സഖ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ അഖിലേഷ് യാദവുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും; കോണ്‍ഗ്രസ്
national news
സഖ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ അഖിലേഷ് യാദവുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും; കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th December 2018, 7:17 pm

ലക്‌നൗ: 2019 പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യം ചേരില്ലെന്ന അഖിലേഷ് യാദവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സഖ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് രാജ്ഭര്‍. പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിക്കുമെന്നും കോണ്‍ഗ്രസും എസ്.പിയും ഒരുമിച്ച് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

“സമാജ് വാദി പാര്‍ട്ടിയുടെ നേതാവിന്റെ പ്രസ്താവനയില്‍ അദ്ദേഹത്തിന്റെ അമര്‍ഷമാണ് കാണുന്നത്. കോണ്‍ഗ്രസും എസ്.പി നേതൃത്വവും പ്രശ്‌നങ്ങള്‍ സംസാരിച്ച് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. ജനങ്ങള്‍ക്ക് ഞങ്ങള്‍ ഒരുമിച്ച് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹം”- അദ്ദേഹം പറഞ്ഞു.

Also Read കോണ്‍ഗ്രസിന് തിരിച്ചടി; ഫെഡറല്‍ മുന്നണിയോടാണ് താല്‍പര്യമെന്ന് അഖിലേഷ് യാദവ്

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മുന്നോട്ടു വെക്കുന്ന പ്രതിപക്ഷ സഖ്യത്തോടാണ് താത്പര്യമെന്ന് പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ജയിച്ച ഏക എസ്.പി സ്ഥാനാര്‍ത്ഥിയെ ക്യാബിനറ്റില്‍ ഉള്‍പെടുത്താഞ്ഞതാണ് അഖിലേഷ് യാദവിനെ ചൊടിപ്പിച്ചതെന്നാണ് സൂചന.

കോണ്‍ഗ്രസിന് നന്ദിയെന്നും മധ്യപ്രദേശിലെ എസ്.പിയുടെ ഏക എം.എല്‍.എ മന്ത്രിയാകാത്തത് കൊണ്ട് തങ്ങള്‍ക്ക് മുന്നില്‍ തുറന്ന വഴിയാണുള്ളതെന്നും അഖിലേഷ് പറഞ്ഞിരുന്നു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ വിശാല മുന്നണിക്കു ബദലായാണ് ചന്ദ്രശേഖര റാവു ഫെഡറല്‍ മുന്നണിക്കു രൂപം കൊടുത്തത്. മുന്നണി രൂപവത്കരണ ശ്രമത്തിന്റെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുമായും നവീന്‍ പട്‌നായിക്കുമായും ചന്ദ്രശേഖര റാവു കൂടിക്കാഴ്ച നടത്തിയിരുന്നു.

ബി.എസ്.പി നേതാവ് മായാവതിയുമായും റാവു കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. 2019ലെ തെരഞ്ഞെടുപ്പില്‍ യു.പി.എ, എന്‍.ഡി.എ മുന്നണികള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന കണക്കുകൂട്ടലിലാണ് കെ.സി.ആറിന്റെ നീക്കം.