national news
582 ജഡ്ജിമാരെ സ്ഥലം മാറ്റി ഉത്തരവിറക്കി അലഹബാദ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
4 days ago
Monday, 31st March 2025, 9:44 pm

അലഹബാദ്: ഭരണപരമായ അഴിച്ചുപണിയുടെ ഭാഗമായി 582 ജുഡ്ജിമാരെ വിവിധ ജില്ലകളിലേക്ക് സ്ഥലം മാറ്റി അലഹബാദ് ഹൈക്കോടതി. 236 അഡീഷണല്‍ ജഡ്ജിമാരുള്‍പ്പെടെയുള്ളവര്‍ക്കാണ് സ്ഥലം മാറ്റം.

അലഹബാദ് ഹൈക്കോടതിയിലെ ജോയിന്റ് രജിസ്ട്രാര്‍ സതീഷ് കുമാര്‍ പുഷ്‌കറാണ് സ്ഥലംമാറ്റ ഉത്തരവുകള്‍ പുറപ്പെടുവിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്.

ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ അവരുടെ പുതിയ പോസ്റ്റിങ്ങുകളില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അലഹബാദ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

236 അഡീഷണല്‍ ഡിസ്ട്രിക്റ്റ്, സെഷന്‍സ് ജഡ്ജിമാര്‍, സീനിയര്‍ ഡിവിഷനിലെ 207 സിവില്‍ ജഡ്ജിമാര്‍, ജൂനിയര്‍ ഡിവിഷനിലെ 139 പേരുമാണ് സ്ഥലം മാറ്റം നേരിട്ടവരില്‍ ഉള്‍പ്പെടുന്നത്.

കാണ്‍പൂരിലാണ് ഏറ്റവും കൂടുതല്‍ സ്ഥലം മാറ്റം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 13 ജഡ്ജിമാരെ പുനര്‍നിയമിച്ചതായും പിന്നാലെ അലിഗഡില്‍ 11 പേരെയും ബറേലിയില്‍ അഞ്ച് പേരെയും സ്ഥലം മാറ്റിയിട്ടുണ്ട്.

വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദ് സര്‍വേയിലെ വിധി പ്രഖ്യാപിച്ച ജസ്റ്റിസ് രവികുമാര്‍ ദിവാകറും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സ്ഥലം മാറ്റം.

Content Highlight: Allahabad High Court orders transfer of 582 judges