Advertisement
Kerala News
നിലമ്പൂരില്‍ മത്സരിക്കില്ല; യു.ഡി.എഫിന് നിരുപാധിക പിന്തുണ: പി.വി. അന്‍വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 13, 05:20 am
Monday, 13th January 2025, 10:50 am

തിരുവനന്തപുരം: നിലമ്പൂര്‍ മണ്ഡലത്തില്‍ താന്‍ മത്സരിക്കില്ലെന്ന് പി.വി. അന്‍വര്‍. യു.ഡി.എഫിന് നിരുപാധിക പിന്തുണ നല്‍കുമെന്നും പി.വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്പീക്കര്‍ എ.എന്‍.ഷംസീറിന് ഔദ്യോഗികമായി രാജി കത്ത് നല്‍കിയതിന് ശേഷമാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

താന്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ മത്സരിക്കില്ലെന്നും മണ്ഡലത്തില്‍ യു.ഡി.എഫ് നിര്‍ണയിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് എല്ലാ ശക്തിയുമപയോഗിച്ച് നിരുപാധിക പിന്തുണ നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു.

പിണറായിസത്തിനെതിരെ നടക്കുന്ന അവസാന തെരഞ്ഞെടുപ്പാണിതെന്നും അതിന് വേണ്ടിയാണ് യു.ഡി.എഫിനെ പിന്തുണയ്ക്കുന്നതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

സ്പീക്കര്‍ രാജി സ്വീകരിച്ചുകഴിഞ്ഞാല്‍ ഉടന്‍ തന്നെ മമതാ ബാനര്‍ജിയെ ബംഗാളില്‍ പോയി നേരിട്ട് കണ്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ മെമ്പര്‍ഷിപ്പെടുത്തതിന് ശേഷം പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനായി മുന്നോട്ട് പോവുമെന്നും അന്‍വര്‍ പറഞ്ഞു.

മലയോരത്തെ കര്‍ഷകരുടെ പിന്തുണ ആര്‍ജിച്ച് മുന്നോട്ട് പോകുമെന്നും പിണറായിസത്തിന്റെ അവസാനം നിലമ്പൂര്‍ മണ്ഡലത്തിലായിരിക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന റിക്വസ്റ്റ് ഡിമാന്റ് യു.ഡി.എഫിനോട് പറയാനുണ്ടെന്നും അദ്ദേഹം മലയോര പ്രദേശത്ത് തന്നെ ജീവിക്കുന്ന വ്യക്തിയാണെന്നും അതിനാല്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ പ്രതിനിധിയായി കൂടി അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും പി.വി അന്‍വര്‍ പറഞ്ഞു.

പി.ശശിയുടെ നിര്‍ദേശപ്രകാരമാണ് വി.ഡി സതീശനെതിരെ ആരോപണമുന്നയിച്ചതെന്നും അവരുടെ മുന്നില്‍ തന്നെ ശത്രുവാക്കാനുള്ള ശ്രമമാണ് നടന്നതെന്ന സംശയമുണ്ടെന്നും പി.വി.അന്‍വര്‍ പറഞ്ഞു.

വി.ഡി.സതീശനുണ്ടായ മാനഹാനിക്ക് താന്‍ കേരളസമൂഹത്തോട് മാപ്പ് പറയുന്നുവെന്നും വസ്തുത മനസിലാക്കി പ്രതിപക്ഷ നേതാവ് തന്റെ മാപ്പ് സ്വീകരിക്കണമെന്നും അന്‍വര്‍ പറഞ്ഞു.

അതേസമയം പി.ശശിക്കും പൊലീസിനുമെതിരെ ആരോപണം ഉന്നയിച്ചത് നേതാക്കള്‍ പറഞ്ഞിട്ടാണെന്നും എന്നാല്‍ ആ നേതാക്കള്‍ പിന്നീട് ഫോണെടുത്തില്ലെന്നും പറഞ്ഞ അന്‍വര്‍ നേതാക്കളുടെ പേര് പറയുന്നത് മോശപ്പെട്ട ഏര്‍പ്പാടാണെന്നും അവര്‍ തന്നെ വഞ്ചിച്ചുവെങ്കിലും വെളിപ്പെടുത്തുന്നത് തന്റെ സംസ്‌ക്കാരത്തിന് ചേരുന്നതല്ലെന്നും പി.വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങളും പരാതികളുമെല്ലാം  നിലനില്‍ക്കുന്നുണ്ടെന്നും അതുകൊണ്ടാണ് എ.ഡി.ജി.പിക്ക് ക്ലീന്‍ ചിറ്റ് കൊടുത്ത റിപ്പോര്‍ട്ട് മടക്കിയതെന്നും പി.വി അന്‍വര്‍ പറഞ്ഞു.

