national news
പകരചുങ്കത്തിന് മുന്നോടിയായി ഇന്ത്യയില്‍ നിന്നും യു.എസിലേക്ക് 600 ടണ്‍ ഐഫോണുകള്‍ കയറ്റിയയച്ചതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 11, 04:41 am
Friday, 11th April 2025, 10:11 am

ചെന്നൈ: അമേരിക്കയുടെ താരിഫ് ചുമത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായി ആപ്പിള്‍, ഇന്ത്യയില്‍ നിന്നും 600 ടണ്‍ ഐഫോണുകള്‍ കയറ്റിയയച്ചതായി റിപ്പോര്‍ട്ട്. താരിഫിനെ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആപ്പിള്‍ ഫോണുകള്‍ കയറ്റിയയച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കസ്റ്റംസ് ക്ലിയറന്‍സ് സമയം 30 മണിക്കൂറായി കുറക്കാന്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് ആപ്പിള്‍ ആവശ്യപ്പെട്ടതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരോടാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.

പുതിയ താരിഫ് നിലവില്‍ വരുന്നതിന് മുമ്പ് മാര്‍ച്ച് മുതല്‍ 100 ടണ്‍ വീതം ഐഫോണുകള്‍ അടങ്ങുന്ന ആറ് കാര്‍ഗോ വിമാനങ്ങള്‍ അയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ആപ്പിള്‍ ഉത്പന്നങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിര്‍മിക്കുന്ന ചൈനയില്‍ 125 ശതമാനമാണ് അമേരിക്ക തീരുവ ചുമത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള തീരുവ 26 ശതമാനമാണ്. ചൈനയില്‍ നിന്നും കയറ്റുമതി കുറയുന്നതിനെ നിയന്ത്രിക്കാനാണ് ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുമുള്ള 600 ടണ്‍ കയറ്റുമതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിതരണ ശൃംഖലയില്‍ ഗണ്യമായ താരിഫ് ചെലവുകള്‍ വരുന്നതിന് മുമ്പ് അമേരിക്കന്‍ ഉപഭോക്താക്കളുടെ കൈകളില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള ശ്രമമായിരിക്കാം ഈ പുതിയ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്..

ഇന്ത്യയില്‍ നിന്നുള്ള ആപ്പിള്‍ ഉത്പന്നങ്ങളുടെ നിര്‍മാണം വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഫോക്‌സോണ്‍ ഇന്ത്യ ഫാക്ടറികളില്‍ ഞായറാഴ്ച ഷിഫ്റ്റുകളിലടക്കം തൊഴിലാളികള്‍ ജോലി ചെയ്യുന്നതായും പറയുന്നു.

സാധാരണയായി ഞായറാഴ്ച തൊഴിലാളികള്‍ക്ക് അവധി ദിവസമാണെന്നും കഴിഞ്ഞ വര്‍ഷമായി 20 ദശലക്ഷം ഐഫോണുകള്‍ ഉത്പാദിപ്പിച്ചത് ഫോക്‌സോണില്‍ നിന്നാണെന്നും നിലവിലെ നടപടി നിര്‍മാണം ത്വരിതപ്പെടുത്തുന്നതിനായാണെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlight: 600 tons of iPhones were shipped from India to the US ahead of retaliatory tariffs