Advertisement
Entertainment
ജിംഖാന റിയല്‍ ലൈഫ് ഇന്‍സ്പയര്‍ഡാണ്; അന്ന് കൂടെ ഉണ്ടായിരുന്ന ആളാണ് സിനിമയുടെ ക്യാമറമാന്‍: ഖാലിദ് റഹ്‌മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 11, 05:44 am
Friday, 11th April 2025, 11:14 am

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ഏറ്റവും പുതിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. അനുരാഗ കരിക്കിന്‍ വെള്ളം മുതല്‍ തല്ലുമാല വരെ ദൃശ്യ സമ്പന്നമായ ഒരു പിടി കാഴ്ച്ചകള്‍ സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം.

ഇപ്പോള്‍ ആലപ്പുഴ ജിംഖാന തന്റെ യഥാര്‍ത്ഥ ജീവിതത്തിലെ അനുഭവങ്ങളില്‍ നിന്നുണ്ടായ സിനിമയാണെന്ന് പറയുകയാണ് ഖാലിദ് റഹ്‌മാന്‍.

ആലപ്പുഴ ജിംഖാന റിയല്‍ ലൈഫില്‍ നിന്ന് പ്രചോദനം നേടിയുണ്ടായ സിനിമയാണെന്നും താനും തന്റ സുഹൃത്തുകളും പണ്ട് ഇതുപോലെ ബോക്‌സിങ് പഠിക്കാന്‍ പോയിട്ടുണ്ടെന്നും മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഖാലിദ് റഹ്‌മാന്‍ പറയുന്നു. പകുതി മുക്കാല്‍ ഭാഗത്തോളം നമ്മള്‍ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് സിനിമയില്‍ ഉള്ളതെന്നും ക്യാമറമാന്‍ ജിംഷി ഖാലിദിന് ഈ സ്‌റ്റോറി വ്യക്തമായിട്ടറിയാമെന്നും അദ്ദേഹം പറയുന്നു. ക്ലബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു ഖാലിദ് റഹ്‌മാന്‍.

‘ഇത് റിയല്‍ ലൈഫ് ഇന്‍സ്പയര്‍ഡായിട്ടുള്ള സിനിമയാണ്. പ്ലസ് വണ്‍ പ്ലസ് ടൂവിന് പഠിക്കുന്ന സമയത്ത് ഞാനും എന്റെ സുഹ്യത്തുക്കളും കൂടെ ഇതിനു സമാനമായ സാഹചര്യത്തിലൂടെ കടന്ന് പോകുകയും പിന്നീട് ഞങ്ങള്‍ ബോക്‌സിങ് പഠിക്കാന്‍ ജോയിന്‍ ചെയ്യുകയും ഉണ്ടായിരുന്നു. ആ സമയത്ത് എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുണ്ട്, ഒരുമിച്ച് പഠിക്കുന്നവരുണ്ട് അങ്ങനെ ഞങ്ങള്‍ ഒരു ജില്ലാ കോമ്പറ്റീഷനില്‍ പങ്കെടുക്കുകയുണ്ടായി, അങ്ങനെയുള്ള കുറച്ച് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

കൊച്ചിന്‍ ക്ലബ് എന്നൊരു ക്ലബ് ഞങ്ങള്‍ക്ക് കൊച്ചിയില്‍ ഉണ്ടായിരുന്നു. അവിടെയാണ് എല്ലാ വര്‍ഷവും ഇത്തരത്തിലുള്ള മത്സരങ്ങളൊക്കെ നടത്തി കൊണ്ടിരുന്നത്. അവിടെയാണ് ഞങ്ങള്‍ പഠിച്ചിരുന്നത്. അതിന്റെ ഭാഗമായി സ്റ്റേറ്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ അടങ്ങുന്ന സംഘം കൊച്ചി ബേസ് ചെയ്ത് പോയിരുന്നു.

ആലപ്പുഴ ജിംഖാനയില്‍ സിനിമക്ക് വേണ്ടി ആഡ് ചെയ്ത കുറച്ച് കാര്യങ്ങള്‍ ഉണ്ട് എന്നല്ലാതെ, എഴുപത് എണ്‍പത് ശതമാനത്തോളം അവിടെ നമ്മള്‍ വിറ്റ്‌നെസ് ചെയ്ത കാര്യങ്ങളൊക്കെയാണ് സിനിമയിലുള്ളത്. എന്റെ കൂടെ ആ സമയത്ത് ഉണ്ടായിരുന്ന ആളാണ് ക്യാമറമാന്‍. അവന് ഈ കഥയും അവിടെയുണ്ടായിരുന്ന അനുഭവങ്ങളുമൊക്കെ അറിയാം,’ ഖാലിദ് റഹ്‌മാന്‍ പറയുന്നു.

Content Highlight: Khalid rahman says that  Alappuzha Gymkhana was inspired from his life.