ന്യൂദല്‍ഹി: ഭീകരവിരുദ്ധ പോരാട്ടത്തില്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്രം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര സുരക്ഷ യോഗത്തിലാണ് തീരുമാനം. ഭീകരരെ നേരിടാനുള്ള സമയവും രീതിയും ലക്ഷ്യവും സൈന്യത്തിന് തീരുമാനിക്കാമെന്ന് യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്, സംയുക്ത സേന മേധാവി അനില്‍ ചൗഹാന്‍ കര, വ്യോമ, നാവിക സേന മേധാവികളും ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ഡോവല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. അതിര്‍ത്തിയിലെ സാഹചര്യവും യോഗത്തില്‍ വിലയിരുത്തിയതായി റിപ്പോര്‍ട്ടുണ്ട്.
ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സൈന്യത്തിന് ഭീകരരെ നേരിടാന്‍ പൂര്‍ണ സ്വാതന്ത്ര്യം ഉന്നത തലയോഗം നല്‍കിയത്. ഭീകരതയ്ക്ക് കനത്ത തിരിച്ചടി നല്‍കുകയെന്നത് നമ്മുടെ ദേശത്തിന്റെ ദൃഢനിശ്ചയമാണെന്ന് യോഗത്തില്‍ പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ച് പറഞ്ഞതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
സേനയുടെ പ്രൊഫഷണലിസത്തില്‍ പൂര്‍ണ വിശ്വാസവും ആത്മവിശ്വാസവും പ്രകടിപ്പിച്ച മോദി പ്രത്യാക്രമണത്തിന്റെ രീതി, ലക്ഷ്യങ്ങള്‍, സമയം എന്നിവ തീരുമാനിക്കാന്‍ അവര്‍ക്ക് പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് നരേന്ദ്ര മോദി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഉറപ്പ് നല്‍കിയിരുന്നു. ജമ്മു കശ്മീരിന്റെ വളര്‍ച്ച തീവ്രവാദികള്‍ക്ക് ദഹിക്കുന്നില്ലെന്നും അവര്‍ വീണ്ടും കശ്മീരിനെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മന്‍ കി ബാത്തില്‍ സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
ആക്രമണത്തിന് ഉത്തരവാദികളായ ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും കണ്ടെത്തുമെന്ന് പ്രതിജ്ഞയെടുത്ത മോദി അവരുടെ ശിക്ഷ സങ്കല്‍പ്പത്തിനും അപ്പുറമായിരിക്കുമെന്നും പറഞ്ഞു. ജമ്മു കശ്മീരിലെ സമാധാനം തീവ്രവാദികള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും തീവ്രവാദികള്‍ കേന്ദ്രഭരണ പ്രദേശം നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഏപ്രില്‍ 22ന് നടന്ന ആക്രമണം വ്യക്തമാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Content Highlight: The central government has given complete freedom to the army in the fight against terrorism