ന്യൂദൽഹി: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ വിശദീകരണവുമായി പാകിസ്ഥാൻ. ഭീകരാക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും പാകിസ്ഥാൻ ഭീകരതയെ എതിർക്കുന്നുമെന്നുമാണ് വിശദീകരണം. പാകിസ്ഥാൻ പ്രതിരോധ വകുപ്പ് മന്ത്രി ഖവാജ ആസിഫ് ആണ് വിശദീകരണവുമായെത്തിയിരിക്കുന്നത്.
ഇന്ത്യ തന്നെ തങ്ങളുടെ രാജ്യത്തിനുള്ളിൽ അസ്വസ്ഥത വളർത്തുകയാണെന്ന് ഖവാജ ആസിഫ് കുറ്റപ്പെടുത്തി. ആക്രമണത്തിൽ നിരവധി ജീവനുകൾ നഷ്ടപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ച പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ആക്രമണം നടത്തിയത് കശ്മീരിൽ ഉള്ളവർ തന്നെയെന്ന് ആരോപിച്ചു.
‘പാകിസ്ഥാന് ഇതുമായി യാതൊരു ബന്ധവുമില്ല. ഇതെല്ലാം അവർ സ്വന്തം നാട്ടിൽ വളർത്തിയതാണ്. ഇന്ത്യൻ സർക്കാരിനെതിരെ ഒന്നല്ല, രണ്ടല്ല, ഡസൻ കണക്കിന് സംസ്ഥാനങ്ങളിൽ വിപ്ലവങ്ങൾ നടക്കുന്നുണ്ട്. നാഗാലാൻഡ് മുതൽ കശ്മീർ വരെയും, തെക്ക്, ഛത്തീസ്ഗഢ്, മണിപ്പൂർ വരെയും ഇന്ത്യൻ സർക്കാരിനെതിരെ വിപ്ലവങ്ങൾ നടക്കുന്നുണ്ട്,’ അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, രാജ്യത്തെയാകെ ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്നുള്ള സൂചനകള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ബൈസരൻ വാലിയിൽ നടന്നത് ലഷ്കർ – ഐ.എസ്.ഐ ആസൂത്രിത ആക്രമണമെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. ലഷ്കർ ഇ തൊയ്ബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരരെത്തിയത് രണ്ട് ബൈക്കുകളിലായാണെന്നാണ് സൂചന.
ആക്രമണത്തിൽ ഇതുവരെ 29 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്.
അതേസമയം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ വീണ്ടും സംഘർഷം ഉണ്ടായതായി റിപ്പോർട്ട്. പൂഞ്ച് ജില്ലയിലെ മെന്ദാർ മേഖലയിലെ നിയന്ത്രണ രേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തിയെന്നാണ് റിപ്പോർട്ട്.
പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ജമ്മു കശ്മീർ പിസിസി പ്രസിഡന്റ് താരിഖ് കർറ എന്നിവരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ രാഹുൽ ഗാന്ധി അറിയിച്ചു.
Content Highlight: No role in attack, opposes terrorism: Pakistan clarifies on Pahalgam terror attack