Advertisement
national news
ബാബ ബുദാന്‍ ദര്‍ഗക്ക്‌മേലുളള തീവ്ര ഹിന്ദുത്വ വാദികളുടെ അവകാശവാദത്തെ അംഗീകരിച്ച് കര്‍ണാടക സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 10, 09:45 am
Thursday, 10th April 2025, 3:15 pm

നൃൂദല്‍ഹി: ബാബ ബുദാന്‍ ദര്‍ഗക്ക് മേലുളള തീവ്ര ഹിന്ദുത്വവാദികളുടെ അവകാശവാദങ്ങള്‍ അംഗീകരിച്ച് കര്‍ണാടക സര്‍ക്കാര്‍. ദര്‍ഗക്ക് മേല്‍ അവകാശം ഉന്നയിച്ച് തീവ്ര ഹിന്ദുത്വവാദികള്‍ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.

കേസില്‍, തീവ്ര ഹിന്ദുത്വവാദികളെ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ പിന്തുണച്ചിരുന്നു. എന്നാല്‍ അതേ നിലപാട് തന്നെ സ്വീകരിച്ചിരിച്ചിരിക്കുകയാണ് സിദ്ധരാമയ്യയുടെ നേതൃതത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാര്‍.

കഴിഞ്ഞ മാസം 26നാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഈ നിലപാടിനെ അനുകൂലിച്ചുളള ഹരജി സമര്‍പ്പിച്ചത്. 90കളുടെ തുടക്കം മുതല്‍ ദര്‍ഗയെ കര്‍ണാടകയുടെ അയോധ്യയായാണ് തീവ്ര ഹിന്ദുത്വ വാദികള്‍ കണ്ടിരുന്നത്. പതിനൊന്നാം നൂറ്റാണ്ടിലെ സൂഫി പാരമ്പര്യത്തില്‍പ്പെട്ട ദാദ ഹയാത്ത് മിര്‍ ക്വാലന്ദര്‍ താമസിച്ചിരുന്ന സ്ഥലമായിരുന്നു ഈ ദര്‍ഗ.

പിന്നീട് 90കളുടെ തുടക്കത്തില്‍ അയോധ്യയിലെ ബാബരി മസ്ജിദില്‍ അവകാശവാദം ഉന്നയിച്ച് സംഘപരിവാര്‍ പ്രചാരണങ്ങള്‍ നടത്തിവരുകയും അതിന് ഈ പ്രദേശത്തെ ഹിന്ദുത്വവാദികള്‍ ദര്‍ഗക്ക് മേല്‍ അവകാശവാദം ഉന്നയിക്കുകയായിരുന്നു.

പിന്നീട് ഇത് ഹിന്ദു ദേവതയായ ദത്താത്രേയയുടേതാണെന്ന് അവര്‍ പറയുകയും ക്ഷേത്രത്തില്‍ വര്‍ഷം തോറും ദത്ത ജയന്തി ആഘോഷിക്കാന്‍ അനുമതി തേടുകയും ചെയ്തിരുന്നു.

പ്രദേശത്തെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുപോലെ തീര്‍ഥാടന കേന്ദ്രമായി കാണുന്ന സംസ്ഥാനത്തെ പ്രശസ്തമായ ആരാധനാലയമാണ് ബാബാ ബുദാന്‍ ദര്‍ഗ. ദര്‍ഗയുടെ മതപരമായ സ്വഭാവത്തെയും ഭരണപരമായ രീതികളെയും കുറിച്ച് മുന്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ ആരോപണങ്ങള്‍ തന്നെ ഇപ്പോഴത്തെ സര്‍ക്കാറും സുപ്രീം കോടതിയില്‍ ഉന്നയിച്ചിരിക്കുകയാണ്. ഇതിലൂടെ ദര്‍ഗയില്‍ ഹിന്ദു ആചാരങ്ങള്‍ നടത്താനും ഒരു തന്ത്രിയെ നിയമിക്കാനുമാണ് സര്‍ക്കാരും തീവ്ര ഹിന്ദുത്വവാദികളും ലക്ഷ്യമിടുന്നതെന്ന് വിമര്‍ശങ്ങള്‍ ഉയരുന്നുണ്ട്.

Content Highlight: Karnataka government accepts Hindu extremists’ claim over Baba Budhan Dargah