Entertainment
ഞങ്ങള്‍ അന്നത്തെ സെലിബ്രേറ്റഡ് കപ്പിള്‍; ആ നടനൊപ്പമുള്ള കോമ്പോ ആളുകള്‍ക്ക് ഒരുപാട് ഇഷ്ടമായിരുന്നു: മീര ജാസ്മിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 27, 08:27 am
Thursday, 27th March 2025, 1:57 pm

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായ നടിക്ക് കരിയറിന്റെ തുടക്കത്തില്‍ തന്നെ ലോഹിതദാസ്, കമല്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരോടൊപ്പം സിനിമകള്‍ ചെയ്യാന്‍ സാധിച്ചിരുന്നു.

തന്റെ അഭിനയത്തിലൂടെ ദേശീയ – സംസ്ഥാന പുരസ്‌കാരങ്ങളടക്കം കരസ്ഥമാക്കിയ മീര ജാസ്മിന്‍ പിന്നീട് സിനിമാ കരിയറില്‍ ഒരു ഇടവേള എടുത്തിരുന്നു. ശേഷം സത്യന്‍ അന്തിക്കാടിനെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മകള്‍ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലേക്ക് തിരിച്ചുവന്നത്.

ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ് മീര ജാസ്മിന്‍. ദ ടെസ്റ്റ് എന്ന തമിഴ് സിനിമയാണ് മീര ജാസ്മിന്റേതായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. നെറ്റ്ഫ്‌ളിക്‌സിലാണ് ഈ സിനിമ റിലീസിനെത്തുന്നത്.

മീര ജാസ്മിന് പുറമെ മാധവന്‍, സിദ്ധാര്‍ത്ഥ്, നയന്‍താര തുടങ്ങിയ മികച്ച താരനിരയാണ് ഈ സിനിമയില്‍ ഉള്ളത്. ഇപ്പോള്‍ മാധവനെ കുറിച്ചും ദ ടെസ്റ്റ് സിനിമയെ കുറിച്ചും പറയുകയാണ് മീര ജാസ്മിന്‍.

മാധവനൊപ്പം ചെയ്ത റണ്‍ (2002) ആയിരുന്നു മീരയുടെ ആദ്യ തമിഴ് ചിത്രം. 2004ല്‍ മണിരത്നം സംവിധാനം ചെയ്ത് ഇറങ്ങിയ ആയുധ എഴുത്ത് എന്ന സിനിമക്ക് ശേഷം മീരയും മാധവനും സിദ്ധാര്‍ഥും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് ദ ടെസ്റ്റ്.

‘ഈ സിനിമ ചെയ്യാന്‍ പറ്റിയതില്‍ ഒരുപാട് സന്തോഷമുണ്ട്. നെറ്റ്ഫ്‌ളിക്‌സിന്റെ കൂടെ ആദ്യമായിട്ടാണ് ഒരു പ്രൊജക്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ടെസ്റ്റ് സിനിമ വളരെ സ്‌പെഷ്യലാണെന്ന് വേണം പറയാന്‍.

വളരെ മികച്ച നല്ല സിനിമയാണ്. എല്ലാവരും കണ്ടിട്ട് അഭിപ്രായങ്ങള്‍ പറയണം. എന്റെ കൂടെ രണ്ട് മികച്ച അഭിനേതാക്കളുണ്ട്. മാഡിയും (മാധവന്‍) സിദ്ധാര്‍ത്ഥും.

മാഡിയുമായി ഞാന്‍ മുമ്പും വര്‍ക്ക് ചെയ്തിട്ടുണ്ട്. എനിക്കും മാഡിക്കും ഇടയിലെ ബന്ധം എല്ലാവര്‍ക്കും അറിയുന്നതാണ്. ഒരു കാലത്ത് ഏറ്റവും കൂടുതല്‍ സെലിബ്രേറ്റ് ചെയ്യപ്പെട്ട ഓണ്‍ സ്‌ക്രീന്‍ കപ്പിളായിരുന്നു ഞങ്ങള്‍ എന്നാണ് എനിക്ക് തോന്നുന്നത്.

ആളുകള്‍ എനിക്കും മാഡിക്കും വേണ്ടി ഫൈറ്റ് ചെയ്യുമായിരുന്നു. അവര്‍ക്കൊക്കെ ഞങ്ങളുടെ കോമ്പോ അത്രയേറെ ഇഷ്ടമായിരുന്നു. ആ കോമ്പിനേഷന്‍ എനിക്ക് ഇന്നും ഓര്‍മയുണ്ട്. ഞങ്ങള്‍ വീണ്ടും സിനിമയിലൂടെ ഒന്നിക്കുകയാണ്.

പിന്നെ സിദ്ധാര്‍ത്ഥും ഈ സിനിമയിലുണ്ട്. ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ച് വര്‍ക്ക് ചെയ്തത് വളരെ മികച്ച അനുഭവം തന്നെയായിരുന്നു. ഞങ്ങളുടെ ഈ കോമ്പിനേഷന്‍ എനിക്ക് വളരെ സ്‌പെഷ്യലാണ്,’ മീര ജാസ്മിന്‍ പറയുന്നു.

Content Highlight: Meera Jasmine Talks About Madhavan