national news
ചെന്നൈ കാലാവസ്ഥ കേന്ദ്രത്തില്‍ അറിയിപ്പ് ഇനി ഹിന്ദിയിലും; കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
3 days ago
Thursday, 27th March 2025, 2:07 pm

ചെന്നൈ: തമിഴ്‌നാടും കേന്ദ്രവും തമ്മിലുള്ള ഭാഷാപോര് രൂക്ഷമായിരിക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ പുതിയ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ചെന്നൈ കാലാവസ്ഥാ കേന്ദ്രത്തില്‍ വരുന്ന മുന്നറിയിപ്പുകള്‍ ഇനി ഹിന്ദിയിലും പുറത്തുവരുമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

നേരത്തെ കാലാവസ്ഥാ അറിയിപ്പുകള്‍ തമിഴിലും ഇംഗ്ലീഷിലുമായിരുന്നു വന്നിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഹിന്ദിയില്‍ കൂടി അറിയിപ്പ് നല്‍കുമെന്നാണ് കേന്ദ്രം പറയുന്നത്. പ്രാദേശിക കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇതുവരെ ഹിന്ദിയില്‍ അറിയിപ്പുകള്‍ നല്‍കുന്ന പതിവില്ലെന്നും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രത്തിന്റെ പ്രകോപനപരമായ നടപടിയാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പുതുച്ചേരി, കാരക്കല്‍, തമിഴ്‌നാട് എന്നീ മൂന്ന് മേഖലകളിലെ കാലാവസ്ഥാ കേന്ദ്രങ്ങളില്‍ ഹിന്ദിയില്‍ അറിയിപ്പുകള്‍ നല്‍കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.

ചെന്നൈ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം ഹിന്ദിയില്‍ ദൈനംദിന കാലാവസ്ഥാ റിപ്പോര്‍ട്ട് നല്‍കാന്‍ തീരുമാനിച്ചതിനെ സി.പി.ഐ.എം എം.പി. സു. വെങ്കിടേശന്‍ അപലപിച്ചു.

തമിഴ്നാടിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍, ദുരന്ത പ്രവചനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്നും തമിഴ്നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനെ കുറിച്ച് ബി.ജെ.പി ചിന്തിക്കുന്നില്ലെന്നതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേന്ദ്രത്തിന്റെ നീക്കം ഇപ്പോള്‍ ചെന്നൈ കാലാവസ്ഥാ കേന്ദ്രത്തില്‍ വലിയ വിവാദത്തിനും എതിര്‍പ്പിനും കാരണമായതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlight: Chennai Meteorological Centre to now issue notifications in Hindi; new directive from the Centre