Entertainment
തിരക്കുകള്‍ തീര്‍ന്നില്ല, തരുണ്‍ മൂര്‍ത്തിയുടെ അടുത്ത ചിത്രത്തില്‍ ആസിഫ് അലിക്ക് പകരം മറ്റൊരു യുവനടന്‍?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 27, 10:58 am
Sunday, 27th April 2025, 4:28 pm

തന്റെ ആദ്യചിത്രം കൊണ്ടുതന്നെ ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ഓപ്പറേഷന്‍ ജാവ എന്ന ആദ്യ ചിത്രം കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും മികച്ച വിജയം സ്വന്തമാക്കി. രണ്ടാമത്തെ ചിത്രമായ സൗദി വെള്ളക്ക പ്രേക്ഷക പ്രീതിക്കൊപ്പം നിരവധി അവാര്‍ഡുകളും വാരിക്കൂട്ടി.

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ തുടരും ആണ് തരുണിന്റെ മൂന്നാമത്തെ ചിത്രം. മികച്ച വിജയത്തിലേക്ക് കുതിക്കുകയാണ് ഈ ചിത്രവും. തുടരും സിനിമയുടെ പ്രൊമോഷനിടയ്ക്ക് തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് തരുണ്‍ സംസാരിച്ചിരുന്നു. ആസിഫ് അലിയെ നായകനാക്കിക്കൊണ്ടുള്ള ചിത്രമായിരിക്കും തന്റെ അടുത്ത പ്രൊജക്ടെന്നായിരുന്നു തരുണ്‍ മൂര്‍ത്തി പറഞ്ഞത്.

ബിനു പപ്പുവിന്റെ സ്‌ക്രിപ്റ്റിലൊരുങ്ങുന്ന ചിത്രം ഗ്യാങ്സ്റ്റര്‍ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നതെന്നാണ് സൂചനകള്‍. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ നിന്ന് ആസിഫ് അലി പിന്മാറിയെന്നാണ് വിവരങ്ങള്‍. മുമ്പ് ഏറ്റ പ്രൊജക്ടുകളുടെ തിരക്കുകള്‍ കാരണമാണ് ആസിഫ് തരുണ്‍ മൂര്‍ത്തി ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആസിഫ് അലിക്ക് പകരം നിവിന്‍ പോളി ഈ പ്രൊജക്ടിന്റെ ഭാഗമാകുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. ചിത്രത്തിന്റെ ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് അധികം വൈകാതെയുണ്ടാകുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. തുടരും എന്ന ചിത്രം തരുണിന് വലിയ മൈലേജാണ് സമ്മാനിച്ചത്. അടുത്ത ചിത്രം മികച്ചതാക്കാന്‍ തരുണിന് സാധിക്കുമെന്നാണ് കരുതുന്നത്.

രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ടിക്കി ടാക്കയുടെ ഷൂട്ടിലാണ് നിലവില്‍ ആസിഫ് അലി. ആസിഫിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് ടിക്കി ടാക്ക ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ടിക്കി ടാക്കയുടെ ഷൂട്ട് ആരംഭിച്ചത്. എന്നാല്‍ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ആസിഫിന് പരിക്കേല്‍ക്കുകയും രണ്ട് മാസത്തോളം വിശ്രമിക്കുകയും ചെയ്തിരുന്നു.

ആക്ഷന്‍ ത്രില്ലര്‍ ഴോണറിലാണ് ടിക്കി ടാക്ക അണിയിച്ചൊരുക്കുന്നത്. ആസിഫിന് പുറമെ ലുക്ക്മാന്‍ അവറാന്‍, വാമിക ഗബ്ബി, ഹരിശ്രീ അശോകന്‍, സംഗീത് പ്രതാപ് എന്നിവര്‍ ടിക്കി ടാക്കയില്‍ അണിനിരക്കുന്നുണ്ട്. വിയറ്റ്‌നാമീസ് ആക്ഷന്‍ ഡയറക്ടര്‍ ഉഡേ നാന്‍സാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്.

Content Highlight: Reports that Asif Ali backed out from Tharun Moorthy project and Nivin Pauly will join to this