Kerala News
കൊയ്തെടുത്ത നെല്ല് മെതിച്ചെടുക്കാൻ കഴിയാതായതോടെ നിവർത്തികെട്ട് നെൽകറ്റ കത്തിച്ച് കളഞ്ഞ് കർഷകൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 19, 01:08 am
Saturday, 19th April 2025, 6:38 am

കുട്ടനാട്: കൊയ്തെടുത്ത നെല്ല് മെതിച്ചെടുക്കാൻ കഴിയാതായതോടെ നിവർത്തികെട്ട് നെൽകറ്റ കത്തിച്ച് കളഞ്ഞ് കർഷകൻ. നിലംപേരൂരിലെ മുക്കോടി പാടശേഖരത്തിലെ കർഷകനായ ടി.വി യോഹന്നാനാണ് ഈ ദുരവസ്ഥ. അദ്ദേഹം കൃഷി ചെയ്ത 50 ക്വിന്റലോളം വരുന്ന നെല്ലാണ് മറ്റൊരു നിവർത്തിയുമില്ലാതെ കത്തിച്ച് കളയേണ്ടി വന്നത്.

200 ഏക്കറോളം വരുന്ന മുക്കോടി പാടശേഖരത്തിലെ നാലര ഏക്കറിലായിരുന്നു യോഹന്നാൻ കൃഷിയിറക്കിയത്. ഭൂമി പാട്ടത്തിനെടുത്തായിരുന്നു കൃഷിയിറക്കിയത്. രണ്ട് ഏക്കർ വരുന്ന ഭൂമിയിലെ കൊയ്ത്തും നെല്ല് സംഭരണവും തടസം കൂടാതെ നടന്നു. വേനൽ മഴ എത്തിയതോടെ കൊയ്ത്ത് യന്ത്രം പലതവണ പാടത്ത് താഴ്ന്നു. വൈകാതെ യന്ത്രവുമായെത്തിയവർ ജോലി മതിയാക്കി പോയി.

ബാക്കി രണ്ടര ഏക്കറിൽ കൊയ്ത്തിന് യോഹന്നാൻ യന്ത്രം ലഭിച്ചില്ല. ഇതോടെ അതിഥി തൊഴിലാളികളെ വെച്ച് നെല്ല് കൊയ്തെടുത്തു. 50,00 രൂപയോളം അതിന് മാത്രം ചെലവായതായി അദ്ദേഹം പറഞ്ഞു.

തുടർന്ന് കറ്റ മെതിക്കാനായുള്ള യന്ത്രത്തിനായി പലരെയും സമീപിച്ചെങ്കിലും ആരും വന്നില്ല. അതോടെ കൂട്ടിയിട്ട കറ്റ മഴയത്ത് ചീഞ്ഞ് തുടങ്ങി. പാടശേഖരത്തിന്റെ സെക്രട്ടറിയെ സമീപിച്ചെന്നും എന്നാൽ അദ്ദേഹത്തിന്റെ മറുപടി കൂടുതൽ തളർത്തിയെന്നും യോഹന്നാൻ പറയുന്നു.

‘പാടശേഖരത്തിന്റെ സെക്രട്ടറിയെ ഞാൻ സമീപിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞത് എന്തെങ്കിലും ചെയ്യൂ എന്നായിരിക്കുന്നു. അത് കൂടി കേട്ടപ്പോൾ മനസ് മടുത്തുപോയി. മാനസികമായി വല്ലാതെ സമ്മർദ്ദത്തിലായി പോയി. പിന്നീട് വേറെയൊന്നും നോക്കാൻ പറ്റിയില്ല,’ അദ്ദേഹം പറഞ്ഞു.

പാട്ടത്തിനെടുത്ത സ്ഥലത്ത് നിന്നും നെല്ലും കറ്റയും എടുത്ത് മാറ്റണം. അതിനായി 10 ,00 രൂപയിലേറെ വീണ്ടും ചെലവ് വരും. എല്ലാം തകർന്ന അവസ്ഥയിൽ അതിനുള്ള വകയില്ലയെന്നും പറയുകയാണ് യോഹന്നാൻ.

25 വർഷത്തിലധികമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ഇങ്ങനൊരു അവസ്ഥ എന്നും അദ്ദേഹം പറയുന്നു. ‘എനിക്ക് ഒരു രക്ഷയും ഉണ്ടായിരുന്നുള്ള. അന്നമല്ലേ കത്തിക്കാൻ പറ്റുമോ എന്ന ചിന്ത ഉണ്ടായിരുന്നു. പക്ഷെ എന്ത് ചെയ്യാൻ പറ്റും,’ അദ്ദേഹം കൂട്ടിച്ചേർത്തു. . സ്വർണ്ണം പണയം വെച്ചും ലോൺ എടുത്തുമാണ് കൃഷി ഇറക്കിയത്. വീട്ടിൽ ഭിന്നശേഷിക്കാരായ രണ്ട് മക്കളാണ് അദ്ദേഹത്തിനുള്ളത്.

 

Content Highlight: Unable to thresh the harvested rice, the farmer burned the rice paddy in despair