Advertisement
Film News
ഒരു എമ്പുരാന്‍ കൂടിയെടുത്ത് തീവ്രവാദത്തെ വെളുപ്പിക്ക്, പഹല്‍ഗാം ആക്രമണത്തില്‍ മോഹന്‍ലാലിന്റെ അനുശോചന പോസ്റ്റില്‍ വിദ്വേഷ കമന്റുകളുമായി സംഘപരിവാര്‍ അനുകൂലികള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 23, 05:34 am
Wednesday, 23rd April 2025, 11:04 am

എമ്പുരാന്‍ എന്ന സിനിമ ചെയ്തതിന്റെ പേരില്‍ മോഹന്‍ലാലിനോടുള്ള വിദ്വേഷം മാറാതെ സംഘപരിവാര്‍. പഹല്‍ഗാം ഭീകരാക്രമണത്തില്‍ അനുശോചിച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ പോസ്റ്റിന് വിദ്വേഷ കമന്റുകളുമായാണ് സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ മോഹന്‍ലാലിനോടും സംവിധായകന്‍ പൃഥ്വിരാജിനോടുമുള്ള വിദ്വേഷമാണ് കമന്റ് ബോക്‌സില്‍ സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിക്കുന്നത്.

‘ഒരു എമ്പുരാന്‍ കൂടിയെടുത്ത് തീവ്രവാദത്തെ വെളുപ്പിക്ക്’, ‘സയീദ് മസൂദുമാരെ സൂക്ഷിക്കുക’, ‘ഇതില്‍ പലതും വെട്ടിമാറ്റിയിട്ട് എമ്പുരാന്റെ അടുത്ത ഭാഗം ഉണ്ടാക്ക്’ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. എമ്പുരാനില്‍ ഗുജറാത്ത് കലാപത്തിന് കാരണക്കാരായവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന വാദമായിരുന്നു സംഘപരിവാര്‍ അനുകൂലികളെ ചൊടിപ്പിച്ചത്.

‘പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഇരകള്‍ക്ക് വേണ്ടി എന്റെ ഹൃദയം വേദനിക്കുന്നു. ഇത്രയും ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കുന്നത് വളരെ വേദനാജനകമാണ്. നിരപരാധികളുടെ ജീവന്‍ അപഹരിക്കുന്നതിന് ഒരു കാരണവും ഒരിക്കലും ന്യായീകരിക്കാനാവില്ല.

ദുഃഖിക്കുന്ന കുടുംബങ്ങള്‍ക്ക്, നിങ്ങളുടെ ദുഃഖം വാക്കുകള്‍ക്ക് അതീതമാണ്. നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് ദയവായി അറിയുക. മുഴുവന്‍ രാജ്യവും ദുഃഖത്തില്‍ നിങ്ങളോടൊപ്പം നില്‍ക്കുന്നു. നമുക്ക് പരസ്പരം കുറച്ചുകൂടി മുറുകെ പിടിക്കാം, ഇരുട്ടിന്റെ മുഖത്ത് പോലും സമാധാനം നിലനില്‍ക്കുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുത്’ എന്നാണ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

ഇതേ പോസ്റ്റ് എക്‌സിലും മോഹന്‍ലാല്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ള സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്നും മോഹന്‍ലാലിനെതിരെ കമന്റുകള്‍ വരുന്നുണ്ട്. ‘സന്തോഷമായോ ലാലേട്ടാ, ഇത് സയേദ് മസൂദിന്റെ ന്യായമായ പ്രതികാരം’, ‘പൃഥ്വിരാജിന്റെ കൂടെ ചേര്‍ന്ന് ഇനിയും തീവ്രവാദികളെ സപ്പോര്‍ട്ട് ചെയ്യുന്ന സിനിമകള്‍ ചെയ്യൂ,’ എന്നിങ്ങനെയാണ് എക്‌സിലെ കമന്റുകള്‍.

എമ്പുരാന്റെ ഭാഗമായ ടൊവിനോ തോമസിനെയും സംഘപരിവാര്‍ അനുകൂലികള്‍ വെറുതേ വിടുന്നില്ല. ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ടൊവിനോയുടെ പോസ്റ്റിന് താഴെയും ഇത്തരം വിദ്വേഷ കമന്റുകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. ‘സൗദി അറേബ്യയിലേക്ക് പോകുന്നില്ലേ’, ‘ഇന്നലെ നടന്നത് ഇപ്പോഴാണോ അറിയുന്നത്’ എന്നിങ്ങനെയുള്ള കമന്റുകളാണ് ടൊവിനോയുടെ പോസ്റ്റിന് വരുന്ന കമന്റുകള്‍.

Content Highlight: Hatred comments from sangh parivar profiles on Mohanlal’s post about Pahalgam terrorist attack