ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി 2024 ല്‍ പുറത്ത് വന്ന ബ്ലെസി ചിത്രമാണ് ആടുജീവിതം. മലയാളത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ വായിച്ച നോവലിന് ബ്ലെസി ചലചിത്ര ആവിഷ്‌കാരം നല്‍കിയപ്പോള്‍ നായകനായി അഭിനയിച്ചത് പൃഥ്വിരാജ് ആയിരുന്നു. മികച്ച ജനപ്രിയ ചിത്രം, മികച്ച നടന്‍ ഉള്‍പ്പെടെ ഏഴ് സംസ്ഥാന അവാര്‍ഡുകളായിരുന്നു ചിത്രം നേടിയിരുന്നത്.
ഇപ്പോള്‍ ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനത്തെ കുറിച്ച് ചിലര്‍ പറഞ്ഞ പ്രതികരണത്തെ കുറിച്ച് സംസാരിക്കുകയാണ് നടിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരന്‍.
അഡ്മിനിസ്‌ട്രേറ്റിവ് തലത്തിലും മറ്റുമുള്ളവര്‍ ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനത്തെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നുവെന്നും ചില സീനുകളില്‍ പൃഥ്വിയാണെന്ന് തോന്നുകയെ ഇല്ലായിരുന്നെന്നും അസാധ്യ പ്രകടനമായിരുന്നെന്ന് പറഞ്ഞിരുന്നുവെന്നും മല്ലിക സുകുമാരന്‍ പറയുന്നു. നല്ലതെന്ന് തോന്നിയാല്‍ അത് പറയുന്നവരുടെ മനസിന് വലിയ വലുപ്പമാണെന്നും മല്ലിക സുകുമാരന്‍ പറയുന്നു.മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സംസാരിക്കുകയായിരുന്നു അവര്‍.
‘എനിക്ക് ബ്ലെസി സാറിനോട് വലിയ നന്ദിയുണ്ട്. ആദ്യമായിട്ട് ദല്‍ഹിയില്‍ നിന്നുമൊക്കെ അഡ്മിനിസ്‌ട്രേറ്റിവ് തലത്തിലുള്ള വലിയ ആളുകളൊക്കെ എന്നോട് പറഞ്ഞു. ഞങ്ങള്‍ ഈ സിനിമ കണ്ടു, എല്ലാവരും കുറെ പറഞ്ഞ് കേട്ടിട്ടുണ്ട്. അതുകൊണ്ട് എന്താണ് പൃഥ്വിരാജ് ചെയ്തതെന്ന് അറിയാന്‍ വേണ്ടി തന്നെയാണ് ഞങ്ങള്‍ ഈ സിനിമ കണ്ടത് അല്ലാതെ ഈ പുസ്തകം ഞങ്ങള്‍ വായിച്ചിട്ടുളളതാണ്. അസാധ്യ പെര്‍ഫോമന്‍സായിരുന്നു. ചില സീനുകളില്‍ രാജുവാണെന്ന് തന്നെ തോന്നിയില്ല എന്നൊക്കെ അവര്‍ എന്നോട് പറഞ്ഞു.
അതൊക്കെ കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചു ദൈവമേ അവന്‍ അവിടെ ചെന്ന് കഷ്ടപെട്ടതിന് ഇത്രയും ആള്‍ക്കാര്‍ അത് നന്നായിട്ട് ചെയ്തിട്ടുണ്ടെന്ന് പറയുന്നുണ്ടല്ലോ. നല്ലത് എന്ന് തോന്നിയാലും അത് പുറത്ത് പറയാന്‍ ഉള്ള മനസുണ്ടല്ലോ, അങ്ങനെ നല്ലതെന്ന് തോന്നിയിട്ടും എനിക്ക് അങ്ങനെ വലിയ സംഭവമായിട്ടൊന്നും തോന്നിയില്ലെന്ന് പറയുന്ന കുഷാഗ്രബുദ്ധികളുണ്ട് ഈ നാട്ടില്‍. അങ്ങനെയൊക്കെ പറയാന്‍ മനസിനൊരു വലുപ്പം വേണം,’ മല്ലിക സുകുമാരന്‍ പറയുന്നു.
Content Highlight: Mallika sukumaran talks about some peoples responese over prithviraj’s performance in Aadujeevitham