national news
ഇന്‍ഫോസിസില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 45 ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 27, 07:30 am
Thursday, 27th March 2025, 1:00 pm

മൈസൂരു: ഇന്‍ഫോസിസില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. ഒരു മാസം മുമ്പ് 350ഓളം ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് 40 ഓളം ട്രെയിനി ജീവനക്കാരെ നീക്കിക്കൊണ്ടുള്ള ഇന്‍ഫോസിസിന്റെ നടപടി. മണി കണ്‍ട്രോളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

ഇന്റേണല്‍ അസസ്മെന്റുകളിലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്‍ഫോസിസിന്റെ മൈസൂരു കാമ്പസില്‍ നിന്നും 30 മുതല്‍ 45 വരെ ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കമ്പനിയുടെ ഫൗണ്ടേഷന്‍ സ്‌കില്‍സ് പരിശീലന പരിപാടിയുടെ ഭാഗമായിരുന്ന ട്രെയിനികള്‍ കൂടുതല്‍ തയ്യാറെടുപ്പുകള്‍, മോക്ക് അസസ്‌മെന്റുകള്‍, സംശയ നിവാരണ സെഷനുകള്‍ എന്നിവ നടത്തിയിട്ടും പാസിങ്ങ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് ഇന്‍ഫോസിസ് അധികൃതര്‍ പറയുന്നു.

രണ്ടര വര്‍ഷത്തിലധികമായി നിയമനം ലഭിക്കുന്നതിന് കാത്തിരിക്കുകയായിരുന്ന ഈ ട്രെയിനികള്‍ക്ക് കാര്യമായ ഓണ്‍ബോര്‍ഡിങ് കാലതാമസം നേരിടേണ്ടി വന്നതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം കമ്പനി ട്രെയിനി ജീവനക്കാര്‍ക്ക് രണ്ടാമതൊരു അവസരം കൂടി വാഗ്ദാനം ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

2024 ഒക്ടോബറില്‍ ജോലിയില്‍ പ്രവേശിച്ച 700ല്‍ 400 പേരെയായിരുന്നു നേരത്തെ പിരിച്ചുവിടാനൊരുങ്ങിയത്. ജോലിയില്‍ പ്രവേശിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഉദ്യോഗാര്‍ത്ഥികളെ കൊണ്ട് സ്ഥാപനം വീണ്ടും പരീക്ഷ എഴുതിച്ചിരുന്നു. ഈ പരീക്ഷയില്‍ തോറ്റവര്‍ ഉടന്‍ ക്യാമ്പസ് വിടണമെന്നായിരുന്നു നിര്‍ദേശം. രാജ്യത്തുടനീളമുള്ള ഇന്‍ഫോസിസ് ക്യാമ്പസുകളിലേക്കാണ് ആദ്യഘട്ടത്തില്‍ പരീക്ഷ നടന്നത്. എന്നാല്‍ 2022ല്‍ സാമ്പത്തിക മാന്ദ്യം ചൂണ്ടിക്കാട്ടി ഇന്‍ഫോസിസ് ജീവനക്കാരുടെ റിക്രൂട്ട്മെന്റ് നിര്‍ത്തിവെച്ചിരുന്നു.

ഇക്കാലയളവില്‍ ഇന്‍ഫോസിസിന്റെ സെലക്ഷന്‍ നോട്ടീസ് ലഭിക്കുകയും ജോയ്‌നിങ് നോട്ടീസ് ലഭിക്കാതിരുന്നതുമായ 1000ത്തോളം ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. അതേസമയം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ പാസാകാന്‍ മൂന്ന് തവണ അവസരം നല്‍കിയെന്നാണ് ഇന്‍ഫോസിസ് ഒരു പ്രസ്താവനയില്‍ പറയുന്നത്. അന്ന് ഇന്‍ഫോസിസിനെതിരെ ഐ.ടി ജീവനക്കാരുടെ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Content Highlight: report says,  Infosys to lay off 45 employees again