അദ്ദേഹം ഒരു നിഷ്‌കളങ്കനായിരുന്നു, ഭര്‍ത്താവിനും മക്കള്‍ക്കും നീതി ലഭിക്കാന്‍ ശ്രീലങ്കയിലേയും പാകിസ്ഥാനിലേയും നേതാക്കള്‍ ഇടപെടണം; പ്രിയന്ത കുമാരയുടെ ഭാര്യ
ലാഹോര്‍: പാകിസ്ഥാനിലെ പഞ്ചാബില്‍ ‘ദൈവനിന്ദ’ ആരോപിക്കപ്പെട്ട് ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ ശ്രീലങ്കന്‍ പൗരന്‍ പ്രിയന്ത കുമാരയുടെ ഭാര്യ നീതി ആവശ്യപ്പെട്ടുകൊണ്ട് പ്രതികരിച്ചു.
തീവ്രവലത് സംഘടനയായ തെഹ്രീക്-ഇ-ലബ്ബെയ്ക് പാകിസ്ഥാനിലെ (ടി.എല്‍.പി) അംഗങ്ങളടങ്ങിയ ആളുകളായിരുന്നു പ്രിയന്തയെ കൊലപ്പെടുത്തിയത്.
”വാര്‍ത്തകളിലൂടെയാണ് ഞാന്‍ എന്റെ ഭര്‍ത്താവിന്റെ ക്രൂരമായ കൊലപാതകത്തെപ്പറ്റി അറിഞ്ഞത്. പിന്നീട് ഞാന്‍ ഇന്റര്‍നെറ്റിലും അത് കണ്ടു. അദ്ദേഹം വളരെ നിഷ്‌കളങ്കനായ ഒരു മനുഷ്യനായിരുന്നു.
ഈ കൊലപാതകത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് എന്റെ ഭര്‍ത്താവിനും മക്കള്‍ക്കും നീതി ലഭ്യമാക്കണമെന്ന് ശ്രീലങ്കയിലേയും പാകിസ്ഥാനിലേയും നേതാക്കളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,” പ്രിയന്തയുടെ ഭാര്യ പറഞ്ഞു. ബി.ബി.സിയോടായിരുന്നു പ്രതികരണം.
സിയാല്‍ക്കോട്ടിലെ ഒരു ഫാക്ടറിയില്‍ ജനറല്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു 40കാരനായ പ്രിയന്ത. ‘ദൈവനിന്ദ’ ആരോപിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസ് എത്തുന്നതിന് മുന്നെ കൊലപാതകികള്‍ മൃതദേഹം കത്തിച്ച് കളയുകയായിരുന്നു.
ഖുര്‍ആന്‍ വചനങ്ങള്‍ ആലേഖനം ചെയ്തിരുന്ന ടി.എല്‍.പിയുടെ പോസ്റ്റര്‍ കീറിക്കളഞ്ഞെന്ന് ആരോപിച്ചായിരുന്നു പ്രിയന്തയെ ഫാക്ടറിയില്‍ കയറി കൈയേറ്റം ചെയ്തതും കൊലപ്പെടുത്തിയതുമെന്നാണ് റിപ്പോര്‍ട്ട്.