ലോകത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ശക്തമായ ഇന്റലിജന്‍സ് സംവിധാനം ഏതാണെന്ന് ചോദിച്ചാല്‍ അതിനൊരു ഉത്തരമേയുള്ളു, അത് അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എ അഥവാ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയാണ്.
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ രഹസ്യാന്വേഷണ നെറ്റ്‌വര്‍ക്കുകളും ആളുകളുമുള്ള ഇത്തരമൊരു ഏജന്‍സിയുടെ സുപ്രധാന പദവിയിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥയുടെ മകന്‍ ശത്രുരാജ്യമായ റഷ്യയില്‍ പോയി ഉക്രൈനെതിരെ യുദ്ധം ചെയ്ത് മരണപ്പെട്ടതിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
പറഞ്ഞുവരുന്നത് മൈക്കല്‍ അലക്‌സാണ്ടര്‍ ഗ്ലോസിനെക്കുറിച്ചാണ്. സി.ഐ.എയിലെ ഡിജിറ്റല്‍ ഇന്നോവേഷന്‍ ഡെപ്യൂട്ടി ഡയറക്ടറായ ജൂലിയന്‍ ഗലിനയുടെ മകന്‍. 2024 ഏപ്രില്‍ നാലിനാണ് ഉക്രൈനിലെ റഷ്യന്‍ ആക്രമണത്തിനിടെ മൈക്കല്‍ അലക്‌സാണ്ടര്‍ ഗ്ലോസ് കൊല്ലപ്പെടുന്നത്. എന്നാല്‍ അലക്‌സാണ്ടര്‍ ഗ്ലോസിന്റെ മരണം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ഈ മരണം ചര്‍ച്ചയാവുന്നത്. അതിന് കാരണമായതാകട്ടെ ഒരു റഷ്യന്‍ മാധ്യമം പുറത്ത് വിട്ട റിപ്പോര്‍ട്ടും.
21 വയസുകാരനായ മൈക്കല്‍ ഗ്ലോസ് സമപ്രായക്കാരായ മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്ന വ്യക്തിയാണെന്ന് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയയിലെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ മനസിലാവും. ഗ്ലോസിന്റേതെന്ന് കരുതുന്ന ഒരു റഷ്യന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച വിവരങ്ങള്‍ പ്രകാരം ഒരു മള്‍ട്ടിപോളാര്‍ ലോകത്തിന്റെ പിന്തുണക്കാരനായാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.
അതായത് ലോകത്തിന്റെ സര്‍വാധിപതിയായി ഒരു രാജ്യം മാത്രം മാറുന്നതില്‍ നിന്ന് വ്യത്യസ്തമായി ലോക ക്രമത്തിന്റെ നിയന്ത്രണം ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് കൂടി നല്‍കണമെന്ന് ചിന്തിക്കുന്ന ഒരു ആശയമാണ് മള്‍ട്ടിപോളാര്‍.
ചുരുക്കി പറഞ്ഞാന്‍ ലോകക്രമം അമേരിക്കയുടെ കൈകകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതിനെ ഗ്ലോസ് എതിര്‍ത്തിരുന്നു എന്ന് ഇതിലൂടെ മനസിലാവും. അതിലുപരി ഫാസിസത്തെ എതിര്‍ക്കുന്ന ഫലസ്തീനേയും റഷ്യയെയും പിന്തുണയ്ക്കുന്നവനുമായിരുന്നു മൈക്കല്‍ ഗ്ലോസ്. ഗസയിലെ ഇസ്രഈല്‍ അധിനിവേശത്തിന് മാതൃരാജ്യമായ അമേരിക്ക നല്‍കുന്ന പിന്തുണയില്‍ പലപ്പോഴും മൈക്കല്‍ ഗ്ലോസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
നോര്‍ത്തേണ്‍ റീജിയണിലെ ഓട്ടണ്‍ ഹൈസ്‌കൂളിലാണ് മൈക്കല്‍ ഗ്ലോസ് തന്റെ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. അതിനുശേഷം കോളേജ് ഓഫ് അറ്റലാന്റിക്കില്‍ നിന്ന് ഹ്യൂമന്‍ എക്കളോജിയില്‍ പഠനം നടത്തുകയുണ്ടായി. യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോള്‍ മൈക്കല്‍ ഗ്ലോസ് ലിംഗസമത്വ, പരിസ്ഥിതി പ്രതിഷേധങ്ങളില്‍ സജീവമായിരുന്നു.
