദിപുരുഷിനാവില്ലെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുന്നുണ്ട്.

രാമായണത്തില്‍ രാമനേയും രാവണനേയും വിവരിച്ചിരിക്കുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് ആദിപുരുഷില്‍ അവതരിപ്പിച്ചിരിക്കുന്നത്. രാമന്‍ ശാന്തരൂപനും ദയാലുവുമാണെന്നും എന്നാല്‍ ആദിപുരുഷിലെ രാമനെ അഗ്രസീവായി അവതരിപ്പിക്കുന്നുവെന്നും നെറ്റിസണ്‍സ് പറയുന്നു. ചിത്രത്തില്‍ രാവണന് ഇസ്‌ലാമിക് രൂപം കൊടുത്തുവെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

ടി-സീരീസും റെട്രോഫിലിംസും ചേര്‍ന്ന് നിര്‍മിച്ച ആദിപുരുഷ് ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ തമിഴ്, മലയാളം, കന്നഡ പതിപ്പുകളിലും റിലീസ് ചെയ്യും. 2023 ജനുവരി 12നാണ് ആദിപുരുഷിന്റെ റിലീസ്. ചിത്രം വിദേശഭാഷകളിലും പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനായി ലോസ് ആഞ്ചലസ് ആസ്ഥാനമാക്കിയുള്ള പ്രമുഖ പ്രൊഡക്ഷന്‍ ഹൗസുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്.

Content Highlight:  Wish old people who don’t go to theaters come to see Adipurush because it’s Ramayana says Om Rout