World News
ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍; പ്രഖ്യാപനം ജൂണില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 10, 10:31 am
Thursday, 10th April 2025, 4:01 pm

പാരിസ്: ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ ഫ്രാന്‍സ് തയ്യാറാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. വരുന്ന ജൂണില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നും മാക്രോണ്‍ അറിയിച്ചു.

ആരെയും പ്രീതിപ്പെടുത്താന്‍ വേണ്ടിയല്ല താന്‍ ഇത് ചെയ്യുന്നതെന്നും ഫലസ്തീനിനെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും ഇസ്രഈലിനെക്കൂടി അംഗീകരിക്കാന്‍ അനുവദിക്കുന്ന ഒരു പ്രക്രിയയില്‍ പങ്കെടുക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഫ്രഞ്ച് മാധ്യമായ ഫ്രാന്‍സ് 5 ടെലിവിനോട് മാക്രോണ്‍ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ ഫ്രാന്‍സ് തയ്യാറാണെന്ന് മാക്രോണ്‍ പറഞ്ഞിരുന്നു.

ജൂണില്‍ സൗദി അറേബ്യയുമായി സഹകരിച്ച് നടത്തുന്ന ഐക്യരാഷ്ട്രസഭയുടെ ദ്വിരാഷ്ട്ര പരിഹാര സമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് മാക്രോണ്‍ പദ്ധതിയിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഈജിപ്ത് സന്ദര്‍ശിച്ച മാക്രോണ്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുമായും ജോര്‍ദന്‍ രാജാവ് അബ്ദുള്ള രണ്ടാമനുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഗസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രഈല്‍ നടത്തുന്ന കുടിയൊഴിപ്പിക്കലിനും കൂട്ടിച്ചേര്‍ക്കലിനും താന്‍ എതിരാണെന്നും ചര്‍ച്ചയ്ക്കിടെ മാക്രോണ്‍ വ്യക്തമാക്കി. ഗസ മുനമ്പ് ഒരു റിയല്‍ എസ്റ്റേറ്റ് പദ്ധതിയല്ലെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തിനും അനുസൃതമായി ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണ് ഫ്രാന്‍സിന്റെ അംഗീകാരമെന്ന് ഫലസ്തീന്‍ വിദേശകാര്യ സഹമന്ത്രി വര്‍സെന്‍ അഘബെക്കിയന്‍ ഷാഹിന്‍ പറഞ്ഞു.

എന്നാല്‍ ഫലസ്തീന്‍ രാഷ്ട്രത്തിനുള്ള ഫ്രാന്‍സിന്റെ അംഗീകാരം ഹമാസിന് ഉത്തേജനം നല്‍കുകയാണ് ചെയ്യുന്നതെന്ന് ഇസ്രഈല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാര്‍ പറഞ്ഞു.

ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളില്‍ 147 രാജ്യങ്ങള്‍ ഇതുവരെ ഫലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ട്. അര്‍മേനിയ, സ്ലൊവേനിയ, അയര്‍ലന്‍ഡ്, നോര്‍വേ, സ്‌പെയിന്‍, ബഹാമാസ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, ജമൈക്ക, ബാര്‍ബഡോസ് എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം അംഗീകാരം നല്‍കിയിരുന്നു.

എന്നാല്‍ അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. സൗദി അറേബ്യ, ഇറാന്‍, ഇറാഖ്, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളാകട്ടെ ഇസ്രഈലിനും അംഗീകാരം നല്‍കിയിട്ടില്ല.

Content Highlight: French President Emmanuel Macron says he will recognize Palestinian state; announcement to be made in June