Entertainment
ഗിന്നസ് വേൾഡ് റെക്കോഡ് സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം മമ്മൂക്ക പറഞ്ഞൊരു കാര്യം: ഗിന്നസ് പക്രു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 27, 11:04 am
Sunday, 27th April 2025, 4:34 pm

മലയാളത്തിലെ ഹാസ്യനടനാണ് ഗിന്നസ് പക്രു എന്നറിയപ്പെടുന്ന അജയ് കുമാർ. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്താണ് ഗിന്നസ് പക്രു ശ്രദ്ധേയനായത്. ചിത്രത്തിലെ വേഷത്തിന് ഏറ്റവും പൊക്കം കുറഞ്ഞ നടനെന്ന ഗിന്നസ് റെക്കോഡും പക്രു സ്വന്തമാക്കി. 2013ൽ പക്രു സംവിധാനം ചെയ്ത കുട്ടീം കോലും എന്ന ചിത്രത്തിലൂടെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അദ്ദേഹം അംഗീകരിക്കപ്പെട്ടു.

ലിംഗ ബുക്ക് ഓഫ് റെക്കോഡ്‌സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെയാണ് ഗിന്നസ് പക്രു ഏറ്റുവാങ്ങിയത്. ഈ ചിത്രത്തിലൂടെ പൊക്കം കുറഞ്ഞ സംവിധായകനെന്ന ഗിന്നസ് റെക്കോഡും പക്രു സ്വന്തമാക്കി.

ഇപ്പോൾ മമ്മൂട്ടി തന്നെ പക്രു എന്നല്ല അജയാ എന്നാണ് വിളിക്കുന്നതെന്ന് പറയുകയാണ് ഗിന്നസ് പക്രു. മമ്മൂട്ടി സിനിമയിൽ മാത്രമേ അഭിനയിക്കുകയുള്ളുവെന്നും പച്ചയായ നന്മയുള്ള സാധാരണക്കാരനായ മനുഷ്യനാണ് മമ്മൂട്ടിയെന്നും ഗിന്നസ് പക്രു പറയുന്നു.

 

പട്ടണത്തിൽ ഭൂതം സിനിമയുടെ സെറ്റിൽ വെച്ചിട്ടാണ് ഗിന്നസ് വേൾഡ് റെക്കോഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതെന്നും അത് വാങ്ങിച്ചത് മമ്മൂട്ടിയാണെന്നും അതുവാങ്ങി ‘ഇതൊരു ചെറിയ കാര്യമല്ല, ആഘോഷിക്കപ്പെടണമെന്നാണ്’ മമ്മൂട്ടി പറഞ്ഞതെന്നും ഗിന്നസ് പക്രു വ്യക്തമാക്കി.

പിന്നീടുള്ള സമയത്തൊക്കെ മമ്മൂട്ടി ഗിന്നസ് എന്നുവിളിക്കുമെന്നും പേരിനോട് ചേർന്നുള്ള ഗിന്നസ് ചേർക്കാനുള്ള ഉചിതമായ സമയമാണെന്ന് തനിക്ക് മനസിലായെന്നും ഗിന്നസ് പക്രു കൂട്ടിച്ചേർത്തു. കൈരളി ചാനലിനോട് സംസാരിക്കുകയായിരുന്നു ഗിന്നസ് പക്രു.

‘എന്നെ മമ്മൂക്ക പക്രു എന്നുപോലും വിളിക്കില്ല. അജയാ എന്നാണ് വിളിക്കുന്നത്. മമ്മൂക്ക സിനിമയിൽ മാത്രമേ അഭിനയിക്കുകയുള്ളു. ജീവിതത്തിൽ അദ്ദേഹം അഭിനയിക്കില്ല. പച്ചയായ നന്മയുള്ള സാധാരണക്കാരനായ മനുഷ്യനാണ് മമ്മൂട്ടി. എൻ്റെ വീട്ടിൽ വന്നിട്ടുണ്ട്, ഉച്ചക്ക് ഞങ്ങളൊന്നിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ട്.

പട്ടണത്തിൽ ഭൂതം സിനിമയുടെ സെറ്റിൽ വെച്ചിട്ടാണ് ഗിന്നസ് വേൾഡ് റെക്കോഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. കൊറിയറായിട്ടാണ് വന്നത്. അത് മമ്മൂക്കയാണ് വാങ്ങുന്നത്. എന്നിട്ട് മമ്മൂക്ക പറഞ്ഞൊരു കാര്യമുണ്ട് ‘ഇതൊരു ചെറിയ കാര്യമല്ല, ആഘോഷിക്കപ്പെടണം’ എന്ന്. പിന്നീടുള്ള സമയത്തൊക്കെ ഗിന്നസ് എന്ന് വിളിക്കും. അപ്പോൾ എനിക്ക് മനസിലായി പേരിനോട് ചേർന്നുള്ള ഗിന്നസ് ചേർക്കാനുള്ള ഉചിതമായ സമയം ഇതാണെന്ന്,’ ഗിന്നസ് പക്രു പറയുന്നു.

Content Highlight: One thing Mammootty said after receiving the Guinness World Record certificate says Guinness Pakru