ഇടതുപക്ഷ പരിസ്ഥിതി പ്രതിഷേധ ഗ്രൂപ്പായ റെയിന്‍ബോ ഫാമിലിയില്‍ അംഗമായ അദ്ദേഹം 2023ല്‍ ഹതേയിലുണ്ടായ ഭൂകമ്പത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് തുര്‍ക്കിയിലെത്തുന്നത്. അവിടെ നിന്നാണ് മൈക്കല്‍ ഗ്ലോസ് റഷ്യയിലേക്ക് പോവുന്നത്.
ജന്മദേശം അമേരിക്കയായിരുന്നെങ്കിലും മൈക്കല്‍ ഗ്ലോസ് റഷ്യന്‍ അനുകൂലിയായിരുന്നെന്ന് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും. റഷ്യ ചുറ്റി സഞ്ചരിക്കാനും റഷ്യന്‍ പാസ്പോര്‍ട്ട് സ്വന്തമാക്കാനും അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. ഗ്ലോസ് റഷ്യന്‍ പട്ടാളത്തില്‍ ചേര്‍ന്നത് തന്നെ റഷ്യയില്‍ തുടരാനുള്ള നിയമാനുസൃത അനുമതിക്ക് വേണ്ടിയാണെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നുണ്ട്.
റഷ്യ ഉക്രൈന്‍ യുദ്ധത്തെ ഉക്രൈന്റെ പ്രോക്‌സി യുദ്ധമെന്നാണ് ഗ്ലോസ് വിശേഷിപ്പിച്ചിരുന്നത്. പലപ്പോഴും റഷ്യ നടത്തുന്ന യുദ്ധത്തോട് അദ്ദേഹം അനുകമ്പയും പ്രകടിപ്പിച്ചു. യുദ്ധത്തെക്കുറിച്ചുള്ള വാര്‍ത്തകളെ പാശ്ചാത്യ പ്രചാരണം എന്ന് വിശേഷിപ്പിച്ച ഗ്ലോസ് ഉക്രൈന്‍ സൈന്യം അഴിമതി നിറഞ്ഞതാണെന്നും ആരോപിക്കുകയുണ്ടായി.
എന്നാല്‍ ഗ്ലോസിന്റെ അമ്മയും സി.ഐ.എ ഡെപ്യൂട്ടി ഡയറക്ടറുമായ ഗലിനയാകട്ടെ മകന്റെ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകളായിരുന്നു ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും സ്വീകരിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സി.ഐ.എ ഡെപ്യൂട്ടി ഡയറക്ടായി നിയമിതയായ ഗലിന എന്‍.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അമേരിക്കന്‍ സൈബര്‍ സുരക്ഷയ്ക്ക് ചൈനയും റഷ്യയും ഭീഷണിയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
സി.ഐ.എയില്‍ ഡെപ്യൂട്ടി ഡയറക്ടറായി പ്രവര്‍ത്തിക്കുന്നതിന് മുമ്പ് ഐ.ബി.എം എക്സിക്യൂട്ടീവായും നേവി ക്രിപ്‌റ്റോളജിക് ഓഫീസറായും ഗലിന ജോലി ചെയ്തിരുന്നു. യു.എസ് നേവല്‍ അക്കാദമിയില്‍ മിഡ്ഷിപ്പ്മാന്‍മാരുടെ ബ്രിഗേഡിനെ നയിക്കുന്ന ആദ്യ വനിതയായി അവര്‍ ചരിത്രം സൃഷ്ടിച്ചിരുന്നു.
ഭര്‍ത്താവായ ലാറി ഗ്ലോസ് ആകട്ടെ മുന്‍ നാവികസേന ഉദ്യോഗസ്ഥനാണ്. ഗ്ലോസിന്റെ മരണത്തിന് പിന്നാലെ കുടുംബം പ്രസിദ്ധീകരിച്ച ഒബിച്വറി നോട്ടില്‍ യുദ്ധത്തിനിടെയാണ് ഗ്ലോസ് മരിച്ചതെന്ന വിവരം വെളിപ്പെടുത്തിയിരുന്നില്ല. മറിച്ച് റഷ്യയിലെ ഇന്‍വെസ്റ്റിഗേറ്റീവ് വെബ്സൈറ്റായ ഐ സ്‌റ്റോറീസാണ് യുദ്ധത്തിലാണ് ഗ്ലോസ് മരിച്ചതെന്ന വാര്‍ത്ത പുറത്ത് വിട്ടത്.
ഐസ്റ്റോറീസിന്റെ റിപ്പോര്‍ട്ട് പ്രകാരം 2022 ഫെബ്രുവരി മുതല്‍ റഷ്യന്‍ സൈന്യവുമായി കരാറില്‍ ഒപ്പുവച്ച 1,500ലധികം വിദേശികളില്‍ ഒരാളാണ് ഗ്ലോസ്. എന്റോള്‍മെന്റ് ഓഫീസിലെ ഡാറ്റാബേസ് ചോര്‍ന്നതിലൂടെ 2023 സെപ്റ്റംബറില്‍ ഗ്ലേസ് റഷ്യന്‍ പട്ടാളവുമായി കരാറില്‍ ഒപ്പുവെച്ചതായി കണ്ടെത്തി.
