Entertainment
അന്ന് ഫഹദ് ഫാസിലിനെ കണ്ടപ്പോള്‍ അദ്ദേഹത്തെ ഓര്‍മ വന്നു; തുടക്കത്തില്‍ ആ പ്രശ്‌നമുണ്ടായി: കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 25, 05:26 pm
Friday, 25th April 2025, 10:56 pm

കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ആദ്യമായി ഒരേ സ്‌ക്രീനില്‍ എത്തിയ ചിത്രമാണ് കഴിഞ്ഞ വര്‍ഷമിറങ്ങിയ ബോഗെയ്ന്‍വില്ല. ഇരുവരും 2017ല്‍ പുറത്തിറങ്ങിയ ടേക്ക് ഓഫ് എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു.

എന്നാല്‍ അതില്‍ രണ്ടുപേരും ഒരുമിച്ചുള്ള സീനുകള്‍ ഉണ്ടായിരുന്നില്ല. തനിക്ക് ഫഹദിനെ മുന്നില്‍ കാണുമ്പോള്‍ സംവിധായകന്‍ ഫാസിലിനെയാണ് ഓര്‍മ വന്നതെന്ന് പറയുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.

അങ്ങനെയുള്ള ചെറിയ പ്രശ്നം തനിക്ക് തുടക്കത്തില്‍ ഉണ്ടായിരുന്നെന്നും പിന്നെ കഥാപാത്രത്തിലേക്ക് കടന്നതോടെ കുഴപ്പമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍.

‘എനിക്ക് ഫഹദിനെ മുന്നില്‍ കാണുമ്പോഴൊക്കെ പാച്ചിക്കയെ ആയിരുന്നു ഓര്‍മ വന്നത്. വന്നുവന്ന് ഫഹദിനെയും പാച്ചിക്കയെയും തമ്മില്‍ തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലാണ് അവരുടെ ഫീച്ചേഴ്സ് വരുന്നത്.

അങ്ങനെയുള്ള ചെറിയ ഇഷ്യു എനിക്ക് തുടക്കത്തില്‍ ഉണ്ടായിരുന്നു. പിന്നെ ഒരു കഥാപാത്രത്തിലേക്ക് കടന്നു കഴിഞ്ഞതോടെ കുഴപ്പമില്ലായിരുന്നു. ആള് വേറെ ലൈനാണ്,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

ഭീഷ്മ പര്‍വം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമയാണ് ബോഗെയ്ന്‍വില്ല. ആ സിനിമയില്‍ ഫഹദിനൊപ്പം അഭിനയിച്ചതില്‍ സന്തോഷം തോന്നിയെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

‘ഞാന്‍ ആദ്യമായിട്ടാണ് ഫഹദിന്റെ കൂടെ അങ്ങനെയൊരു സ്‌ക്രീന്‍ സ്പേസ് ഷെയറ് ചെയ്തത്. ടേക്ക് ഓഫില്‍ ഞങ്ങള്‍ക്കൊരു പാസിങ് ഷോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അതില്‍ രണ്ടുപേര്‍ക്കും പരസ്പരം ഡയലോഗുകള്‍ ഉണ്ടായിരുന്നില്ല. പക്ഷെ ബോഗെയ്ന്‍വില്ല സിനിമയില്‍ വരുമ്പോള്‍ വേറെ തന്നെയൊരു ഹാപ്പിനസാണ്. ഒരേ നാട്ടുകാരാണ്, ഒരേ സിനിമാ ഫീല്‍ഡില്‍ നിന്ന് വരികയാണ്. ആ രീതിയില്‍ നോക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നിയിരുന്നു. നമ്മുടെ പ്രൊഡക്ഷന്‍ ബാനറായത് കൊണ്ട് കുറച്ചുകൂടെ സന്തോഷം തോന്നി,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.


Content Highlight: Actor Kunchacko Boban Talks About Fahadh Faasil