Advertisement
national news
ഒരു തുള്ളി വെള്ളം പോലും നല്‍കില്ല; സിന്ധുവിലെ ജലത്തിന്റെ ഒഴുക്ക് തടയാന്‍ മൂന്ന് ഘട്ട പദ്ധതിക്ക് രൂപം നല്‍കുമെന്ന് ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
3 days ago
Friday, 25th April 2025, 10:33 pm

ന്യൂദല്‍ഹി: പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ നിര്‍ത്തിവെച്ചതിന് പിന്നാലെ ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാന്‍ നല്‍കില്ലെന്ന് ഇന്ത്യ. ജലത്തിന്റെ ഒഴുക്ക് തടയാന്‍ മൂന്ന് ഘട്ട പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കൂടുതല്‍ വെള്ളം സംഭരിക്കുന്നതിനായി സിന്ധു നദീതട നദികളിലെ അണക്കെട്ടുകളുടെ ശേഷി വര്‍ധിപ്പിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

കരാര്‍ നിര്‍ത്തിവെച്ചതിനാല്‍ ഇനി പാകിസ്ഥാന്റെ അനുമതിയോ കൂടാതെ അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായതിന് പിന്നിലെ പാകിസ്ഥാന്റെ പങ്ക് മനസിലായതിന് പിന്നാലെ തന്നെ സിന്ധു നദീജല കരാര്‍ മരവിപ്പിക്കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. പിന്നാലെ ഇന്നലെയാണ് പാകിസ്ഥാന് വിജ്ഞാപനം നല്‍കിയത്.

ഉടമ്പടികളൊന്നും മാനിക്കാതെ ജമ്മി കശ്മീരിനെ കടന്നാക്രമിക്കാനുള്ള പാകിസ്ഥാന്റെ ഭീകരതയാണ് നമ്മള്‍ കണ്ടതെന്നും കത്തില്‍ പറയുന്നു. അതേസമയം സിന്ധു നദീജല കരാര്‍ നിര്‍ത്തിവെച്ചത് പാകിസ്ഥാനെ വലിയ തോതില്‍ ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ബന്ധം ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ 1960 ലെ സിന്ധു നദീജല കരാര്‍ ഇന്ത്യ ബുധനാഴ്ച താത്കാലികമായി നിര്‍ത്തിവയ്ക്കുകയും പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധങ്ങളും വിച്ഛേദിക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന്‍ പൗരന്മാരോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

പാക് പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തി വച്ച ഇന്ത്യ, വാഗ-അട്ടാരി ചെക്ക് പോസ്റ്റ് അടക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ ഒരാഴ്ചക്കുള്ളില്‍ പുറത്താക്കാനും ഇന്ത്യയുടെ ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും തീരുമാനിച്ചു.

ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വിസ പാകിസ്ഥാനും റദ്ദാക്കിയിരുന്നു. വ്യോമമേഖല അടച്ച പാകിസ്ഥാന്‍ ഷിംല അടക്കമുള്ള കരാറുകള്‍ അവസാനിപ്പിക്കുമെന്നും വാഗ അതിര്‍ത്തി അടയ്ക്കുമെന്നും ഇന്നലെ അറിയിച്ചിരുന്നു.

ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ വ്യാപാരവും നിര്‍ത്തിവെയ്ക്കുമെന്നും പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. ഇറാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും വരുന്ന ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വ്യാപാര-വിനിമയങ്ങളെല്ലാം നിര്‍ത്തലാക്കുമെന്നും പാകിസ്ഥാന്‍ തീരുമാനിച്ചിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരവാദി ആക്രമണമുണ്ടായത്. വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.

ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 25 വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരില്‍ ടൂറിസ്റ്റുകള്‍ക്ക് നേരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.

Content Highlight: Not even a drop of water will be given; India says it will formulate a three-phase plan to stop the flow of water in the Indus