Entertainment
നമ്പര്‍ 20 മദ്രാസ് മെയിലിലേക്ക് വിളിച്ച സമയത്ത് മമ്മൂക്ക ജോഷി സാറിനോട് ഒരു സജഷന്‍ വെച്ചു, എന്നാല്‍ അത് ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 23, 06:54 am
Wednesday, 23rd April 2025, 12:24 pm

ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത് 1990ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നമ്പര്‍ 20 മദ്രാസ് മെയില്‍. മോഹന്‍ലാല്‍, ജഗദീഷ്, മണിയന്‍പിള്ള രാജു എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ മമ്മൂട്ടിയും ഭാഗമായിരുന്നു. മമ്മൂട്ടിയായി തന്നെയാണ് താരം വേഷമിട്ടത്. ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ജഗദീഷ്.

ചിത്രത്തിലേക്ക് മമ്മൂട്ടിയെ വിളിച്ചപ്പോള്‍ അദ്ദേഹം ഒരു സജഷന്‍ വെച്ചിരുന്നെന്ന് ജഗദീഷ് പറഞ്ഞു. മമ്മൂട്ടി താനായി വരാതെ മറ്റേതെങ്കിലും സൂപ്പര്‍സ്റ്റാറായി വന്നാല്‍ മതിയോ എന്ന് ചോദിച്ചെന്നും അങ്ങനെ ചെയ്താല്‍ തനിക്ക് ഈ സിനിമയില്‍ എന്തെങ്കിലും അഭിനയിക്കാനുണ്ടാകുമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

കുറച്ച് ജാഡയും തലക്കനവുമൊക്കെയുള്ള പ്രേം രാജ് എന്ന സൂപ്പര്‍സ്റ്റാറായി വന്നാല്‍ എങ്ങനെയുണ്ടാകും എന്ന് മമ്മൂട്ടി ചോദിച്ചെന്നും ജഗദീഷ് പറഞ്ഞു. അത് നല്ലതാണെന്ന് തനിക്കും തോന്നിയിരുന്നെന്നും അദ്ദേഹത്തിന് കുറച്ച് പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞേനെയെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മമ്മൂട്ടിയായി വരുമ്പോള്‍ ക്യാമറക്ക് മുന്നില്‍ അദ്ദേഹത്തിന്റെ സ്വഭാവങ്ങള്‍ കാണിക്കേണ്ടി വരുമെന്ന് ജഗദീഷ് പറഞ്ഞു.

എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നായിരുന്നു ജോഷിയുടെ മറുപടിയെന്ന് ജഗദീഷ് പറയുന്നു. അത് സിനിമക്ക് ഗുണം ചെയ്തിരുന്നെന്നും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം രേഖാചിത്രത്തില്‍ താന്‍ ജഗദീഷായി അഭിനയിച്ചപ്പോഴാണ് അന്ന് മമ്മൂട്ടി പറഞ്ഞതിനെക്കുറിച്ച് താന്‍ ചിന്തിച്ചതെന്നും ജഗദീഷ് പറഞ്ഞു. ആഭ്യന്തര കുറ്റവാളിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന പടത്തിലേക്ക് വിളിച്ച സമയത്ത് ജോഷി സാറിനോട് മമ്മൂട്ടി ഒരു സജഷന്‍ വെച്ചു. ‘ഞാന്‍ മമ്മൂട്ടിയായിട്ട് തന്നെ വരണോ, അതോ മറ്റേതെങ്കിലും സൂപ്പര്‍സ്റ്റാറായി വരണോ’ എന്നായിരുന്നു മമ്മൂട്ടി ചോദിച്ചത്. അത്യാവശ്യം ജാഡയും തലക്കനവുമൊക്കെയുള്ള ഒരു സൂപ്പര്‍സ്റ്റാറായി വന്നാല്‍ അദ്ദേഹത്തിന് അഭിനയിക്കാന്‍ എന്തെങ്കിലുമുണ്ടാകും.

അല്ലെങ്കില്‍ മമ്മൂട്ടി സിനിമക്ക് പുറത്ത് എങ്ങനെയാണോ അതുപോലെ തന്നെ ക്യാമറയുടെ മുന്നിലും പെരുമാറേണ്ടി വരും. അതില്‍ ന്യായമുണ്ടായിരുന്നു. പക്ഷേ, മമ്മൂട്ടിയുടെ സജഷന്‍ വേണ്ടെന്നായിരുന്നു ജോഷി സാര്‍ പറഞ്ഞത്. മമ്മൂട്ടിയായി വന്നാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് രേഖാചിത്രത്തില്‍ ഞാന്‍ ജഗദീഷായി തന്നെ വേഷമിട്ടപ്പോള്‍ മമ്മൂട്ടി പറഞ്ഞതിനെക്കുറിച്ച് ആലോചിച്ചു,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadeesh about Mammootty’s suggestion to Joshiy during No20 Madras Mail movie