2025 IPL
വെടിച്ചില്ല് തുടക്കവുമായി കൊല്‍ക്കത്ത, പവറില്ലാതെ ദല്‍ഹി; സീസണിലെ മോശം റെക്കോഡും തലയില്‍ വീണു!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 29, 02:56 pm
Tuesday, 29th April 2025, 8:26 pm

ഐ.പി.എല്ലില്‍ ഇന്ന് (ചൊവ്വ) നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സുനില്‍ നരെയ്‌നും റഹ്‌മാനുള്ള ഗുര്‍ബാസും ചേര്‍ന്ന് നല്‍കിയത്. മൂന്ന് ഓവര്‍ പൂര്‍ത്തിയായപ്പോഴാണ് കൊല്‍ക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത്. ടീം സ്‌കോര്‍ 48ല്‍ നില്‍ക്കവെ ഗുര്‍ബാസിനെയായിരുന്നു ടീമിന് നഷ്ടപ്പെട്ടത്. 12 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 26 റണ്‍സാണ് താരം നേടിയത്. മിച്ചല്‍ സ്റ്റാര്‍ക്കിനാണ് വിക്കറ്റ്.

നിലവില്‍ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. ഇതോടെ ഒരു മോശം റെക്കോഡും അക്‌സകര്‍ പട്ടേല്‍ നയിക്കുന്ന ദല്‍ഹിക്ക് ഏറ്റുവാങ്ങേണ്ടിവന്നിരിക്കുകയാണ്. 2025 സീസണില്‍ പവര്‍പ്ലേയില്‍ ദല്‍ഹി വിട്ടുകൊടുത്ത ഏറ്റവും മോശം റണ്‍സാണിത്.

കൊല്‍ക്കത്തയെ സംബന്ധിച്ചിടത്തോളം നിര്‍ണായക മത്സരമാണ് ഇന്ന് നടക്കുന്നത്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയം മാത്രമാണ് കൊല്‍ക്കത്തയ്ക്ക് നേടാന്‍ സാധിച്ചത്. എന്നാല്‍ ഇന്ന് വിജയിച്ചില്ലെങ്കില്‍ വരും മത്സരങ്ങളില്‍ പ്ലേ ഓഫില്‍ കടക്കാനുള്ള സാധ്യതകള്‍ ഏറെ കുറെ കൊല്‍ക്കത്തയ്ക്ക് നഷ്ടപ്പെടും. കൊല്‍ക്കത്ത നിരയില്‍ അനുകുല്‍ റോയിയെ എത്തിച്ചാണ് കൊല്‍ക്കത്ത ഇലവന്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ മറു ഭാഗത്ത് വിജയം സ്വന്തമാക്കി ഐ.പി.എല്‍ പോയിന്റ് ടേബിളില്‍ ഒന്നാമനാകാനാണ് ദല്‍ഹി നോട്ടമിടുന്നത്. നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് ആറ് വിജയം സ്വന്തമാക്കി മൂന്നാം സ്ഥാനത്താണ് ദല്‍ഹി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇലവന്‍

റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), അംഗ്കൃഷ് രഘുവംഷി, വെങ്കിടേഷ് അയ്യര്‍, റിങ്കു സിങ്, ആന്ദ്രെ റസല്‍, റോവ്മാന്‍ പവല്‍, അനുകുല്‍ റോയ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി

ദല്‍ഹി ക്യാപിറ്റല്‍സ് ഇലവന്‍

ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോരെല്‍ (വിക്കറ്റ് കീപ്പര്‍), കരുണ് നായര്‍, കെ.എല്‍. രാഹുല്‍, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ്, ദുഷ്മന്ത ചമീര, മുകേഷ് കുമാര്‍

 

Content Highlight: IPL 2025: Delhi Capitals conceded the most runs in the Powerplay of IPL 2025