റേസ് കോഴ്‌സ് റോഡോ, പാര്‍ലമെന്റ് ഹൗസോ, എവിടെയായാലും 15 മിനിറ്റ് മതി; മോദിയെ വീണ്ടും സംവാദത്തിനു വെല്ലുവിളിച്ച് രാഹുല്‍
ന്യൂദല്‍ഹി: 15 മിനിറ്റ് ലഭിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംവാദത്തില്‍ തോല്‍പ്പിക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭയമില്ലെങ്കില്‍ തന്റെ കൂടെ സംവാദത്തില്‍ ഏര്‍പ്പെടണമെന്നു രാഹുല്‍ വെല്ലുവിളിച്ചു.
‘ഞാന്‍ പ്രധാനമന്ത്രിയെ ഒരു സംവാദത്തിനു വെല്ലുവിളിച്ചിരുന്നു. റേസ് കോഴ്‌സ് റോഡോ പാര്‍ലമെന്റോ, മോദി പറയുന്ന എവിടെ വേണമെങ്കിലും അതാകാം. ഞാന്‍ 15 മിനിറ്റേ സംസാരിക്കൂ. അദ്ദേഹത്തിന് മൂന്നുമണിക്കൂര്‍ സംസാരിക്കാം. പക്ഷേ ആ 15 മിനിറ്റിനുള്ളില്‍ അദ്ദേഹം തോല്‍ക്കും. അദ്ദേഹത്തിന് എന്നോടു സംവാദത്തിലേര്‍പ്പെടാനാകില്ല. കാരണം, അദ്ദേഹത്തിനു ഭയമാണ്.’- പഞ്ചാബില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക ബംഗ്ലാവ് ദല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലാണ്. അതിനെ ഔദ്യോഗികമായി വിളിക്കുന്നത് റേസ് കോഴ്‌സ് റോഡെന്നാണ്.
മോദിയുമായി 15 മിനിറ്റ് സംവാദത്തിലേര്‍പ്പെടുന്ന കാര്യം രാഹുല്‍ ആദ്യമായല്ല പറയുന്നത്. 15 മിനിറ്റ് പോലും ലോക്‌സഭയില്‍ ചെലവഴിക്കാനും തങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും സമയമില്ലാത്ത പ്രധാനമന്ത്രി ലോകം മുഴുവന്‍ ചുറ്റുന്നുണ്ടെന്നു രാഹുല്‍ നേരത്തേ ആരോപിച്ചിരുന്നു.
‘ചൗക്കീദാര്‍’ രാജ്യത്തെ എത്രത്തോളം കൊള്ളയടിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ അറിയേണ്ടതുണ്ടെന്ന് രാഹുല്‍ ഇന്നു നേരത്തേ മോദിയെ ഉദ്ദേശിച്ച് പറഞ്ഞിരുന്നു. നോട്ട് നിരോധനം മോദിയുടെ സാമ്പത്തിക ഭ്രാന്തായിരുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച് കൊണ്ടുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് അന്ന് രാത്രി എട്ടു മണിക്ക് അദ്ദേഹം എന്താണ് കഴിച്ചതെന്ന് അറിയില്ലെന്നും രാഹുല്‍ പറഞ്ഞു.
13 ലോക്‌സഭാ സീറ്റുകളുള്ള പഞ്ചാബ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19-നാണ് പോളിങ് ബൂത്തിലെത്തുക.