മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് അജു വർഗീസ്. 2010ൽ വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയർ ആരംഭിക്കുന്നത്. പിന്നീട് ചെറുതും വലുതുമായ സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്യാൻ അജുവിന് സാധിച്ചിരുന്നു.
അജു വർഗീസിനോടൊപ്പം മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് വന്ന നടനാണ് നിവിൻ പോളി. പിന്നീട് മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടാകാൻ ഇരുവർക്കും കഴിഞ്ഞു. തട്ടത്തിൻ മറയത്ത്, ഒരു വടക്കൻ സെൽഫി, ഓം ശാന്തി ഓശാന, സെവൻസ്, ലവ് ആക്ഷൻ ഡ്രാമ, വർഷങ്ങൾക്ക് ശേഷം തുടങ്ങി നിരവധി ചിത്രങ്ങൾ ഇരുവരുമൊന്നിച്ച് ചെയ്തു.
ഇപ്പോൾ നിവിൻ പോളിയെ കുറിച്ച് സംസാരിക്കുകയാണ് അജു വർഗീസ്. നിവിൻ പോളി ഒരു ഫുട്‌ബോൾ പ്ലെയർ ആയിരുന്നുവെന്നും ആ മേഖലയിൽ നിവിൻ പ്രശസ്തനായിരുന്നുവെന്നും അജു വർഗീസ് പറയുന്നു. എന്നാൽ നിവിൻ പോളി അഭിനയിക്കുമെന്ന കാര്യം ആർക്കുമറിയില്ലായിരുന്നുവെന്നും മലർവാടിയുടെ ക്യാമ്പിൽ വെച്ചാണ് പിന്നീട് ഇരുവരും കാണുന്നതെന്നും അജു പറഞ്ഞു. ലൈഫ് നെറ്റ് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിവിൻ പോളി വളരെ നല്ല ഫുട്ബോൾ പ്ലെയർ ആയിരുന്നു. ഫുട്ബോൾ പ്ലെയർ എന്ന രീതിയിൽ നിവിൻ അത്യാവശ്യം പ്രശസ്തനായിരുന്നു. പക്ഷെ അവൻ അഭിനയിക്കും എന്ന കാര്യം എനിക്കും അറിയില്ലായിരുന്നു. അവൻ്റെ ഈ സൈഡ് അധികം ആർക്കും അങ്ങനെ അറിയില്ലായിരുന്നു. എൻ്റെ അറിവിൽ അവൻ സ്റ്റേജിൽ കയറി ഒരു പരിപാടിയും കാണിച്ചിട്ടില്ല.
നിവിൻ പോളി വളരെ നല്ല ഫുട്ബോൾ പ്ലെയർ ആയിരുന്നു. ഫുട്ബോൾ പ്ലെയർ എന്ന രീതിയിൽ നിവിൻ അത്യാവശ്യം പ്രശസ്തനായിരുന്നു
പിന്നെ ഞാൻ അവനെ കാണുന്നത് മലർവാടിയുടെ ക്യാമ്പിൽ വെച്ചാണ്. ഓഡിഷന് സെലക്ടായ 25 പേരിൽ നിന്ന് അഞ്ച് പേരുള്ള ഗ്രൂപ്പുകളായി തിരിക്കും. അങ്ങനെ ആലുവ വൈ.എം.സിയിൽ വെച്ച് ക്യാമ്പ് നടന്നു. ഇവർ സ്വന്തമായി തിരക്കഥയെഴുതി വന്ന് അഭിനയിക്കണം. ഇതെല്ലാം വിനീതിൻ്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ഞാൻ ഗൂഗിളിൽ നിന്ന് കോപ്പിയടിച്ച തിരക്കഥയുമായി പോകും. അവിടെ വെച്ചാണ് ഞാൻ അവനെ പിന്നെ കാണുന്നത്,’ അജു വർഗീസ് പറയുന്നു.
Content Highlight: Aju Varghese Talks About Nivin Pauly