റഷ്യന്‍ പട്ടാളത്തിലെ അസോള്‍ട്ട് യൂണിറ്റിന്റെ ഭാഗമായാണ് ഗ്ലോസ് പ്രവര്‍ത്തിച്ചിരുന്നത്. ഉക്രൈനിലെ യുദ്ധമുഖത്ത് പ്രവര്‍ത്തിച്ചിരുന്ന ഗ്രൂപ്പായിരുന്നു ഇത്. സോളെദാര്‍ നഗരത്തിനടുത്തുള്ള ഉക്രൈന്റെ പ്രദേശങ്ങള്‍ ആക്രമിക്കാന്‍ അയച്ച റഷ്യന്‍ വ്യോമസേന റെജിമെന്റിലെ പ്രവര്‍ത്തനത്തിനിടെയാണ് ഗ്ലോസ് വെടിയേറ്റ് മരിക്കുന്നത്. എന്നാല്‍ റഷ്യയ്ക്ക് ഗ്ലോസിന്റെ പശ്ചാത്തലം അറിയുമായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
റഷ്യ-ഉക്രൈന്‍ യുദ്ധം മൂന്ന് വര്‍ഷം പിന്നിടുപ്പോള്‍ സൈന്യത്തിന്റെ ആള്‍ബലം വര്‍ധിപ്പിക്കാന്‍ റഷ്യ വിദേശ പൗരന്മാരെ ധാരാളമായി റിക്രൂട്ട് ചെയ്തിരുന്നു. മലയാളികള്‍ പോലും അതില്‍ ഉള്‍പ്പെട്ടിരുന്നു. ഇത്തരത്തില്‍ ചൈന, നേപ്പാള്‍, സൊമാലിയ, ഇന്ത്യ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലുള്ളവരും റഷ്യന്‍ പട്ടാളത്തിലുണ്ടായിരുന്നു. ഇങ്ങനെ റിക്രൂട്ട് ചെയ്യപ്പെട്ട നിരവധി വിദേശ സൈനികരില്‍ ഒരാളായിരുന്നു മൈക്കല്‍ ഗ്ലോസും.
ഉന്നത സി.ഐ.എ ഉദ്യോഗസ്ഥയുടെ മകന്‍ റഷ്യയ്ക്കായി ഉക്രൈനെതിരെ യുദ്ധം ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട വാര്‍ത്ത വ്യാപകമായി പ്രചരിച്ചതോടെ ഒടുവില്‍ സാക്ഷാല്‍ സി.ഐ.എക്ക് തന്നെ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തി.
എന്നാല്‍ മൈക്കല്‍ ഗ്ലോസിന്റെ മരണം റഷ്യന്‍-ഉക്രൈന്‍ യുദ്ധത്തിലാണെന്ന് റഷ്യന്‍ ആര്‍മിക്ക് വേണ്ടി ജോലി ചെയ്യുന്നതെന്ന കാര്യം സി.ഐ.എ ഇതുവരെ സമ്മതിക്കാന്‍ തയ്യാറായില്ല. പകരം ഉക്രൈനിലെ സംഘര്‍ഷത്തിനിടെയാണ് ഗ്ലോസ് കൊല്ലപ്പെട്ടതെന്നാണ് സി.ഐ.എ വക്താവ് പറഞ്ഞത്.
സി.ഐ.എയുടെ ഡിജിറ്റല്‍ ഇന്നൊവേഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ മകന്റെ മരണം സി.ഐ.എ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മൈക്കല്‍ ഗ്ലോസിന്റെ വിയോഗം ഗ്ലോസ് കുടുംബത്തിന്റെ സ്വകാര്യവിഷയമായിട്ടാണ് സി.ഐ.എ കണക്കാക്കുന്നതെന്നും അല്ലാതെ അതൊരു ദേശീയ സുരക്ഷാ പ്രശ്‌നമല്ലെന്നുമാണ് സി.ഐ.എയുടെ വാദം.
അതിലുപരി ഉക്രൈനിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട അദ്ദേഹത്തെ മാനസിക രോഗിയായി മുദ്രകുത്തി വിഷയത്തിന്റെ ഗൗരവം ഇല്ലാതാക്കാനും സി.ഐ.എ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
Content Highlight: Story of Michael Alexander Gloss, son of CIA deputy diector who fought for Russian Army