Kerala News
പാലക്കാട്ടെ ഭിന്നശേഷിക്കാര്‍ക്കുള്ള കെയര്‍ സെന്ററിന് ആര്‍.എസ്.എസ് നേതാവിന്റെ പേര്; തറക്കല്ലിടലില്‍ യൂത്ത് കോണ്‍ഗ്രസ്-ഡി.വൈ.എഫ്.ഐ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 11, 05:11 am
Friday, 11th April 2025, 10:41 am

പാലക്കാട്: ഭിന്നശേഷിക്കാര്‍ക്കുള്ള നൈപുണ്യ വികസന ഡേ കെയര്‍ സെന്ററിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസിന്റെയും ഡി.വൈ.എഫ്.ഐയുടെയും പ്രതിഷേധം. കെയര്‍ സെന്ററിന് ആര്‍.എസ്.എസ് നേതാവ് ഡോ. കെ.ബി. ഹെഡ്‌ഗേവാറിന്റെ സ്മാരകം എന്ന പേര് നല്‍കുന്നതിനെതിരെയാണ് പ്രതിഷേധം നടക്കുന്നത്.

തറക്കല്ലിടല്‍ ചടങ്ങ് നടത്തുകയില്ലെന്ന് മുദ്രാവാക്യം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധവുമായി സ്ഥലത്ത് എത്തിയത്.

പിന്നാലെയെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചടങ്ങിനായി മാറ്റിവെച്ചിരുന്ന കല്ല് ഉള്‍പ്പെടെ ദൂരേക്ക് വലിച്ചെറിയുകയും ചെയ്തു. പരിപാടി നടക്കുന്ന വേദിയുടെ സമീപത്തായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴ വെക്കുകയും ചെയ്തു.

കെയര്‍ സെന്ററിന് ആര്‍.എസ്.എസ് നേതാവിന്റെ പേര് നല്‍കുന്നത് രാഷ്ട്രീയ താത്പര്യത്തിന്റെ ഭാഗമാണെന്നും രാജ്യത്തിന് ഒരു സംഭാവനയും നല്‍കാത്ത ഒരാളുടെ പേരില്‍ എന്തിനാണ് സ്മാരകമെന്നും പ്രതിഷേധക്കാര്‍ ചോദിക്കുന്നു.

ബി.ജെ.പി ഭരണത്തിലുള്ള പാലക്കാട് നഗരസഭയുടെ തീരുമാനത്തിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസും ഡി.വൈ.എഫ്.ഐയും പ്രതിഷേധിക്കുന്നത്. പദ്ധതിയുടെ പേര് മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

പ്രതിഷേധത്തിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സ്ഥലത്ത് വൻ സംഘർഷ സാധ്യതയുണ്ട്. അതേസമയം തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശീധരൻ പറഞ്ഞു.

Content Highlight: RSS leader’s name for care center for differently-abled people in Palakkad; Youth Congress-DYFI protest at foundation stone laying