മലപ്പുറം: പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിലൂടെ രാജ്യത്തെ സമാധാനത്തിന് ഭംഗം സംഭവിച്ചിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍.
എല്ലാവരും ഒറ്റക്കെട്ടായി ഭീകരവാദത്തെ എതിര്‍ക്കേണ്ടതുണ്ടെന്നും സാദിക്കലി തങ്ങള്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഭീകരവാദം ഒന്നിനും പരിഹാരമല്ല. ജനാധിപത്യ രീതിയിലാണ് പ്രതിഷേധങ്ങള്‍ അറിയിക്കേണ്ടത്. പഹല്‍ഗാമിലുണ്ടായ ആക്രമണം ഒരിക്കലൂം അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇത്തരം വിഷയങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കശ്മീര്‍ ലോകത്തുടനീളമുള്ള മനുഷ്യര്‍ ഉറ്റുനോക്കുന്ന ഇടമാണ്. പ്രത്യേക പദവി എടുത്തുകളഞ്ഞതിനാല്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം,’ സാദിക്കലി തങ്ങള്‍ പറഞ്ഞു.
ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മുവില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും സാദിക്കലി തങ്ങള്‍ പറഞ്ഞു. മതവും ഭീകരവാദവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും മതങ്ങള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും സാദിക്കലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനുപിന്നില്‍ അക്രമകാരികളാണ്. അക്രമകാരികളുടെ മതം അക്രമമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ടൂറിസം മേഖലയെ വളരെ മോശമായ രീതിയില്‍ ബാധിക്കും വിധത്തിലുള്ള ആക്രമണമാണ് പഹല്‍ഗാമിലുണ്ടായതെന്നും സാദിക്കലി തങ്ങള്‍ ചൂണ്ടിക്കാട്ടി.
‘അക്രമികളെ നേരിടുന്നത് എങ്ങനെയാണോ അതുപോലെ തന്നെ ഭീകരവാദികളെയും നേരിടണം. അതില്‍ മതത്തെ കൂട്ടിക്കുഴക്കരുത്,’ പി.കെ. കുഞ്ഞാലിക്കുട്ടി
ഭീകരവാദവും ഇസ്‌ലാം മതവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് ഇസ്‌ലാമിക ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാമെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അക്രമികള്‍ ഭീകരവാദത്തിനായി മതത്തെ ഉപയോഗിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
‘അക്രമികളെ നേരിടുന്നത് എങ്ങനെയാണോ അതുപോലെ തന്നെ ഭീകരവാദികളെയും നേരിടണം. അതില്‍ മതത്തെ കൂട്ടിക്കുഴക്കരുത്. എല്ലാ മതത്തിലും തീവ്രവാദികളുണ്ട്. എന്നാല്‍ അതിന് മതവുമായി ബന്ധമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ നമ്മള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സാഹചര്യമാണ്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എല്ലാ ആക്ഷനുകള്‍ക്കും പിന്തുണ അറിയിച്ചിട്ടുണ്ട്. അതേ നിലപാടാണ് ഇന്ത്യാ മുന്നണിയിലെ മുഴുവന്‍ കക്ഷികളും മുന്നോട്ടുവെക്കുന്നത്. തീവ്രവാദം അവസാനിപ്പിക്കാന്‍ എന്താണോ ചെയ്യേണ്ടത് അതെല്ലാം ചെയ്യണം. ഒമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും അതിനനുസരിച്ച് ആക്ഷനുകള്‍ സ്വീകരിക്കണം,’ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാഷ്ട്രീയപരമായ ഒരുപാട് വിയോജിപ്പുകള്‍ കശ്മീര്‍ വിഷയത്തിലുണ്ടെന്നും എന്നാല്‍ സമാധാനപരമായ അന്തരീക്ഷത്തില്‍ അതെല്ലാം ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഹല്‍ഗാമില്‍ മരണപ്പെട്ട കൊച്ചി സ്വദേശിയായ രാമചന്ദ്രന്റെ വീട് ലീഗ് നേതാക്കള്‍ സന്ദര്‍ശിക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
Content Highlight: There is no link between terrorism and religion, the terrorist attack in Pahalgam is condemnable: Sadikali Thangal