Advertisement
national news
ഇന്ത്യ നിക്ഷേപത്തിന് വളക്കൂറുളള മണ്ണ്; അമേരിക്കന്‍ നിക്ഷേപകരെ രാജ്യത്തേക്ക്‌ക്ഷണിച്ച് ആര്‍.ബി.ഐ ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 29, 03:07 pm
Tuesday, 29th April 2025, 8:37 pm

വാഷിങ്ടണ്‍: അമേരിക്കന്‍ നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ആര്‍.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. വെള്ളിയാഴ്ച കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും യു.എസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറവും സംഘടിപ്പിച്ച യു.എസ്-ഇന്ത്യ സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മല്‍ഹോത്ര.

ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ ഇപ്പോഴും സ്ഥിരതയോടെയും വേഗതയോടെയും വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണെന്ന് മല്‍ഹോത്ര പറഞ്ഞു. മാത്രമല്ല ലോകത്ത് അനിശ്ചിതത്വം കൂടുന്ന സാഹചര്യമാണെങ്കിലും ഇന്ത്യ ഈ വര്‍ഷം 6.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തെ പല വികസിത സമ്പദ്‌വ്യവസ്ഥകളും ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയും ദുര്‍ബലമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യ ശക്തമായ വളര്‍ച്ചയും സ്ഥിരതയും കാണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദീര്‍ഘകാല മൂല്യവും വളര്‍ച്ചാ അവസരവും അന്വേഷിക്കുന്ന നിക്ഷേപകര്‍ക്ക് ഇന്ത്യ എളുപ്പത്തില്‍ തെരഞ്ഞെടുക്കാവുന്ന ഒരു രാജ്യമാണെന്ന് മല്‍ഹോത്ര പറഞ്ഞു.

‘പല വികസിത സമ്പദ്‌വ്യവസ്ഥകളും സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്ന സമയത്ത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് ശക്തമായ വളര്‍ച്ചയും സ്ഥിരതയുണ്ട്. ഇതുകൊണ്ടുതന്നെ ദീര്‍ഘകാല മൂല്യവും അവസരവും തേടുന്ന നിക്ഷേപകര്‍ക്ക് ഇന്ത്യ മികച്ച അവസരമാണ്,’ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.

കൂടാതെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ സ്ഥിരതയുള്ളതും വിശ്വസനീയവുമാണെന്നും അത് പണ, ധന, രാഷ്ട്രീയനയങ്ങളില്‍ സ്ഥിരത കാണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ എന്ന നിലയില്‍ ഇന്ത്യ നിക്ഷേപത്തിനുള്ള ഒരു ലക്ഷ്യസ്ഥാനം മാത്രമല്ല സമൃദ്ധിയുടെ പങ്കാളിയുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കും ലോകത്തിനും വേണ്ടി ഒരുമിച്ച് ചേര്‍ന്നൊരു ഭാവി രൂപപ്പെടുത്താനുള്ള വലിയൊരു അവസരം നമുക്കുണ്ടെന്നും ഇത് ഇന്ത്യയുടെ മാത്രം വികസനമല്ല മറിച്ച് മികച്ചൊരു ലോകം നിര്‍മിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ഇതില്‍ പങ്കാളിയാകാനും ഇന്ത്യയില്‍ നിക്ഷേപം നടത്താനും പുതിയ ആശയങ്ങളുമായി മുന്നോട്ട് വരാനും അദ്ദേഹം അമേരിക്കന്‍ നിക്ഷേപകരെ ക്ഷണിക്കുന്നുവെന്നും പറഞ്ഞു.

‘ഒന്നിച്ച് ഭാവി രൂപപ്പെടുത്താനുള്ള അവസരം നമുക്കുണ്ട്. ഇത് ഇന്ത്യക്ക് മാത്രമല്ല മെച്ചപ്പെട്ട ലോകത്തിനു കൂടി വേണ്ടിയാണ്. ഈ യാത്രയില്‍ പങ്കാളിയാകാനും സഹകരിക്കാനും നവീകരിക്കാനും ഇന്ത്യയില്‍ നിക്ഷേപിക്കാനും ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു,’ മല്‍ഹോത്ര വ്യക്തമാക്കി.

കൂടാതെ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ (2021-22 മുതല്‍ 2024-25 വരെ) ഇന്ത്യയുടെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് 8.2 ശതമാനം ആയെന്ന് അദ്ദേഹം പറഞ്ഞു.

‘ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഇപ്പോഴും തുടരുന്നു. കഴിഞ്ഞ ദശകത്തിലെ (2010 മുതല്‍ 2019 വരെ) ശരാശരി വളര്‍ച്ചാ നിരക്കായ 6.6 ശതമാനത്തില്‍ നിന്ന് ഇത് ഒരു പ്രധാന ചുവടുവയ്പ്പാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2047ല്‍ ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ച് 100 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തെ വികസിത സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മല്‍ഹോത്ര വ്യക്തമാക്കി. കൂടാതെ ഇന്ത്യയുടെ ഇപ്പോഴത്തെ വളര്‍ച്ചയില്‍ താന്‍ സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ നല്ല ലാഭവും മതിയായ മൂലധനവും ലിക്വിഡിറ്റിയും കൊണ്ട് ശക്തിപ്പെട്ടിരിക്കുന്നുവെന്നും ബാങ്കിങ് ഇതര ധനകാര്യ കമ്പനികള്‍ ശക്തമായി നിലകൊള്ളുകയാണന്നും അദ്ദേഹം പറഞ്ഞു.

ബാങ്ക് വായ്പാ വളര്‍ച്ച സമീപ മാസങ്ങളില്‍ മിതമായെങ്കിലും കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ശരാശരി 10.5 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏകദേശം 12 ശതമാനം വളര്‍ച്ചയോടെയാണ് മുന്നേറുന്നതെന്നും മല്‍ഹോത്ര വിശദീകരിച്ചു.

‘കാര്യക്ഷമതയും സ്ഥിരതയും ഉപയോഗിച്ച് ബാങ്കിങ് , ബാങ്കിങ് ഇതര ധനകാര്യ മേഖലകളുടെ ശേഷി, പ്രതികരണശേഷി, പ്രതിരോധശേഷി എന്നിവ കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. സമൂഹത്തിന്റെയും വ്യവസായത്തിന്റെയും നിക്ഷേപ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബാങ്കിങ് മേഖല സജ്ജമാണ്,’ അദ്ദേഹം പറഞ്ഞു.

കൂടാതെ ബഹിരാകാശം, സെമികണ്ടക്ടറുകള്‍, പുനരുപയോഗ ഊര്‍ജ്ജം, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള അവസരങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നും മല്‍ഹോത്ര കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല ആഗോള വിതരണ ശൃംഖലകളില്‍ ഇന്ത്യ ഒരു നിര്‍ണായക കണ്ണിയായി സ്ഥാനം പിടിക്കുന്നുണ്ടെന്നും പ്രാദേശിക മേഖലയെയും നിര്‍മ്മാണത്തെയും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ജനറേറ്റീവ് എ.ഐയില്‍ ഇത് ഒരു ആഗോള സാസ് നവീകരണ കേന്ദ്രമായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Content Highlight: India is a fertile ground for investment; RBI Governor invites American investors to the country