കോഴിക്കോട്: റാപ്പര്‍ വേടനെതിരായ വനംവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധക്കുറിപ്പുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഗുരുവായൂര്‍ അമ്പലനടയില്‍ ഒരു ദിവസം പോയി നിന്നാല്‍ പുലിനഖമാല ധരിച്ച കുറേപ്പേരെ കാണാന്‍ സാധിക്കുമെന്നും ഇവര്‍ക്കെല്ലാവര്‍ക്കും വന്യജീവി സംരക്ഷണ നിയമ പ്രകാരമുള്ള അനുമതി ലഭിച്ചിട്ടാണോ ഇതൊക്കെ കഴുത്തില്‍ ഇട്ടു നടക്കുന്നതെന്നും ഹരീഷ് വാസുദേവന്‍ ചോദിച്ചു. കേന്ദ്രസഹ മന്ത്രിയും നടനുമായ സുരേഷ് ഗോപി പുലിപല്ലിന്റെ ആകൃതിയിലുള്ള മാല ധരിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഹരീഷ് വാസുദേവന്റെ പരാമര്‍ശം.
വന്യജീനി സംരക്ഷണ നിയമ പ്രകാരമുള്ള അനുമതി ലഭിച്ചിട്ടാണോ കാശ് കൊടുത്ത് ഇതൊക്കെ ദേഹത്ത് ഇട്ടുകൊണ്ട് നടക്കുന്നതെന്നും ചുമ്മാതാണെങ്കിലും അതൊന്ന് അന്വേഷിക്കണമെന്നും ഹരീഷ് വാസുദേവന്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ ഓരോരുത്തരെയും പിടിച്ച് അകത്ത് ഇട്ടിട്ട് അവരൊക്കെ ജാമ്യമെടുത്ത് പുറത്ത് വരട്ടേയെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപിയുടെ സ്വര്‍ണ നിറത്തിലുള്ള പുലിപ്പല്ലിന്റെ മാല ചൂണ്ടിക്കാണിച്ച് ഇദ്ദേഹത്തിന്റെ ദേഹത്തുള്ള മാല നല്ല ഭംഗിയുണ്ട്, പുലി പല്ലാണോ അതോ ഡ്യൂപ്ലിക്കേറ്റ് ആണോ എന്നും സുരേഷ് ഗോപിയുടെ ചിത്രം പങ്കുവെച്ചു കൊണ്ട് ഹരീഷ് വാസുദേവന്‍ ചോദിക്കുന്നുണ്ട്.
‘ഗുരുവായൂര്‍ അമ്പലനടയില്‍ ഒരു ദിവസം പോയി നിന്നാല്‍ പുലിനഖമാല ധരിച്ച കുറേപ്പേരെ കാണാം. ഇതൊക്കെ ഒറിജിനലാണോ? എല്ലാവര്‍ക്കും Wildlife Protection Act പ്രകാരമുള്ള അനുമതി ലഭിച്ചിട്ടാണോ കാശ് കൊടുത്ത് മേടിച്ച് ഇതൊക്കെ ദേഹത്ത് ഇട്ടുകൊണ്ട് നടക്കുന്നത്? ചുമ്മാ ഒന്ന് അന്വേഷിച്ചാലോ? അന്വേഷണത്തിന്റെ ഭാഗമായി ഓരോരുത്തരെ പിടിച്ച് അകത്ത് ഇട്ടാലോ? ജാമ്യമൊക്കെ എടുത്ത് പുറത്ത് വരട്ടേ ന്നേ. ഇദ്ദേഹത്തിന്റെ ദേഹത്തുള്ള മാല നല്ല ഭംഗിയുണ്ട് – അങ്ങനെ വല്ലതുമാണോ?? അതോ ഡുപ്ലിക്കേറ്റ് ആണോ?,’ ഹരീഷ് വാസുദേവന്‍ ചോദിച്ചു.
അതേസമയം പുലിപ്പല്ല് കൈവശം വെച്ചുവെന്നാരോപിച്ച് വേടനെ രണ്ട് ദിവസത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പെരുമ്പാവൂര്‍ ജെ.എഫ്.സി.എം 3 കോടതിയുടെതാണ് നടപടി. തെളിവുകള്‍ ശേഖരിക്കാന്‍ കസ്റ്റഡിയില്‍ വേണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
ഇന്നലെയാണ് വേടന്റെ കൊച്ചിയിലെവൈറ്റിലയ്ക്കടുത്തുള്ള ഫ്ളാറ്റില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസ് വേടനെ കസ്റ്റഡിയിലെടുത്തത്. അഞ്ച് ഗ്രാം കഞ്ചാവ് ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയെന്നാണ് പൊലീസിന്റെ വിശദീകരണം. തൃപ്പൂണിത്തറ പൊലീസാണ് കഞ്ചാവ് പിടിച്ചെടുത്തത്. റെയ്ഡിന്റെ സമയത്ത്വേടന്റെ കൂടെ മറ്റ് ഒമ്പത് പേര്‍കൂടി ഫ്ളാറ്റില്‍ ഉണ്ടായിരുന്നു. ഇവരുടെ അറസ്റ്റ് പൊലീസ് പിന്നീട് രേഖപ്പെടുത്തി. കണ്ടെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ മറ്റ് ഒമ്പത് പേരേയും ജാമ്യത്തില്‍ വീട്ടെങ്കിലും പുലിപ്പല്ല് കൈവശം വെച്ചു എന്നാരോപിച്ച് വേടനെ വനംവകുപ്പിന് കൈമാറുകയായിരുന്നു.
Content Highlight: When walking along the Guruvayur Temple you see many people wearing tiger teeth necklaces; are they all licensed under the Wildlife Act?: Harish Vasudevan