വാഷിങ്ടൺ: ദക്ഷിണാഫ്രിക്കയിലെ യു.എസ് അംബാസിഡറായി ഇസ്രഈൽ അനുകൂല മാധ്യമ പ്രവർത്തകനെ നാമനിർദേശം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായ അവസ്ഥയിലായിരിക്കുന്ന സമയത്താണ് ട്രംപിന്റെ നീക്കം. മാധ്യമ പ്രവർത്തകനും ഇസ്രഈൽ അനുകൂല നിരൂപകനുമായ ലിയോ ബ്രെന്റ് ബോസെൽ മൂന്നാമനെയാണ് ട്രംപ് നാമനിർദേശം ചെയ്തത്.
ട്രംപിനെ വിമർശിച്ചതിന് ദക്ഷിണാഫ്രിക്കൻ അംബാസിഡർ ഇബ്രാഹിം റസൂലിനെ വാഷിങ്ടൺ പുറത്താക്കിയതിന് പിന്നാലെയാണ് ബോസലിനെ നാമനിർദേശം ചെയ്തത്. നാമനിർദേശം യു.എസ് സെനറ്റ് സ്ഥിരീകരിക്കേണ്ടതുണ്ട്.
മാർച്ച് 15നായിരുന്നു ദക്ഷിണാഫ്രിക്കൻ അംബാസിഡർ ഇബ്രാഹിം റസൂലിനെ അമേരിക്ക പുറത്താക്കിയത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ റസൂലിനെ വംശീയ വിദ്വേഷമുള്ള രാഷ്ട്രീയക്കാരനെന്നും അനാകർഷണീയമായ വ്യക്തിത്വം എന്നും വിളിച്ചിരുന്നു. ദക്ഷിണാഫ്രിക്കൻ അംബാസിഡറെ ഇനി അമേരിക്കയിലേക്ക് സ്വാഗതം ചെയ്യില്ലെന്നും അമേരിക്ക പറഞ്ഞു.
ഗസയിലെ യുദ്ധത്തിന്റെ പേരിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രഈലിനെതിരെ ദക്ഷിണാഫ്രിക്ക നിയമനടപടി സ്വീകരിച്ചതിനെ ട്രംപ് ഭരണകൂടം അപലപിക്കുകയും വെളുത്ത വംശജരായ ദക്ഷിണാഫ്രിക്കക്കാരുടെ ഭൂമി പിടിച്ചെടുക്കുന്നതിനായി ദക്ഷിണാഫ്രിക്കൻ സർക്കാർ വിവേചനം കാണിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
പിന്നാലെ ദക്ഷിണാഫ്രിക്കയിലെ ഭൂമി വിനിയോഗ നിയമത്തിനും ഇസ്രഈലിനെതിരായ ഐ.സി.ജെ കേസിനും പ്രതികാരമായി ദക്ഷിണാഫ്രിക്കയ്ക്കുള്ള സാമ്പത്തിക സഹായം നിർത്തിവച്ചുകൊണ്ടുള്ള ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഭൂമിയുടെ 85 ശതമാനവും വെള്ളക്കാരുടെ കൈവശമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ദക്ഷിണാഫ്രിക്കൻ സര്‍ക്കാര്‍ സ്വത്ത് കണ്ടുകെട്ടാനുള്ള നിയമം കൊണ്ടുവന്നത്.
വാണിജ്യ, സൈനിക, ആണവ ക്രമീകരണങ്ങൾ വികസിപ്പിക്കുന്നതിനായി ദക്ഷിണാഫ്രിക്ക ഇറാനുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അമേരിക്ക ആരോപിക്കുന്നു.
റഷ്യ ഉക്രൈനെ ആക്രമിച്ചപ്പോൾ ദക്ഷിണാഫ്രിക്ക പക്ഷം പിടിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് മുൻ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ കീഴിൽ യു.എസ്-ദക്ഷിണാഫ്രിക്ക ബന്ധം വഷളായിരുന്നു. 2023ൽ, അന്നത്തെ യു.എസ് അംബാസിഡർ റൂബൻ ബ്രിഗെറ്റി, ദക്ഷിണാഫ്രിക്ക റഷ്യയ്ക്ക് ആയുധങ്ങൾ നൽകുന്നുണ്ടെന്ന് ആരോപിച്ചിരുന്നു.
Content Highlight: Trump names pro-Israel media activist as US ambassador to South Africa