ആര്യാടന്‍ ഷൗക്കത്ത് സിനിമയെടുത്ത് നടക്കുന്ന ആളാണെന്നും സാംസ്‌ക്കാരിക സംഘടനയുമായി നടക്കുന്ന ആളാണെന്നും പറഞ്ഞ അന്‍വര്‍ അയാള്‍ കെ,പി.സി.സി ജനറല്‍ സെക്രട്ടറിയാണെന്നത് തനിക്കറിയില്ലെന്നും സാംസ്‌ക്കാരിക പ്രവര്‍ത്തകനായി മാത്രമേ അദ്ദേഹത്തെ തനിക്ക് അറിയുകയുള്ളൂവെന്നും പറഞ്ഞു.

അദ്ദേഹത്തെ കണ്ടിട്ട് കുറെ കാലമായെന്നും അദ്ദേഹം കഥയെഴുത്തിലാണെന്നും പുറത്തിറങ്ങാന്‍ സമയമെടുക്കുമെന്നും പി.വി. അന്‍വര്‍ പരിഹസിച്ചു.

ആര്യാടന്‍ ഷൗക്കത്തിന് ടി.എം.സി പിന്തുണ നല്‍കുന്ന കാര്യം കുറച്ച് പ്രയാസമാണെന്നും താന്‍ പിന്തുണച്ചാല്‍ തന്നെ ഫലം എന്താകുമെന്ന് പറയാന്‍ കഴിയില്ലെന്നും അന്‍വര്‍ പറഞ്ഞു.

ലീഗ് ഇതുവരെ ഒരു ഹാര്‍ഡ് പാര്‍ട്ടിയായിട്ടില്ലെന്നും എപ്പോഴും ലീഗ് നിലനില്‍ക്കുന്നത് സോഫ്റ്റ് പാര്‍ട്ടിയായിട്ടാണെന്നും പി.വി അന്‍വര്‍ പറഞ്ഞു.

കേരളം നേരിടുന്ന പ്രധാന പ്രശ്‌നം വന്യ ജീവി ആക്രമണങ്ങളാണെന്നും ഇതില്‍ ശക്തമായ നിലപാട് പാര്‍ലമെന്റില്‍ സ്വീകരിക്കണമെന്ന് മമത ബാനര്‍ജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ പി.വി. അന്‍വര്‍ പാര്‍ട്ടിയുമായി സഹകരിച്ചു പോയാല്‍ ദേശീയ തലത്തില്‍ പ്രശ്നം ഉന്നയിക്കാമെന്നു മമത തനിക്ക് ഉറപ്പ് നല്‍കിയിടിടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ മലയോര മേഖലയിലെ ജനത്തിന് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും ആദ്യഘട്ട പോരാട്ടം എം.ആര്‍ അജിത് കുമാര്‍ അടക്കമുള്ളവര്‍ക്ക് എതിരെയായിരുന്നുവെന്നും ഇത് പോരാട്ടത്തിന്റ അടുത്ത ഘട്ടമാണെന്നും പറഞ്ഞ പി.വി അന്‍വര്‍ ആദ്യം മുഖ്യമന്ത്രിക്ക് എതിരെ ഒന്നും പറഞ്ഞിരുന്നില്ലെന്നും മുഖ്യമന്ത്രി തന്നെ തള്ളിപറഞ്ഞതോടെയാണ് എല്ലാത്തിനും പിന്നില്‍ മുഖ്യമന്ത്രി തന്നെയാണെന്ന് തിരിച്ചറിഞ്ഞതെന്നും താന്‍ ഒരുപാട് പാപ ഭാരങ്ങള്‍ ചുമന്ന ആളാണ് അന്‍വര്‍ പറഞ്ഞു.

Content Highlight: Will not contest in Nilambur; Unconditional support for UDF: PV Anwar