ഐ.പി.എൽ 2025ലെ 16ാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ 203 റൺസിന്റെ ടോട്ടൽ പടുത്തുയർത്തി ലഖ്നൗ സൂപ്പർ ജയന്റ്സ്. സൂപ്പർ ജയന്റ്സിന്റെ ഹോം ഗ്രൗണ്ടായ എകാന സ്പോർട്സ് സിറ്റയിൽ നടക്കുന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ടാം ജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങിയിരിക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ മുംബൈ നായകൻ ഹർദിക് പാണ്ഡ്യ എതിരാളികളെ ബാറ്റിങ്ങിനയച്ചു.
200 paar… ab bowling se hoga vaar 🔥 pic.twitter.com/D6rHgPUen6
— Lucknow Super Giants (@LucknowIPL) April 4, 2025
മിച്ചൽ മാർഷും ഏയ്ഡൻ മർക്രവും ചേർന്നാണ് ലഖ്‌നൗവിനായി ഇന്നിങ്‌സ് ആരംഭിച്ചത്. ക്രീസിലെത്തിയ ആദ്യ നിമിഷം മുതൽക്ക് തന്നെ മാർഷ് തന്റെ സ്വാഭാവികമായ അറ്റാക്കിങ് ക്രിക്കറ്റ് പുറത്തെടുത്തു. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയിൽ പന്ത് അതിർത്തി കടന്നപ്പോൾ ലഖ്‌നൗ ടോട്ടലും പറപറന്നു.
പവർപ്ലേ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 69 റൺസാണ് ലഖ്നൗ അടിച്ചെടുത്തത്. പവർപ്ലേയിൽ തന്നെ മാർഷ് തന്റെ അർധ സെഞ്ച്വറിയും പൂർത്തിയാക്കി.
कुर्सी की पेटी बांध लीजिए, लखनऊ में मौसम बदल गया है 💙 pic.twitter.com/BglKy25OPH
— Lucknow Super Giants (@LucknowIPL) April 4, 2025
ടീം സ്കോർ 76ൽ നിൽക്കവെ ആദ്യ വിക്കറ്റായി മാർഷിനെ മടക്കി മലയാളി താരം വിഘ്‌നേഷ് പുത്തൂർ മുംബൈയ്ക്കാവശ്യമായ ബ്രേക് ത്രൂ നൽകി. 31 പന്തിൽ 60 റൺസ് നേടി നിൽക്കവെ കിടിലൻ റിട്ടേൺ ക്യാച്ചിലൂടെയാണ് വിഘ്‌നേഷ് മാർഷിനെ മടക്കിയത്.
വൺ ഡൗണായി വെടിക്കെട്ട് വിരൻ നിക്കോളാസ് പൂരനാണ് ക്രീസിലെത്തിയത്. നേരിട്ട രണ്ടാം പന്തിൽ തന്നെ സിക്സർ നേടി പൂരൻ തന്റെ സ്വാഭാവിക ഗെയിം പുറത്തെടുത്തു. എന്നാൽ താരത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ആറ് പന്തിൽ 12 റൺസുമായി പൂരൻ പുറത്തായി.
നാലാം നമ്പറിൽ ക്യാപ്റ്റൻ റിഷബ് പന്താണ് കളത്തിലിറങ്ങിയത്. കളിച്ച മൂന്ന് മത്സരത്തിലും നിരാശപ്പെടുത്തിയ പന്തിന് തിരിച്ചുവരവിനുള്ള അവസരം കൂടിയായിരുന്നു ഈ മത്സരം. എന്നാൽ താരം വീണ്ടും പരാജയമായി മാറി. ആറ് പന്ത് നേരിട്ട് വെറും രണ്ട് റൺസ് മാത്രമാണ് പന്ത് നേടിയത്.
Paltan, scrolling thambva. Bosch cha masta catch bagha ani enjoy kara. 💥#MumbaiIndians #PlayLikeMumbai #TATAIPL #LSGvMIpic.twitter.com/4wW2HOqatG
— Mumbai Indians (@mipaltan) April 4, 2025
ഐ.പി.എല്ലിൽ മെഗാ താരലേലത്തിൽ ചരിത്രത്തിലെ ഏറ്റവുമുയർന്ന തുകയ്ക്ക് ടീമിലെത്തിയ താരം മോശം പ്രകടനം നടത്തുന്നു എന്ന വിമർശനങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് 33.33 സ്ട്രെെക്ക് റേറ്റിൽ രണ്ട് റൺസ് മാത്രം നേടി പന്ത് പുറത്തായത്.
പന്തിന് ശേഷം ക്രീസിലെത്തിയ ആയുഷ് ബദോണിയെ ഒപ്പം കൂട്ടി മർക്രം അർധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി. 107ൽ നിൽക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് ടീം സ്കോർ 158ൽ നിൽക്കവെയാണ്. 19 പന്തിൽ 30 റൺസ് നേടിയ ബദോണിയെ മടക്കി അശ്വനി കുമാറാണ് നിർണായക കൂട്ടുകെട്ട് പൊളിച്ചത്.
18ാം ഓവറിലെ അഞ്ചാം പന്തിൽ മർക്രമിനെയും ടീമിന് നഷ്ടമായി. 38 പന്തിൽ 53 റൺസുമായാണ് മർക്രം മടങ്ങിയത്.
Markram hai toh mumkin hai 🤞 pic.twitter.com/YU73KaDtXU
— Lucknow Super Giants (@LucknowIPL) April 4, 2025
ആറാം നമ്പറിൽ കളത്തിലിറങ്ങിയ ഡേവിഡ് മില്ലർ സ്കോർ 200 കടത്തി. 14 പന്തിൽ 27 റൺസാണ് താരം നേടിയത്.
ഒടുവിൽ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലഖ്നൗ 203 റൺസ് നേടി.
മുംബെെയ്ക്കായി ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ അഞ്ച് വിക്കറ്റ് നേടി. വിഘ്നേഷ് പുത്തൂർ, അശ്വനി കുമാർ, ട്രെന്റ് ബോൾട്ട് എന്നിവർ ഓരോ വിക്കറ്റും നേടി.
ലഖ്നൗ സൂപ്പർ ജയന്റ്സ് പ്ലെയിങ് ഇലവൻ
മിച്ചൽ മാർഷ്, ഏയ്ഡൻ മർക്രം, നിക്കോളാസ് പൂരൻ, റിഷബ് പന്ത് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ആയുഷ് ബദോണി, ഡേവിഡ് മില്ലർ, ആബ്ദുൾ സമദ്, ഷർദുൽ താക്കൂർ, ദിഗ്വേഷ് സിങ്, ആകാശ് ദീപ്, ആവേശ് ഖാൻ.
മുംബൈ ഇന്ത്യൻസ് പ്ലെയിങ് ഇലവൻ
വിൽ ജാക്സ്, റിയാൻ റിക്കൽടൺ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, രാജ് ബാവ, മിച്ചൽ സാന്റ്നർ, ട്രെന്റ് ബോൾട്ട്, അശ്വനി കുമാർ, ദീപക് ചഹർ, വിഘ്നേഷ് പുത്തൂർ.
Content Highlight: IPL 2025: MI vs LSG: Rishab Pant continues his poor form