തിരുവനന്തപുരം: പാര്‍ട്ടി വേദികളിലല്ലാതെ പാര്‍ട്ടിയ്‌ക്കെതിരെ സംസാരിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ കെ.എം. ഷാജിയോട് വിശദീകരണം തേടുമെന്ന് സാദിഖലി ശിബാഹ് തങ്ങള്‍. പരസ്യമായുള്ള അഭിപ്രായ പ്രകടനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കെതിരായ വിമര്‍ശനങ്ങള്‍ പാര്‍ട്ടി വേദിയിലാണ് പറയേണ്ടതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മസ്‌കത്ത് പര്യടനം കഴിഞ്ഞ തിരിച്ചെത്തിയാല്‍ ഇത് സംബന്ധിച്ച് കെ.എം. ഷാജിയോട് വിശദീകരണം ചോദിക്കുമെന്നും തങ്ങള്‍ പറഞ്ഞു.
പാര്‍ട്ടി വേദികളിലല്ലാതെ പാര്‍ട്ടിക്കെതിരായ വിമര്‍ശനങ്ങള്‍ കെ.എം. ഷാജി പരസ്യമായി പറയുന്നുണ്ടെന്ന ആരോപണങ്ങള്‍ ലീഗിനുള്ളില്‍ നിന്നുതന്നെ നേരത്തെ ഉയര്‍ന്നിരുന്നു. മലപ്പുറത്തുചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കെ.എം. ഷാജിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.
ഉംറ നിര്‍വഹിക്കാനെത്തിയ കെ.എം. ഷാജി സൗദിയിലെ പൊതുപരിപാടിയില്‍ വെച്ച് പാര്‍ട്ടിയെ വിമര്‍ശിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നാട്ടിലെത്തിയാല്‍ വിഷയത്തില്‍ കെ.എം. ഷാജിയോട് വിശദീകരണം തേടുമെന്ന സാദിഖലി തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
പത്ര-ദൃശ്യമാധ്യമങ്ങള്‍, പൊതുവേദികള്‍, സമൂഹമാധ്യമങ്ങള്‍ എന്നിവിടങ്ങളില്‍ പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നതിന് തടയിടാന്‍ ലീഗ് യോഗം തീരുമാനിച്ചിരുന്നു. ഇതിനായി അഞ്ചംഗ സമിതിയെ നിയോഗിക്കാനാണ് നീക്കം.