World News
തിരിച്ചടിച്ച് ചൈന; എല്ലാ യു.എസ് ഉത്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചു, ഏപ്രില്‍ 10 മുതല്‍ പ്രാബല്യത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
5 days ago
Friday, 4th April 2025, 10:07 pm

ബെയ്ജിങ്: അമേരിക്കയുടെ തീരുവ ചുമത്തലിനെതിരെ തിരിച്ചടിച്ച് ചൈന. എല്ലാ യു.എസ് ഉത്പന്നങ്ങള്‍ക്കും 34ശതമാനം അധിത തീരുവ ചുമത്തുമെന്നും ചില ഉത്പന്നങ്ങള്‍ക്ക് കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചൈന വ്യക്തമാക്കി.

താരിഫ് ചുമത്തലില്‍ നേരത്തെ രണ്ട് ഡസന്‍ യു.എസ് കമ്പനികള്‍ക്ക് തീരുവ ചുമത്തിയതിന് പുറമെ ഏകദേശം 30 ഓളം കമ്പനികള്‍ക്കും ബെയ്ജിങ് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചൈന വ്യക്തമാക്കി.

യു.എസിന്റെ നീക്കം അന്താരാഷ്ട്ര വ്യാപാര നിയമങ്ങള്‍ക്ക് യോജിച്ചതല്ലെന്നും നിയമാനുസൃതമായ താത്പര്യങ്ങളെയും അവകാശങ്ങളെയും ട്രംപ് ദുര്‍ബലപ്പെടുത്തുകയാണെന്നും ഏകപക്ഷീയമായ രീതിയാണിതെന്നും ചൈനീസ് ധനകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ലോകവ്യാപാര സംഘടനാ നിയമങ്ങളുടെ ലംഘനമാണ് യു.എസിന്റെ താരിഫ് ചുമത്തലെന്നും ഡബ്ല്യൂ.ടി.ഒ കൂടിയാലോചനകള്‍ നടത്തണമെന്നും ചൈന ആവശ്യുപ്പെട്ടു. ഏപ്രില്‍ 10 മുതല്‍ ചൈനീസ് താരിഫുകള്‍ പ്രാബല്യത്തില്‍ വരുമെന്നും ചൈനീസ് വക്താവ് കൂട്ടിച്ചേര്‍ത്തു.

ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് 34ശതമാനം അധിക തീരുവ ചുമത്തി ട്രംപ് ഉത്തരവിട്ടതിന് പിന്നാലെയാണ് ചൈന തിരിച്ചടിയുമായി രംഗത്തെത്തിയത്. ചൈനയില്‍ നിന്നും കുറഞ്ഞ മൂല്യമുള്ള ഉത്പന്നങ്ങള്‍ ഡ്യൂട്ടി ഫ്രീയായി അയക്കുന്നത് ട്രംപ് നിര്‍ത്തലാക്കുകയും ചെയ്തിരുന്നു.

അതേസമയം ചൈന തെറ്റായി പെരുമാറിയെന്നും പരിഭ്രാന്തമായ പെരുമാറ്റമാണിതെന്നും ട്രംപ് പ്രതികരിച്ചു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

ദിവസങ്ങള്‍ക്ക് മുമ്പാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചത്. ഇന്ത്യക്ക് പുറമെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം താരിഫും, യൂറോപ്യന്‍ യൂണിയന്‍ ഇറക്കുമതിക്ക് 20 ശതമാനം, ദക്ഷിണ കൊറിയന്‍ ഉത്പന്നങ്ങളില്‍ 25 ശതമാനം, ജാപ്പനീസ് ഉത്പന്നങ്ങള്‍ക്ക് 24 ശതമാനം, തായ്‌വാന്‍ ഉത്പന്നങ്ങള്‍ക്ക് 32 ശതമാനം എന്നിങ്ങനെയാണ് താരിഫുകള്‍. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കുമുള്ള 10 ശതമാനം ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് ഈ നിരക്ക്. ഏപ്രില്‍ ഒമ്പത് മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്.

Content Highlight: China retaliates; announces additional 34 percent tariffs on all US products, effective from April 10